കയറു പൊട്ടിച്ച് ഓടി പോത്തിന്റെ പരാക്രമം; കടയിലേക്ക് ഓടിക്കയറി യുവതിയെ തള്ളിയിട്ടു; നഗരത്തെ ഭീതിയിലാക്കിയത് മണിക്കൂറുകൾ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th September 2021 07:40 AM  |  

Last Updated: 28th September 2021 07:40 AM  |   A+A-   |  

buffalo

പ്രതീകാത്മക ചിത്രം

 

കൊച്ചി: കയറു പൊട്ടിച്ച് ഓടിയ പോത്ത് പറവൂർ നഗരത്തിൽ ഭീതി വിതച്ചത് മണിക്കൂറുകളോളം. ഞായറാഴ്ച ഉച്ചയ്ക്കു രണ്ട് മണിയോടെ മുനിസിപ്പൽ കവലയിൽ ആദം പ്ലാസ ഷോപ്പിങ് കോംപ്ലക്സിനു സമീപമാണ് പോത്തിന്റെ പരാക്രമം. 

യാത്രക്കാരെ പേടിപ്പിച്ചു വഴിയിലൂടെ ഓടി നടന്നാണ് പോത്ത് ഭീതി പരത്തിയത്. എസ്കെ ഹാർഡ്‌വെയേഴ്സ് എന്ന കടയിലേക്ക് ഓടിക്കയറി കടയുടമ കൃഷ്ണ റോജലിന്റെ ഭാര്യ രേഷ്മയെ തള്ളിയിട്ടു. രേഷ്മയുടെ കാൽമുട്ടിനു പരിക്കേറ്റു. 

വീണ്ടും റോഡിലേക്ക് ഇറങ്ങിയ പോത്ത് വഴിയിലൂടെ വരികയായിരുന്ന ഇരുചക്ര വാഹനം മറിച്ചിട്ടു. യാത്രക്കാരൻ ഓടി രക്ഷപ്പെട്ടു. തുടർന്നു ചന്തയുടെ ഭാഗത്തേക്ക് ഓടിപ്പോയി. 

മാഞ്ഞാലി ഭാഗത്തു നിന്നു കയറു പൊട്ടിച്ചു വന്ന പോത്താണെന്നു പറയപ്പെടുന്നു. ആരുടേതാണെന്നു വ്യക്തമല്ല. പൊലീസിനും  വിവരമൊന്നും ലഭിച്ചിട്ടില്ല.