ജയിലിലേക്ക് തിരികെ പോകണം; പൊലീസ് ജീപ്പ് എറിഞ്ഞ് തകർത്ത് യുവാവ്! വീണ്ടും പിടിയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th September 2021 07:21 AM  |  

Last Updated: 28th September 2021 07:21 AM  |   A+A-   |  

Young man throws police jeep

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: ജയിലിലേക്ക് തിരികെ പോകാൻ വേണ്ടി യുവാവ് സ്റ്റേഷനു മുന്നിൽ കിടന്ന പൊലീസ് ജീപ്പ് എറിഞ്ഞു തകർത്തു. ഞായറാഴ്ച വൈകീട്ട് ആറ്റിങ്ങൽ സ്റ്റേഷന് മുന്നിലാണ് സംഭവം. അയിലം സ്വദേശി ബിജുവാണ്  (29) വാഹനം എറിഞ്ഞു തകർത്തത്. ഇയാള പൊലീസ് പിടികൂടി. കോടതി ഇയാളെ റിമാൻഡ് ചെയ്തു. 

ഇത് രണ്ടാം തവണയാണ് ബിജു സ്റ്റേഷനു മുന്നിൽ കിടക്കുന്ന ജീപ്പിന്റെ ചില്ലു തകർക്കുന്നത്. ആറ് മാസം മുൻപ് സമാനമായ രീതിയിൽ സ്റ്റേഷനു മുന്നിൽ പാർക്ക് ചെയ്തിരുന്ന പൊലീസ് ജീപ്പ് എറിഞ്ഞ് തകർത്ത ബിജുവിനെ പിടികൂടി ജയിലിൽ അടച്ചിരുന്നു.  ജയിൽ വാസം കഴിഞ്ഞ് പുറത്തിറങ്ങിയ ബിജു വീണ്ടും ജീപ്പ് എറിഞ്ഞു തകർക്കുകയായിരുന്നു. 

ജീപ്പിന്റെ പിൻഭാഗത്തെ ഗ്ലാസ് തകർന്നു. ജീപ്പിന്റെ ചില്ലു തകർത്ത ശേഷം സമീപത്തു നിന്ന ബിജുവിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ ജയിലിൽ പോകാൻ വേണ്ടിയാണ് താൻ ജീപ്പ് തകർത്തതെന്ന് ഇയാൾ വ്യക്തമാക്കി. 

ജയിലിൽ നിന്നു പുറത്തിറങ്ങിയ ശേഷം ജോലിയും ഭക്ഷണവും കിട്ടിയില്ല. ജീവിതം ദുസ്സഹമായി. അതിനാലാണ് വീണ്ടും ജയിലിൽ പോകാൻ തീരുമാനിച്ചതെന്ന് ബിജു പൊലീസിനോട് പറഞ്ഞു. ഇയാൾക്ക് മാനസിക അസ്വാസ്ഥ്യം ഉള്ളതായി സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കി.