ബെഹ്‌റയെ പരിചയപ്പെടുത്തി; എന്നെയും മുന്‍ ഡിജിപിയെയും തെറ്റിക്കാന്‍ അപവാദപ്രചരണം; ചില പൊലീസുകാര്‍ക്കും തട്ടിപ്പില്‍ പങ്ക്; മോന്‍സനെതിരെ അനിതയുടെ വെളിപ്പെടുത്തല്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th September 2021 10:29 PM  |  

Last Updated: 29th September 2021 10:29 PM  |   A+A-   |  

monson mavunkal

മോന്‍സന്‍ മാവുങ്കല്‍ / ചിത്രം : ഫെയ്‌സ്ബുക്ക്‌

 

കൊച്ചി: മോന്‍സന്‍ മാവുങ്കലിനെ മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് പരിചയപ്പെടുത്തിയത് താനാണെന്ന് അനിത പുല്ലയില്‍. പ്രവാസി മലയാളി ഫെഡറേഷന്‍ വനിതാ കോര്‍ഡിനേറ്ററാണ് അനിത പുല്ലയില്‍. സംഘടനയുടെ രക്ഷാധികാരി എന്ന നിലയിലാണ് ലോകനാഥ് ബെഹ്‌റയ്ക്ക് പരിചയപ്പെടുത്തിയത്. ബെഹ്‌റ മോന്‍സന്റെ മ്യൂസിയം സന്ദര്‍ശിച്ചത് തന്റെ ക്ഷണം സ്വീകരിച്ചെന്ന് അനിത പറഞ്ഞു. മോന്‍സന്‍ തട്ടിപ്പുകാരനാണെന്ന് പിന്നീട് ലോക്‌നാഥ് ബെഹ്‌റ പിന്നീട് മുന്നറിയിപ്പ് നല്‍കിയെന്നും അവര്‍ പറഞ്ഞു. 

തെറ്റായ രീതിയിലുള്ള പരിചയപ്പെടുത്തലായിരുന്നില്ല അതെന്ന് അനിത പറയുന്നു. സംഘടനയുടെ പേരിലാണ് അദ്ദേഹത്തെ പരിചയപ്പെടുത്തിയത്. മോന്‍സന്‍ ആളുകളെ സഹായിക്കുന്ന രീതി കണ്ടതിനെ തുടര്‍ന്നായിരുന്നു പരിചയപ്പെടുത്തിയത്. ഒരുപരാതിയുമായി ഡിജിപിയുടെ ഓഫീസില്‍ ചെന്ന സമയത്താണ് ആദ്യം മോന്‍സനെ പരിചയപ്പെടുത്തിയത്. പിന്നീട് എറണാകുളത്തെ ഒരു പരിപാടിയ്ക്കിടെ ഡിജിപിയോട് ആ മ്യൂസിയത്തെ പറ്റി പറയുകയും അവിടെ ഒന്ന് കയറാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ അന്നത്തെ ഡിജിപിയായ ലോക്‌നാഥ് ബഹ്‌റയും മനോജ് എബ്രാഹാമും അവിടെ സന്ദര്‍ശിക്കുകയായിരുന്നെന്നും അനിത പറഞ്ഞു

രണ്ടുവര്‍ഷം മുന്‍പാണ് മോന്‍സന്‍ തട്ടിപ്പുകാരനാണെന്ന് ബെഹ്‌റ മുന്നറിയിപ്പ് നല്‍കിയതെന്ന് അനിത പറഞ്ഞു. ചില പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇടപാടുകളില്‍ പങ്കുള്ളതായി അറിയാമെന്ന് അനിത. പരാതിക്കാരോട് മുഖ്യമന്ത്രിയുടെ ഓഫിസിനെ സമീപിക്കാന്‍ ഉപദേശിച്ചത് താനെന്ന് അനിത കൂട്ടിച്ചേര്‍ത്തു.  തന്നെയും മുന്‍ ഡിജിപിയെയും തെറ്റിക്കാന്‍ മോന്‍സന്‍ അപവാദപ്രചരണം നടത്തി. ഡിഐജി സുരേന്ദ്രന്റെ കുടുംബവുമായുള്ള ബന്ധം ഇല്ലാതാക്കിയത് മോന്‍സനാണെന്നും അനിത പറഞ്ഞു.