മോന്‍സന്‍ ഒരു 'കില്ലാടി' തന്നെ; ഈഫല്‍ ടവര്‍ വിറ്റത് രണ്ടുതവണ;  ആ കഥ ഇങ്ങനെ

രണ്ടാമത്തെ കൂടിക്കാഴ്ചയില്‍ തന്നെ വലിയ ഒരു തുകയും കൊടുത്ത് ഈഫല്‍ ടവര്‍ സ്വന്തവുമാക്കി ,ഇനി തന്റെ പേരും പ്രശസ്തിയും നാടാകെ പരക്കും.
ഈഫല്‍ ടവര്‍ - മോന്‍സന്‍ മാവുങ്കല്‍
ഈഫല്‍ ടവര്‍ - മോന്‍സന്‍ മാവുങ്കല്‍


ലോകപ്രശസ്തമായ ഈഫല്‍ ഗോപുരം രണ്ടു തവണ 'വിറ്റു'കാശാക്കിയ ഒരാളുണ്ട്. പേര് വിക്ടര്‍ ലസ്റ്റിഗ്. പുരാവസ്തു വില്‍പനക്കാരനായി ചമഞ്ഞ് കോടികളുടെ തട്ടിപ്പുനടത്തിയ ചേര്‍ത്തല സ്വദേശി മോണ്‍സന്‍ മാവുങ്കലിന്റെ തട്ടിപ്പുകഥകളുടെ ചുരുളഴിയുമ്പോള്‍ ചരിത്രത്തില്‍ നടന്ന നടന്ന മറ്റൊരു വലിയ തട്ടിപ്പുകഥ ഫേസ്ബുക്ക് കുറിപ്പിലൂടെ ഓര്‍മിപ്പിക്കുകയാണ് മലയാളിയായ വിഷ്ണു പദ്മനാഭന്‍.

ഫ്രഞ്ച് സര്‍ക്കാര്‍ പ്രതിനിധിയായി സ്വയം പരിചയപ്പെടുത്തിയാണ് പാരീസ് നഗരത്തിന്റെ മുഖമുദ്രയായി അറിയപ്പെടുന്ന ഈഫല്‍ ഗോപുരം വിക്ടര്‍ ഏഴോളം പേര്‍ക്ക് വിറ്റത്! ഭീമമായ പരിപാലന ചെലവ് വഹിക്കാനാകാത്തതുകൊണ്ട് സര്‍ക്കാര്‍ ഗോപുരം വിറ്റൊഴിവാക്കുകയാണെന്നും ടവര്‍ പൊളിച്ചുമാറ്റി ഇരുമ്പ് വിറ്റ് കോടീശ്വരനാകാമെന്ന് മോഹിപ്പിച്ചുമായിരുന്നു ചെറുകിട വ്യാപാരികള്‍ക്ക് ഇയാള്‍ ഗോപുരം കച്ചവടമാക്കിയത്. എന്നാല്‍, കച്ചവടമുറപ്പിച്ച് പണവും നല്‍കിയ ശേഷം കാര്യം ഔദ്യോഗികമായി പരിശോധിച്ചപ്പോഴായിയിരുന്നു തങ്ങള്‍ കബളിപ്പിക്കപ്പെട്ട വിവരം ഇവര്‍ തിരിച്ചറിയുന്നത്.

