ജാമ്യാപേക്ഷ തള്ളി; മോന്‍സന്‍ മൂന്ന് ദിവസം ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍; മതിയായ ചികിത്സ നല്‍കണമെന്ന് കോടതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th September 2021 04:44 PM  |  

Last Updated: 28th September 2021 04:44 PM  |   A+A-   |  

monson

മോന്‍സന്‍ / ഫെയ്‌സ്ബുക്ക് ചിത്രം

 

കൊച്ചി: സാമ്പത്തിക തട്ടിപ്പുകേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലിനെ മൂന്ന് ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. എറണാകുളം അഡീഷണല്‍ സിജെഎം കോടതിയാണ് കസ്റ്റഡിയില്‍ വിട്ടത്. ഇയാള്‍ക്ക് മതിയായ ചികിത്സകള്‍ നല്‍കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.

അഞ്ച് ദിവസത്തേക്കാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്. എച്ച്എസ്ബിസി ബാങ്കിന്റെ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയാണ് പ്രതി തട്ടിപ്പ് നടത്തിയതെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. വ്യാജ അക്കൗണ്ട് എങ്ങനെ ഉണ്ടാക്കി, ഇതിനായി ഉപയോഗിച്ച ഹാര്‍ഡ് വെയര്‍ എന്നിവ കണ്ടേത്തണ്ടതുണ്ട്. മോന്‍സന്റെ വീട്ടില്‍ നിന്ന് നിരവധി ഇലക്ടോണിക് ഉപകരങ്ങളും പിടിച്ചടുത്തിട്ടുണ്ട്. ഇവ പരിശോധിക്കണമെന്നും തട്ടിപ്പിന്റെ വ്യാപ്തി അറിയണമെങ്കില്‍ അഞ്ച് ദിവസമെങ്കിലും കസ്റ്റഡിയില്‍ വേണമെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. എന്നാല്‍ മൂന്ന് ദിവസത്തേക്കാണ് മോന്‍സനെ കോടതി ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടത്.

ഇന്ന് രാവിലെ പതിനൊന്ന് മണിക്കാണ് കേസ് പരിഗണനയ്ക്കായി വച്ചത്. എന്നാല്‍ വൈദ്യപരിശോധനയ്ക്കിടെ രക്തസമ്മര്‍ദ്ദം ഉയര്‍ന്നതിനാല്‍ മോന്‍സനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യനില വീണ്ടെടുത്തതിന് പിന്നാലെ വൈകീട്ട് നാല് മണിയോടെയാണ് മോന്‍സനെ കോടതിയില്‍ ഹാജരാക്കിയത്.