മോഹന്‍ലാലിനെ പരിചയപ്പെടുത്തിയത് താനല്ല; മോന്‍സനുമായുള്ളത് അയല്‍ക്കാരനെന്ന ബന്ധം മാത്രം; വിശദീകരണവുമായി ബാല

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th September 2021 10:41 AM  |  

Last Updated: 28th September 2021 12:14 PM  |   A+A-   |  

monson_-_bala

ബാലയും മോന്‍സണും ചിത്രം ഫെയ്‌സ്ബുക്ക്‌

 

ചെന്നൈ:  മോന്‍സന്‍ മാവുങ്കലിന് മോഹന്‍ലാലിനെ പരിചയപ്പെടുത്തിയത് താനല്ലെന്ന് നടന്‍ ബാല. അയല്‍ക്കാരന്‍ എന്നുള്ള ബന്ധം മാത്രമാണ് മോന്‍സനുമായുള്ളത്. മോന്‍സനും ഡ്രൈവറും തമ്മിലുള്ള വഴക്ക് തീര്‍ക്കാനാണ് ഇടപെട്ടത്. അത് ഡ്രൈവറുടെ ഇടപെടല്‍ പ്രകാരമാണെന്നും ശമ്പളം നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമായിരുന്നു അതെന്നും ബാല പറഞ്ഞു.

നാല് മാസം മുന്‍പ് നടന്ന സംഭാഷണമാണ് ഇപ്പോള്‍ പുറത്തുവന്നത്. മോന്‍സന്‍ ചെയ്ത നല്ല കാര്യങ്ങള്‍ കണ്ട് സുഹൃത്തായി. മോന്‍സന്റെ തട്ടിപ്പുകളെ കുറിച്ച് അറിയില്ലായിരുന്നു. തട്ടിപ്പുകളെ കുറിച്ച് മലയാളികള്‍ക്ക് അറിയില്ലെങ്കില്‍ തമിഴ്നാട്ടില്‍ താമസിക്കുന്ന താന്‍ എങ്ങനെ അറിയുമെന്നും ബാല ചോദിക്കുന്നു

മോന്‍സനായി നടന്‍ ബാല മുമ്പ് ഇടപെട്ടതിന്റെ തെളിവായി ഫോണ്‍ സംഭാഷണം പുറത്ത് വന്നു. മോന്‍സന്റെ ഡ്രൈവറായിരുന്ന  അജിത് നല്‍കിയ പരാതി പിന്‍വലിക്കണമെന്നാണ് ബാല ആവശ്യപ്പെട്ടത്. എന്നാല്‍ മോന്‍സണ്‍ തനിക്കെതിരേ കള്ളക്കേസ് നല്‍കിയെന്നും പരാതി പിന്‍വലിക്കാന്‍ പറ്റില്ലെന്നും അജിത് വ്യക്തമാക്കുന്നുണ്ട്. കേസ് ഒഴിവാക്കാന്‍ താന്‍ ഇടപെടാം, മോന്‍സണെ കുറിച്ച് മോശമായി സംസാരിക്കേണ്ടെന്നും ബാല സംഭാഷണത്തില്‍ പറയുന്നു.

പത്ത് വര്‍ഷം പട്ടിയെപ്പോലെ പണിയെടുത്തതിനുള്ള പ്രതിഫലമായി തനിക്ക് നല്‍കിയ ബോണസ് കള്ളക്കേസുകളാണെന്ന് അജിത് ബാലയോട് പറയുന്നു. കേസ് പിന്‍വലിക്കണമെന്ന് ബാല ആവശ്യപ്പെടുമ്പോള്‍ അജിത് വിസമ്മതിക്കുന്നു.

ബാലയുടെ യൂട്യൂബ് ചാനലില്‍ മോണ്‍സണെ അഭിമുഖം ചെയ്തിട്ടുണ്ട്.  ബാലയുടെ അടുത്ത സുഹൃത്ത് കൂടിയാണ് മോണ്‍സണ്‍. ബാലയുടെ വിവാഹത്തിനടക്കം മോണ്‍സണ്‍ പങ്കെടുത്തിരുന്നു.