പൊലീസ് ഉദ്യോഗസ്ഥരെ പരിചയപ്പെടുത്തിയത് പ്രവാസി വനിത; മോന്‍സന്റെ ഇടപാടുകള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th September 2021 10:22 AM  |  

Last Updated: 29th September 2021 10:22 AM  |   A+A-   |  

monson

ഫെയ്‌സ്ബുക്ക് ചിത്രം

 

തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പിനു പിടിയിലായ മോണ്‍സന്‍ മാവുങ്കലിന്റെ ഇടപാടുകളെക്കുറിച്ച് അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച്‌
പ്രത്യേക സംഘം രൂപീകരിക്കാന്‍ ആലോചന. തട്ടിപ്പിനെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി വിപുലമായ പ്രത്യേക സംഘം രൂപവത്കരിക്കാനാണ് നീക്കം. ഇതു സംബന്ധിച്ച് ഇന്നലെ പൊലീസ് ആസ്ഥാനത്തു ചര്‍ച്ചകള്‍ നടന്നു.

അതിനിടെ, മോണ്‍സണെ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെ പരിചയപ്പെടുത്തിയതു പ്രവാസി മലയാളി വനിതയാണെന്ന വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മോന്‍സന്‍ തട്ടിപ്പുകാരനാണെന്ന കാര്യം അറിഞ്ഞുകൊണ്ടാണോ ഇവര്‍ ഒപ്പം നിന്നതെന്ന കാര്യം വ്യക്തമല്ല. മോന്‍സന്റെ തട്ടിപ്പിനെക്കുറിച്ചു വിവരം ലഭിച്ചതോടെ ഇവര്‍ സൗഹൃദം ഉപേക്ഷിച്ചെന്നും പരാതിക്കാര്‍ക്ക് ഒപ്പം നിന്നെന്നുമാണ് ഇതുവരെയുള്ള സൂചനകള്‍.

ക്രൈംബ്രാഞ്ച്‌നു ലഭിച്ച പരാതികളില്‍ ഈ സ്ത്രീയെക്കുറിച്ച് പരാതിക്കാരുടെ ഭാഗത്തോ സാക്ഷിയായിട്ടോ ആണ് സൂചിപ്പിക്കുന്നത്. എങ്കിലും ഇവരുടെ മറ്റു വിവരങ്ങള്‍ സംബന്ധിച്ച് പൊലീസ്  അന്വേഷിക്കുന്നുണ്ട്. നേരത്തേ പൊലീസ് ആസ്ഥാനത്ത് വന്നിട്ടുള്ള ഇവര്‍ക്ക് ഉയര്‍ന്ന പൊലീസ്   ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമുണ്ടെന്നാണു സൂചന.

പുരാവസ്തു വിറ്റ വകയില്‍ വന്‍ തുക തന്റെ അക്കൗണ്ടില്‍ എത്തിയിട്ടുണ്ടെന്ന് മോന്‍സന്‍ ഇടപാടുകാരെ ബോധ്യപ്പെടുത്തിയത് ഇല്ലാത്ത പട്ടേലിന്റെ പേരു പറഞ്ഞെന്നു അന്വേഷം ഉദ്യോഗസ്ഥര്‍ പറയുന്നു. ഡല്‍ഹിയിലെ അക്കൗണ്ടുകളില്‍ കുടുങ്ങിക്കിടക്കുന്ന പണം വിട്ടുകിട്ടാന്‍ തനിക്കുവേണ്ടി ഇടപെടുന്നതു ബിസിനസുകാരനായ പട്ടേലാണെന്നാണ് മോന്‍സന്‍ പരാതിക്കാരെ ധരിപ്പിച്ചത്.

'ഇപ്പോഴത്തെ ഡല്‍ഹി മുഖ്യമന്ത്രിയെ അധികാരത്തിലെത്തിക്കാന്‍ പണം മുടക്കിയതു മുഴുവന്‍ പട്ടേലാണ്. 1.75 ലക്ഷം രൂപ ദിവസ വാടകയുള്ള ഡല്‍ഹിയിലെ നക്ഷത്രഹോട്ടലിലാണ് 3 വര്‍ഷമായി പട്ടേലിന്റെ താമസം. പണം കണ്ടു മടുത്തയാളാണ്.' ഇങ്ങനെയൊക്കെയാണ് പട്ടേലിനെക്കുറിച്ച് മോന്‍സന്‍ ഇപ്പോള്‍ പരാതി നല്‍കിയവരോടു പറഞ്ഞത്.

പട്ടേല്‍ ഏതു നാട്ടുകാരന്‍ ആണെന്നൊന്നും ആര്‍ക്കും അറിയില്ല. ഇങ്ങനെയൊരു പട്ടേലിനെ ആരും കണ്ടിട്ടുമില്ല. പരാതിക്കാരനായ യാക്കൂബ് ഒരുതവണ നിര്‍ബന്ധം പിടിച്ചപ്പോള്‍ ഫോണില്‍ ചിത്രം കാണിച്ചുകൊടുത്തു. പരാതിക്കാര്‍ അവിശ്വാസം പ്രകടിപ്പിക്കുമ്പോഴെല്ലാം ഓരോ ഉന്നതരുടെ പേരുകള്‍ മോന്‍സന്‍ എടുത്തുപയോഗിച്ചതായി ക്രൈംബ്രാഞ്ച്‌ കണ്ടെത്തി.

ബിസിനസ് പങ്കാളിയായ തൃശൂരിലെ ധനകാര്യസ്ഥാപനമുടമ വഴി 6% പലിശയ്ക്ക് 10 കോടി രൂപയുടെ വായ്പ പരാതിക്കാര്‍ക്കു മോന്‍സന്‍ വാഗ്ദാനം ചെയ്തിരുന്നതായും വ്യക്തമായിട്ടുണ്ട്. നാലു കോടി നഷ്ടപ്പെട്ടതായി മുഖ്യമന്ത്രിക്കു പരാതി നല്‍കിയ കോഴിക്കോട് സ്വദേശി യാക്കൂബ് പുറായിലിനാണ് വായ്പ വാഗ്ദാനം ചെയ്തത്.

ഈ ധനകാര്യ സ്ഥാപനമുടമയുടെ തൃശൂരിലുള്ള കയറ്റുമതി ഏജന്‍സിയെ പുരാവസ്തുക്കള്‍ വില്‍ക്കാന്‍ ചുമതലപ്പെടുത്തി മോന്‍സന്‍ അധികാരപത്രം നല്‍കിയിരുന്നു.