പുതിയ നേതൃത്വത്തിന് തെറ്റായ ശൈലി; ഇങ്ങനെപോയാല്‍ തിരിച്ചടി: തുറന്നടിച്ച് സുധീരന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th September 2021 07:10 PM  |  

Last Updated: 27th September 2021 07:10 PM  |   A+A-   |  

sudheeran

വി എം സുധീരൻ / ഫെയ്സ്ബുക്ക് ചിത്രം


തിരുവനന്തപുരം: കെപിസിസി നേതൃത്വത്തിന് എതിരെ രൂക്ഷ വിമര്‍ശനവുമായി വി എം സുധീരന്‍. നേതൃത്വം  തെറ്റായ ശൈലിയിലാണ് നീങ്ങുന്നതെന്ന് അദ്ദേഹം തുറന്നടിച്ചു. കോണ്‍ഗ്രസിന്റെ നന്മയ്ക്ക് ചേരാത്ത ശൈലികള്‍ വന്നതുകൊണ്ടാണ് പ്രതികരിച്ചത്. തെറ്റായ നടപടികള്‍ ഹൈക്കമാന്‍ഡ് ഇടപെട്ട് തിരുത്തുമെന്നാണ് പ്രതീക്ഷ. ഉചിതമായ തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളെ കാണുവെയാണ് സുധീരന്റെ പ്രതികരണം.

എഐസിസി അംഗത്വം രാജിവച്ച തീരുമാനത്തില്‍ മാറ്റമില്ല. വലിയ പ്രതീക്ഷയോടെ ചുമതയേറ്റ നേതൃത്വം തെറ്റായ ശൈലിയും അനഭിലഷണീയമായ പ്രവര്‍ത്തനവുമാണ് നടത്തുന്നന്നത്. പ്രതീക്ഷിച്ച പോലെ നന്നായല്ല.  ഹൈക്കമാന്‍ഡിനോട് ഇതെല്ലാം പറഞ്ഞ് കത്ത് അയച്ചിരുന്നു. എന്നാല്‍ നടപടിയുണ്ടായില്ല. താരിഖ് അന്‍വര്‍ ചര്‍ച്ചയ്ക്ക് എത്തിയതില്‍ നന്ദിയറിയിച്ച സുധീരന്‍,  തെറ്റായ രീതി തിരുത്താനാവശ്യമായ നടപടി ഹൈക്കമാന്‍ഡില്‍ നിന്നും ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും കൂട്ടിച്ചേര്‍ത്തു. 

കോണ്‍ഗ്രസിനെ  ദുര്‍ബലപ്പെടുത്തുന്ന സാഹചര്യമുണ്ടാക്കരുത്. ഇപ്പോഴത്തെ നിലയില്‍ മുന്നോട്ട് പോയാല്‍ കോണ്‍ഗ്രസിന് തിരിച്ചടിയുണ്ടാകും. തെറ്റ് തിരുത്തല്‍ നടപടി ഹൈക്കമാന്‍ഡ് സ്വീകരിക്കണം. തന്റെ നിലപാടില്‍ മാറ്റമില്ലെന്നും തുടര്‍ നടപടി എങ്ങനെയാകുമെന്നും താന്‍ പറഞ്ഞ രീതിയില്‍ പരിഹാരമുണ്ടാകുമോ എന്നും ഉറ്റ് നോക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

രാജി പിന്‍വലിക്കില്ല. കേരളത്തിലെ പ്രശ്‌നങ്ങളില്‍ ഹൈക്കമാന്‍ഡ് ഇടപെടല്‍ കാത്തിരിക്കുകയാണ്. താന്‍ ഇന്നേവരെ ഒരു സ്ഥാനവും ആഗ്രഹിച്ചിട്ടില്ല. എഐസിസി പദവിയും ആഗ്രഹിച്ചിട്ടില്ല. അതിന് വേണ്ടിയല്ല ഇപ്പോള്‍ പ്രതികരിക്കുന്നത്.  പുനസംഘടനയില്‍ ആരുടെ പേരും പറഞ്ഞിട്ടില്ല. പട്ടിക പുറത്ത് വരുന്നത് വരെ ഒരു തരത്തിലുള്ള ചര്‍ച്ചയും നടന്നിട്ടില്ല. തന്നോട്ട് ചര്‍ച്ച ചെയ്തില്ലെന്നും പട്ടിക കൈമാറിയാലും ചര്‍ച്ച നടത്താമായിരുന്നല്ലോ എന്നും സുധീരന്‍ പ്രതികരിച്ചു.