യുവതി മൂന്നുവയസ്സുള്ള ഇരട്ടക്കുട്ടികളെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th September 2021 08:03 PM  |  

Last Updated: 27th September 2021 08:03 PM  |   A+A-   |  

nadapuram

മരിച്ച കുട്ടികള്‍


നാദാപുരം: യുവതി ഇരട്ടക്കുട്ടികളെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തി. ശേഷം കിണറ്റില്‍ ചാടിയ യുവതിയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. പേരോട്ടെ മഞ്ഞനാംപുറത്ത് റഫീഖിന്റെ ഭാര്യ സുബീന മുംതാസാണ് (30) മൂന്നുവയസ്സുള്ള മുഹമ്മദ് റസ്‌വിന്‍, ഫാത്തിമ റൗഹ എന്നിവരെ കിണറ്റിലെറിഞ്ഞത്. ഇവര്‍ക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി പറയപ്പെടുന്നു. ഇവരെ പിന്നീട് നാദാപുരം പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. 

ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. വീടിനു പിറകുവശത്തെ ആള്‍താമസമില്ലാത്ത തറവാട്ടുവീട്ടിലെ കിണറ്റിലാണ് കുട്ടികളെ എറിഞ്ഞത്. മരണം ഉറപ്പാക്കി പത്തു മണിക്ക് വാണിമേലിലെ ബന്ധുവിനെ ഫോണിലൂടെ വിവരം അറിയിച്ചതിനുശേഷമാണ് ഇവര്‍ കിണറ്റില്‍ ചാടിയത്. ബന്ധു സുഹൃത്തിനെയും കൂട്ടി പേരോട്ടെത്തി വീട്ടുകാരെ വിവരം ധരിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പരിസരത്ത് നടത്തിയ അന്വേഷണത്തിനിടയിലാണ് സുബീനയുടെ കരച്ചില്‍ കിണറ്റില്‍നിന്ന് കേട്ടത്.

കിണറ്റിലെ മോട്ടോര്‍ പൈപ്പില്‍ പിടിച്ചുനില്‍ക്കുകയായിരുന്ന സുബീനയെ നാട്ടുകാരും സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സും ചേര്‍ന്ന് കരക്കുകയറ്റി. നാട്ടുകാരാണ് കുട്ടികളുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തത്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം കുട്ടികളുടെ മൃതദേഹം മുതാക്കര ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. സുബീനയെ നാദാപുരം താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി.