മൂഴിയാര്‍ ഡാമിന്റെ മൂന്നു ഷട്ടറുകള്‍ ഉയര്‍ത്തി ; പമ്പയില്‍ ജലനിരപ്പ് രണ്ടു മീറ്റര്‍ വരെ ഉയര്‍ന്നേക്കും ; ജാഗ്രതാ നിര്‍ദേശം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th September 2021 12:10 PM  |  

Last Updated: 27th September 2021 12:10 PM  |   A+A-   |  

Three shutters of the Moozhiyar Dam were raised

മൂഴിയാർ ഡാം /ഫയല്‍ ചിത്രം

 

പത്തനംതിട്ട : കനത്ത മഴയെത്തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ മൂഴിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. മൂന്ന് ഷട്ടറുകള്‍ 20 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. ഇതേത്തുടര്‍ന്ന് പമ്പയില്‍ ജലനിരപ്പ് രണ്ടു മീറ്റര്‍ വരെ ഉയരാനിടയുണ്ട്. നദീ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു. 

അപ്പര്‍ കുട്ടനാട്ടിലും മറ്റ് പടിഞ്ഞാറന്‍ മേഖലകളിലും താഴ്ന്ന പ്രദേശങ്ങളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്. 'ഗുലാബ് '  ചുഴലിക്കാറ്റ് കരയില്‍ കയറിയ ശേഷം ശക്തിപ്പെട്ട  മഴ ഇന്നും  കൂടി തുടരും. ന്യൂനമര്‍ദ്ദം വടക്ക് പടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങി കൊണ്ടിരിക്കുന്നതിനാല്‍ മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും മഴയുടെ ശക്തി കൂടുകയും തെക്കന്‍ കേരളത്തില്‍ മഴയുടെ ശക്തി രാത്രിയെ അപേക്ഷിച്ച് പതുക്കെ കുറയാനും സാധ്യതയുണ്ട്. 

40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍  സാധ്യതയുള്ളതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കുക. കഴിഞ്ഞ 24 മണിക്കൂറില്‍ മണ്ണീറ 19 സെ.മീ,  കരിപ്പാന്‍ തോട് 18 സെ.മീ, നീരാമകുളം 17 സെ.മീ , പത്തനംതിട്ട 15 സെ.മീ, മൂഴിയാര്‍, സീതത്തോട് 12 സെ.മീ, കോന്നി 11 സെ.മീ എന്നിങ്ങനെയാണ് മഴ രേഖപ്പെടുത്തിയിരിക്കുന്നത്. മണ്ണിടിച്ചില്‍ സാധ്യതാ മേഖലകളില്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.