'ശംഖുമുഖത്തെ ദുഃഖ മുഖമാക്കി; കണ്ണും മൂക്കും ഒരേസമയം പൊത്തേണ്ട അവസ്ഥ'- വിമർശിച്ച് നടൻ കൃഷ്ണകുമാർ

'ശംഖുമുഖത്തെ ദുഃഖ മുഖമാക്കി; കണ്ണും മൂക്കും ഒരേസമയം പൊത്തേണ്ട അവസ്ഥ'- വിമർശിച്ച് നടൻ കൃഷ്ണകുമാർ
ഫോട്ടോ: ഫെയ്സ്ബുക്ക്
ഫോട്ടോ: ഫെയ്സ്ബുക്ക്

തിരുവനന്തപുരം: ശംഖുമുഖം കടപ്പുറത്തിന്റെ ശോചനീയാവസ്ഥയ്ക്കെതിരെ രൂക്ഷ വിമർശനവുമായി നടൻ കൃഷ്ണകുമാർ. ശംഖുമുഖം കടപ്പുറത്തെ ദുഃഖമുഖമാക്കി മാറ്റിയത് ഇടതും വലതും മാറിമാറി ഭരിച്ചുമുടിച്ച രാഷ്ട്രീയനേതൃത്വങ്ങളാണെന്ന് കൃഷ്ണകുമാർ ആരോപിച്ചു. 

ചപ്പും ചവറും വിസർജ്യങ്ങളും നിറഞ്ഞ പരിസരങ്ങൾ കൊണ്ട് കണ്ണും മൂക്കും ഒരേസമയം പൊത്തേണ്ടിവരുന്ന അവസ്ഥയാണ് ഇവിടെയെന്നും സ്ഥലം സന്ദർശിച്ച ശേഷം അദ്ദേഹം പറഞ്ഞു. ശംഖുമുഖം കടപ്പുറത്ത് നിന്നു മക്കൾക്കൊപ്പമുള്ള പഴയകാല ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെ ന‍ടൻ പങ്കിട്ടു

കൃഷ്ണകുമാറിന്റെ കുറിപ്പ്

നമ്മൾ തിരുവനന്തപുരത്തുകാർക്ക് ശംഖുമുഖം വെറുമൊരു കടപ്പുറം മാത്രമല്ല. അത് കുട്ടിക്കാലം മുതലേയുള്ള ഒരു ശീലമാണ്. കാലാകാലങ്ങളായി നാനാദേശങ്ങളിൽ നിന്നും ജോലി സംബന്ധമായും അല്ലാതെയും നമ്മുടെ നഗരത്തിൽ വന്നുപോയവരും, (ഇഷ്ടപ്പെട്ട് ബാക്കിജീവിതം ഇവിടെത്തന്നെ തങ്ങാൻ തീർച്ചപ്പെടുത്തിയവരും), തിരക്കുകളിൽ നിന്ന് തെന്നിമാറാൻ തിരഞ്ഞെടുക്കുന്ന തീരം. ശ്രീപദ്മനാഭന്റെ ആറാട്ടുകടവ്, ബലിതർപ്പണങ്ങൾ നടക്കുന്ന പുണ്യഭൂമി, എല്ലാ മതസ്ഥരുടെയും വിശ്വാസങ്ങളും ചരിത്രവും ഉൾക്കൊള്ളുന്ന വിശാലത. പറഞ്ഞാലും പറഞ്ഞാലും തീരാത്തത്ര കഥകൾ! 

ഇന്ന് വീണ്ടും അവിടംവരെ പോയിരുന്നു. എല്ലാംകൊണ്ടും അവഗണിക്കപ്പെട്ടു കിടക്കുകയാണെന്നറിയാമെങ്കിലും ഇന്നവിടെ കണ്ട കാഴ്ചകൾ ദേഷ്യവും സങ്കടവും വർധിപ്പിച്ചതേയുള്ളൂ. പൊട്ടിത്തകർന്ന റോഡുകൾ, ചപ്പും ചവറും വിസർജ്യങ്ങളും നിറഞ്ഞ പരിസരങ്ങൾ, കണ്ണും മൂക്കും ഒരേസമയം പൊത്തേണ്ടിവരുന്ന നിസ്സഹായാവസ്ഥ...ഇതൊക്കെയാണ് ഇപ്പോഴത്തെ ഇവിടുത്തെ കാഴ്ചകൾ. ഒരു കലാകാരനെന്ന നിലയ്ക്ക് ഏറ്റവും വേദന തോന്നിയത് സപ്‌തസ്വരമണ്ഡപം കണ്ടപ്പോഴാണ്. പലർക്കും പ്രാഥമിക കൃത്യങ്ങൾ ചെയ്യാനൊരു മറ, അത്ര തന്നെ! പെട്ടെന്നോർമ്മ വന്നത് പണ്ടൊരു പ്രകൃതിദുരന്തത്തിൽ പ്രേതഭൂമിയായിപ്പോയ ധനുഷ്കോടിയിലെ ചില ദൃശ്യങ്ങളാണ്. ഇവിടെയിത് പക്ഷേ പ്രകൃതിദുരന്തമല്ല, രാഷ്ട്രീയ ദുരന്തമാണ്. ശംഖുമുഖത്തെ ഒരു ദുഃഖമുഖമാക്കിമാറ്റിയത് ഇടതും വലതും മാറിമാറി ഭരിച്ചുമുടിച്ച രാഷ്ട്രീയനേതൃത്വങ്ങളാണ്. അവരല്ലെങ്കിൽ പിന്നെ ഉത്തരവാദികളാരാണ്?