കുറിപ്പിന്റെ പൂര്‍ണരൂപം


ലോക പ്രശസ്തമായ ,പാരീസ് നഗരത്തിന്റെ മുഖമുദ്രയായ ഈഫല്‍ ഗോപുരം ഫ്രഞ്ച് ഗവണ്മെന്റ് വില്‍ക്കാന്‍ പോകുന്നു ,അതും ഇരുമ്പ് വിലയ്ക്കു ! 
 പക്ഷെ ഇപ്പോഴല്ല 1925 - ല്‍ ആയിരുന്നു എന്നു മാത്രം . വര്‍ഷാവര്‍ഷമുള്ള ഈഫല്‍ ഗോപുരത്തിന്റെ ഭീമമായ പരിപാലന ചിലവ് താങ്ങാന്‍ കഴിയാതെയാണ് ഫ്രഞ്ച് ഗവണ്‍മ്മെന്റ് ഈ വിചിത്രമായ വില്പന നടത്തിയത് ,പാരീസ് നഗരവാസികളും ഈഫല്‍ ഗോപുരത്തിന്റെ ആരാധകരും പ്രതിഷേധമുയര്‍ത്തുമെന്നുള്ളതു കൊണ്ട് സംഗതി രഹസ്യമായിരുന്നു. ആന്ദ്രേ പോയ്‌സോണ്‍ എന്ന ചെറുകിട വ്യാപാരിയായിരുന്നു വന്‍ തുക മുടക്കി ഈഫല്‍ ഗോപുരം വാങ്ങിച്ചത് .ധാരാളം പൈസയുണ്ടെങ്കിലും ഒരു നല്ല ബിസിനസ്സുകാരനെന്ന പേരില്ല എന്ന സങ്കടമുള്ള ഒരു പ്രാഞ്ചിയേട്ടനായിരുന്നു ആന്ദ്രേ പോയ്‌സണ്‍ ,ഈഫല്‍ ഗോപുരം വാങ്ങിയാല്‍ പിന്നെ തന്റെ പേരും പ്രശസ്തിയും നാടാകെ പടരുമെന്നു അയാള്‍ കരുതി .ഗവണ്മെന്റ് ഈഫല്‍ ടവറൊക്കെ വില്‍ക്കുമോ ? ചെറിയ ഒരു സന്ദേഹമുണ്ടായിരുന്നത് ഗവണ്മെന്റ് പ്രതിനിധിയുമായുള്ള ആദ്യകൂടിക്കാഴ്ചയില്‍ തന്നെ അലിഞ്ഞില്ലാതായി .അത്രക്കുണ്ടായിരുന്നു ഗവണ്മെന്റ് പ്രതിനിധിയുടെ മൊത്തത്തിലുള്ള സെറ്റപ്പ് അത്യാഡംബര കാറായ ലിമോസിനില്‍ പ്രൌഡഗംഭീരമായ വസ്ത്രധാരണത്തോടെയുള്ള കുലീനനും മാന്യനുമായ ഒരാള്‍ .എന്തിനേറെ പറയുന്നു ആദ്യകൂടിക്കാഴ്ചയില്‍ തന്നെ ഇടപാടുറപ്പിച്ചു ,രണ്ടാമത്തെ കൂടിക്കാഴ്ചയില്‍ തന്നെ വലിയ ഒരു തുകയും കൊടുത്ത് ഈഫല്‍ ടവര്‍ സ്വന്തവുമാക്കി ,ഇനി തന്റെ പേരും പ്രശസ്തിയും നാടാകെ പരക്കും -ആന്ദ്രേ പോയ്‌സോണ്‍ അന്നു രാത്രി സന്തോഷം കൊണ്ട് ഉറങ്ങിയിട്ടുണ്ടാകില്ല .പിറ്റേ ദിവസം തന്റെ സ്വന്തം ഈഫല്‍ ടവര്‍ പൊളിച്ചാല്‍ എത്ര ടണ്‍ ഇരുമ്പു കിട്ടും എന്നൊക്കെയുള്ള ഒരവലോകനത്തിനു ഈഫല്‍ ടവറിലേക്കു പോയ ആന്ദ്രേ പോയ്‌സണ്‍ ഹൃദയസ്തംഭനം വന്നു മരിച്ചില്ലന്നെയുള്ളൂ .ഫ്രഞ്ച് ഗവണ്മെന്റ് അങ്ങനെയൊരു വില്പന നടത്തിയിട്ടില്ലത്രെ ,എന്തിനു അങ്ങനെയൊരു ആലോചന പോലുമുണ്ടായിട്ടില്ല . പോയത് പോയി ,ആന്ദ്രെ പോയ്‌സണ്‍ എന്തായാലും ആരോടും പരാതി പറഞ്ഞു ഉള്ള പേരു കളയാന്‍ നിന്നില്ല .
