വിദ്യാര്‍ത്ഥികളെ സ്‌കൂളിലെത്തിക്കാന്‍ കെഎസ്ആര്‍ടിസി; സ്റ്റുഡന്റ് ബോണ്ട് സര്‍വീസ് ആരംഭിക്കും

വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയും ഗതാഗതമന്ത്രി ആന്റണി രാജുവും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: വിദ്യാര്‍ത്ഥികളെ സ്‌കൂളുകളിലെത്തിക്കാന്‍ കെഎസ്ആര്‍ടിസി സ്റ്റുഡന്റ് ബോണ്ട് സര്‍വിസ് ആരംഭിക്കാന്‍ തീരുമാനിച്ചു. വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയും ഗതാഗതമന്ത്രി ആന്റണി രാജുവും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം. ബോണ്ട് സര്‍വിസ് ആവശ്യമുള്ള സ്‌കൂളുകള്‍ അതത് കെഎസ്ആര്‍ടിസി ഡിപ്പോയുമായി ബന്ധപ്പെടണം.

സ്‌കൂളുകളുമായി ചര്‍ച്ച ചെയ്ത് നിരക്ക് തീരുമാനിക്കും. മറ്റ് വാഹനങ്ങളുടെ നിരക്കിനെക്കാള്‍ കുറവായിരിക്കും ബോണ്ട് സര്‍വിസുകള്‍ക്കെന്ന് മന്ത്രി ആന്റണി രാജു വ്യക്തമാക്കി. ദൂരത്തിനനുസരിച്ചാകും നിരക്കുകള്‍ തീരുമാനിക്കുക.

ഗതാഗത വകുപ്പ് തയാറാക്കിയ യാത്രാ പ്രോട്ടോകോള്‍ നിര്‍ദേശങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് സ്‌കൂളുകള്‍ക്ക് കൈമാറും. നിലവിലെ വിദ്യാര്‍ത്ഥി കണ്‍സെഷന്‍ അതേപടി തുടരും. ഒക്ടോബര്‍ 20ന് മുമ്പ് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ സ്‌കൂളുകളിലെത്തി ബസുകളുടെ ക്ഷമത പരിശോധിച്ച് ട്രാവല്‍ പ്രോേട്ടാകോള്‍ അനുസരിച്ച ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. 

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ക്ക് 2020 ഒക്ടോബര്‍ മുതല്‍ 2021 സെപ്റ്റംബര്‍ വരെയുള്ള റോഡ് നികുതി ഒഴിവാക്കണമെന്ന് സര്‍ക്കാറിനോട് ഗതാഗതവകുപ്പ് ആവശ്യപ്പെടും. ബോണ്ട് സര്‍വിസില്‍ കണ്‍സഷന്‍ നിരക്കില്‍ കുട്ടികളെ കൊണ്ടുപോകാനാകില്ലെന്നും ചോദ്യങ്ങള്‍ക്ക് മറുപടിയായി മന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com