ലോക ടൂറിസം ദിനമാണത്രെ. അൽപദിവസങ്ങൾക്കു മുൻപ് സമൂഹമാധ്യമങ്ങളിൽ വൈറലായ ചില ചിത്രങ്ങളുണ്ട്. തിരുവനന്തപുരം 'രാജ്യാന്തര' വിമാനത്താവളത്തിലേക്ക് പെട്ടിയും സഞ്ചികളും തൂക്കി കടപ്പുറത്തിനരികെകൂടി വേഗത്തിൽ നടന്നുനീങ്ങുന്ന ചിലയാൾക്കാർ. റോഡുകളില്ല. ഈ ഫോട്ടോകൾ ശ്രദ്ധിക്കൂ, തിക്കും തിരക്കും തടസ്സങ്ങളും കാണൂ. ലോകത്തെവിടെയെങ്കിലുമൊരു വിമാനത്താവളത്തിന് ഇതുപോലൊരു ദുർഗ്ഗതിയുണ്ടാകുമോ? സംശയമാണ്. 

ഇങ്ങോട്ടേക്കാണ് നമ്മുടെ സർക്കാർ എല്ലാ രാജ്യക്കാരെയും നമ്മുടെ സംസ്ഥാനം കാണാൻ ക്ഷണിക്കുന്നത്. ഒന്നോർത്തുപോകുകകയാണ്,കൊച്ചിയിലോ കണ്ണൂരോ ആണെങ്കിൽ ഒരു വിമാനത്താവളത്തിന്  ഇതുപോലൊരു ദുസ്ഥിതി ഉണ്ടാകുമായിരുന്നോ? രാജ്യാന്തര ടൂറിസം നടക്കട്ടെ, പക്ഷേ ആയിരക്കണക്കായ തദ്ദേശവാസികളുടെ ഉപജീവനവും അതിജീവനവും ഇതേ വിനോദസഞ്ചാരമേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന സാമാന്യബോധം എന്തുകൊണ്ടാണിവിടുത്തെ ഭരണകൂടങ്ങൾക്കില്ലാതെ പോകുന്നത്? സാധാരണക്കാരൻ ആരോടാണ് പരാതിപ്പെടേണ്ടത്? 

ഈ മേഖലയിലെ മത്സ്യത്തൊഴിലാളി സഹോദരങ്ങൾ നട്ടം തിരിയുകയാണ്. അവരുടെ കൂട്ടികളും കുടുംബങ്ങളും തികഞ്ഞ പട്ടിണിയിലാണ്. സർക്കാരിന്റെ തികച്ചും അശാസ്ത്രീയവും ഏകപക്ഷീയവുമായ കോവിഡ് മാനേജ്‌മന്റ് തീരുമാനങ്ങൾ തകർത്തെറിഞ്ഞത് അനേകമനേകം ചെറുകിട വ്യാപാരികളെയും, വിനോദസഞ്ചാരികൾക്കു അവശ്യസാധനങ്ങൾ എത്തിച്ചു ഉപജീവനം നടത്തുന്ന ഒരുപിടി പാവപ്പെട്ടവരെയാണ്. ഈയവസ്ഥകൾക്കൊരു മാറ്റം വരാൻ നാമിനി എത്ര ദുരന്തങ്ങൾ കൂടി വന്നുപോകാൻ കാത്തിരിക്കണം? എത്ര നാൾ കൂടി? 

നിർത്തുകയാണ്. പക്ഷേ ഇവിടുത്തെ സ്ഥിതികൾ മെച്ചപ്പെടുത്താനും ജീവിതനിലവാരമുയർത്താനുമുള്ള എന്റെയും എന്റെ പാർട്ടിയുടെയും ശ്രമങ്ങൾ തുടരുകതന്നെ ചെയ്യും. രാജ്യാന്തര ഭൂപടത്തിൽ നമ്മുടെ നാടിനെ വീണ്ടും തലയുയർത്തി നിർത്താൻ വേണ്ട എല്ലാ ജോലികളും ചെയ്യും. നിശ്ചയിച്ചുറപ്പിച്ചതാണത്.

പിടിപ്പുകെട്ടതും പാപ്പരായിപ്പോയതുമായ ഈ സർക്കാർ  ലോക ടൂറിസം ദിനവും അഖിലേന്ത്യാ ഹർത്താലും ഒരേ സമയം നടത്തി വിഡ്ഢിവേഷം കെട്ടുമ്പോൾ നാമെന്തുചെയ്യണം? പരമാവധി മദ്യം വാങ്ങുക, വീട്ടിലിരുന്നു കുടിച്ചുതീർത്ത് സർക്കാരിന്റെ ദൈനംദിന ചെലവുകൾക്ക് കൈത്താങ്ങാകുക എന്നല്ലേ ഭരണകൂടം പറയാതെ പറയുന്നത്? എത്ര നാളിങ്ങനെ? എന്തിനൊരു സർക്കാർ ഇങ്ങനെ?

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com