നക്‌സല്‍ പ്രസ്ഥാനങ്ങള്‍ അന്നത്തെ ശരിയായിരുന്നു:സന്തോഷ് ഏച്ചിക്കാനം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th September 2021 05:37 PM  |  

Last Updated: 27th September 2021 05:43 PM  |   A+A-   |  

SanthoshEchikkanam

സന്തോഷ് ഏച്ചിക്കാനം/ഫയല്‍

 

കൊച്ചി: കേരളത്തിലെ നക്‌സല്‍ പ്രസ്ഥാനത്തെ അതിന്റെ ചരിത്രപരതയില്‍ പരിശോധിക്കുമ്പോള്‍ അക്കാലത്തെ ശരിയായിരുന്നുയെന്ന് മനസ്സിലാക്കാന്‍ കഴിയുമെന്ന് കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനം. എസ്എസ്എഫ് കേരള സാഹിത്യോത്സവിന്റെ ഭാഗമായി നടന്ന കഥ കാലം കാഴ്ചപ്പാടുകള്‍ സെഷനില്‍ മുഹമ്മദലി കിനാലൂരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. 

നക്‌സല്‍ പ്രസ്ഥാനങ്ങളുടെ മാര്‍ഗം ശരിയായിരുന്നില്ലെങ്കിലും ലക്ഷ്യം നല്ലതായിരുന്നു. നിഷ്ഠൂര പ്രവൃത്തികള്‍ നടത്തിയിരുന്ന ജന്‍മികളോടും മറ്റുമുള്ള നക്‌സലുകളുടെ സമീപനം തെറ്റായിരുന്നുയെന്ന് പറയുന്നത് ഇന്നത്തെ സാഹചര്യത്തിലാണ്. എന്നാല്‍ അത് അന്നത്തെ കാലത്തെ ശരിയായിരുന്നു. ഇന്ന് നമ്മള്‍ വെച്ച് പുലര്‍ത്തുന്ന ഐഡിയോളജി നാളത്തെ തെറ്റാകാം അത് പോലെയാണ് നാം ഇതിനെയും കാണേണ്ടത്, അതുകൊണ്ട് നക്‌സല്‍ പ്രസ്ഥാനം പൂര്‍ണമായും തെറ്റെന്ന് പറയാന്‍ കഴിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതോടു കൂടി അതിനു വേണ്ടി രൂപീകരിക്കപ്പെട്ട കോണ്‍ഗ്രസിന്റെ ദൗത്യം കഴിഞ്ഞുയെന്ന് വിശ്വസിച്ചവരുണ്ടായിരുന്നു. അതുകൊണ്ടാണ് ഗാന്ധിജി തന്നെ കോണ്‍ഗ്രസ് പിരിച്ചുവിടാന്‍ പറഞ്ഞത്. അപ്പോഴും ചിലര്‍ കോണ്‍ഗ്രസിന്റെ ആവശ്യകത അവസാനിച്ചിട്ടില്ലെന്ന് പറഞ്ഞ് പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോയി. അതില്‍ തന്നെ ഒരു വിഭാഗം സ്വാതന്ത്ര്യം മാത്രമേ കിട്ടിയിട്ടുള്ളൂ കുടിയാന്‍മാരുടെയും, സാധാരണ തൊഴിലാളികളുടെയും പ്രശ്‌നങ്ങള്‍ പരിഹാരമില്ലാതെ തുടരുകയാണെന്ന് മനസ്സിലാക്കി അത് കോണ്‍ഗ്രസിന് പരിഹരിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് കമ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങള്‍ ഉണ്ടാക്കി. 

കമ്യൂണിസ്റ്റുകള്‍ക്കും സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞാണ് നക്‌സല്‍ പ്രസ്ഥാനങ്ങള്‍ വരുന്നത്. ജന്‍മി കുടിയാന്‍ പ്രശ്‌നങ്ങള്‍ കുറേയൊക്കെ കമ്യൂണിസ്റ്റുകള്‍ പരിഹരിച്ചുവെങ്കിലും ആദിവാസി പ്രശ്‌നങ്ങള്‍ അഡ്രസ് ചെയ്യാന്‍ അവര്‍ക്ക് സാധിച്ചില്ല. ആ വിടവിലേക്കാണ് നക്‌സല്‍ പ്രസ്ഥാനങ്ങള്‍ കടന്നുകയറിയത്. വര്‍ഗ ശത്രുവിനെ ഉന്‍മൂലനം ചെയ്താലാണ് സമാധാനം കൈവരിക എന്ന് വിശ്വസിച്ച ഈ ഐഡിയോളജി ഒരു രാഷ്ട്രീയ സ്വപ്നാടനമായിരുന്നു.

ഇന്നും നിഷ്ഠൂര പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരുണ്ട്. നിയമത്തിനെതിരാണെങ്കിലും ഇത്തരം അക്രമകാരികളെ ഉന്മൂലനം ചെയ്യണമെന്നാണ് ചില സാഹചര്യങ്ങളില്‍ തോന്നുകയെന്നും അദ്ദേഹം പറഞ്ഞു.