ഏതാനും മാസങ്ങള്‍ക്കു ശേഷം വീണ്ടും ഈഫല്‍ ടവര്‍ വില്പനക്കു വെച്ചു ,ഇത്തവണ 6 പേര്‍ക്കു ഒരുമിച്ചാണ് ഈഫല്‍ ഗോപുരം വിറ്റത് , അതിലൊരാള്‍ക്കു തോന്നിയ ഒരു സംശയം പരാതിയായി മാറി. അങ്ങനെയാണ് ഈഫല്‍ ടവര്‍ വില്‍ക്കുന്ന ആ ഗവണ്മെന്റ് ഒഫിഷ്യലായി വന്നയാളെ പോലീസ് നോട്ടമിട്ടത് . പക്ഷെ അയാള്‍ അവിടെ നിന്നും അല്‍ഭുതകരമായി വെട്ടിച്ചു കടന്നു കളഞ്ഞു - അദ്ദേഹമായിരുന്നു പിന്നീട് ഈഫല്‍ ടവര്‍ വിറ്റയാള്‍ എന്ന പേരില്‍ പ്രശസ്തനായ വിക്ടര്‍ ലസ്റ്റിഗ് . വിക്ടര്‍ ലസ്റ്റിഗിനു ഇത്തരം ഊടായ്പ്പ് തന്നെയാണ് സ്ഥിരം ജോലി .ഇതിനു മുമ്പ് നോട്ടടിക്കുന്ന ഒരു മെഷീന്‍ ഉണ്ടാക്കി കുറെ പേര്‍ക്കു വിറ്റ ആളാണ് വിക്ടര്‍ .ഒരു സാധാരണ പ്രിന്ററില്‍ ചില അഡ്ജസ്‌മെന്റൊക്കെ വരുത്തി സ്‌പെഷ്യല്‍ പ്രിന്റര്‍ ആക്കി മാറ്റി ഓരോ 6 മണിക്കൂറിലും 100 $ വരും ,വന്‍ വില കൊടുത്ത് ധനമോഹികളായ പലരും ഈ മെഷീന്‍ വാങ്ങി ആദ്യ പന്ത്രണ്ട് മണിക്കൂറില്‍ 2 തവണ 100 $ വന്നു ,പിന്നെയൊക്കെ വെറും ബ്ലാങ്ക് പേപ്പര്‍ ,ഈ 12 മണിക്കൂര്‍ തന്നെ ധാരാളമായിരുന്നു വിക്ടറിനു രക്ഷപ്പെടാന്‍ .
സാധാരണ ക്രൈമുകളില്‍ നിന്ന് വ്യത്യസ്ഥമായി    കോണ്‍ ആര്‍ട്ടിസ്റ്റുകളോട് ആളുകള്‍ക്ക് ഒരു മമത തോന്നും   ,കാരണം ഇവര്‍ പറ്റിക്കുന്നത് സമൂഹത്തിലെ ഏറ്റവും ഉന്നതരായ , അധികാരമുള്ള ,പദവിയുള്ള ,ധനികരായ ആളുകളെ ആണല്ലോ ,അത് കേള്‍ക്കുമ്പോഴുണ്ടാകുന്ന ഒരു മനസുഖം, ഒപ്പം ഇതിലെ കലാപരമായ വഞ്ചനയും രസമുള്ള സംഗതികള്‍ ആണല്ലോ .ഇത്തരം കഥകളെ Picaresque stories - tØb sIuie കഥകള്‍ - എന്നാണു പറയുക ,ഇതിനു ഭയങ്കര പോപ്പുലാരിറ്റി ഉണ്ട് . മലയാളത്തിലെ ആദ്യ ചെറുകഥ ആയ 'വാസനാ വികൃതി ' തന്നെ ഇത്തരമൊരു കഥയാണ് , വളരെ സ്വാഭാവികം അല്ലെ .!
. ഈ പരിപാടിയില്‍ ലെജെന്റുകള്‍ ആയ മലയാളികള്‍ ഉണ്ടായിട്ടുണ്ട്  ,ഇനിയും ഉണ്ടാകുകയും ചെയ്യും . 
22000 കോടി റിസര്‍വ് ബാങ്ക് ഇടപെട്ടു ബ്ലോക്ക് ചെയ്തിരിക്കുന്നു ,അത് റിലീസ് ചെയ്യിക്കാന്‍ വേണ്ടി പത്ത് കോടി രൂപ വിദ്യാസമ്പന്നരായ ആളുകളില്‍ നിന്ന്  വാങ്ങിച്ച മോന്‌സന്‍ ഒരു കില്ലാടി തന്നെ , അമേരിക്കയില്‍ ആണെങ്കില്‍ അയാളെ എഫ് ബി ഐ എടുത്തേനെ .
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com