സുധീരന്‍ ഇടഞ്ഞുതന്നെ, എഐസിസി അംഗത്വവും രാജിവെച്ചു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th September 2021 09:54 AM  |  

Last Updated: 27th September 2021 10:04 AM  |   A+A-   |  

sudheeran

വി എം സുധീരൻ / ഫെയ്സ്ബുക്ക് ചിത്രം

 

തിരുവനന്തപുരം : കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ എഐസിസി അംഗത്വവും രാജിവെച്ചു. രാജിക്കത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് അയച്ചു കൊടുത്തു. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തോടുള്ള അതൃപ്തിയാണ് രാജിക്ക് കാരണം. 

സുധീരന്‍ ശനിയാഴ്ച കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നും രാജിവെച്ചിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ തിരുവനന്തപുരം ഗൗരീശ പട്ടത്തെ  വി എം സുധീരന്റെ വീട്ടിലെത്തി അനുനയിപ്പിക്കാന്‍ ശ്രമിച്ചിരുന്നു.

പുതിയ സാഹചര്യത്തില്‍ അനുനയ നീക്കം ഊര്‍ജ്ജിതമാക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിന്‍രെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഇന്ന് സുധീരനുമായി ചര്‍ച്ച നടത്തും. 

പാര്‍ട്ടി പുനഃസംഘടനയുമായി ബന്ധപ്പെട്ട് മുതിര്‍ന്ന നേതാക്കളുമായി വേണ്ടത്ര കൂടിയാലോചനകള്‍ നടക്കുന്നില്ലെന്നാണ് സുധീരന്റെ പരാതി. പതിറ്റാണ്ടുകള്‍ പാര്‍ട്ടിക്കായി ഉഴിഞ്ഞുവച്ച മുതിര്‍ന്ന നേതാക്കളെ വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോകണമെന്നാണ് ഹൈക്കമാന്‍ഡിന്റെ വികാരമെന്ന് താരീഖ് അന്‍വര്‍ കെപിസിസി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.