മോന്‍സന്റെ വീട്ടിലെ ആനക്കൊമ്പ് നിര്‍മ്മിച്ചത് ഒട്ടകത്തിന്റെ എല്ലുകൊണ്ട് ?; ശില്പങ്ങള്‍ ചന്ദനത്തില്‍ തീര്‍ത്തതല്ലെന്ന് വനംവകുപ്പ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th September 2021 07:26 PM  |  

Last Updated: 29th September 2021 07:26 PM  |   A+A-   |  

monson_21

മോന്‍സന്‍ മാവുങ്കല്‍ ചിത്രം ഫെയ്‌സ്ബുക്ക്‌

 

കൊച്ചി : മോന്‍സന്‍ മാവുങ്കലിന്റെ വീട്ടിലുള്ള ആനക്കൊമ്പ് വ്യാജമെന്ന് വനംവകുപ്പ്. ഒട്ടകത്തിന്റെ എല്ലുകള്‍ ഉപയോഗിച്ച് നിര്‍മിച്ചതാണെന്നാണ് സംശയം. മോന്‍സന്റെ വീട്ടിലെ ശില്‍പങ്ങളൊന്നും ചന്ദനത്തില്‍ തീര്‍ത്തതല്ലെന്നും വനംവകുപ്പിന്റെ വിലയിരുത്തല്‍. മോന്‍സന്റെ വീടുകളില്‍ പൊലീസും വനംവകുപ്പും മോട്ടോര്‍വാഹന വകുപ്പും സംയുക്തപരിശോധന നടത്തി. 

ഒട്ടകത്തിന്റെ എല്ല് പോളിഷ് ചെയ്തതാണെന്ന് മോന്‍സന്‍ പൊലീസിനോട് വെളിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. ഈ ആനക്കൊമ്പ് രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്‌നോളജിയില്‍ അയച്ച് പരിശോധിക്കാനാണ് വനം വകുപ്പിന്റെ തീരുമാനം. കൂടാതെ, മോന്‍സന്റെ വീട്ടില്‍ നിന്നും ശംഖുകളും കണ്ടെടുത്തിട്ടുണ്ട്. 

ഇതും രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂയൂട്ടില്‍ അയച്ച് പരിശോധിക്കും. കോടനാടില്‍ നിന്നുള്ള വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ആനക്കൊമ്പ് വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയില്‍ മോന്‍സന്റെ പക്കലുള്ള വാഹനങ്ങളെല്ലാം കേരളത്തിന് വെളിയില്‍ രജിസ്റ്റര്‍ ചെയ്തവയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 

വാഹനങ്ങള്‍ മിക്കതും ഹരിയാന, മുംബൈ, ഡല്‍ഹി തുടങ്ങിയ രജിസ്‌ട്രേഷനുകളിലുള്ളതാണ്. ഇതെല്ലാം കേരളത്തില്‍ റീ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ, വാഹന നമ്പര്‍ യഥാര്‍ത്ഥമാണോ, ടാക്‌സ് സംബന്ധിച്ച് പ്രസ്‌നങ്ങളുണ്ടോ തുടങ്ങിയവയും മോട്ടോര്‍വാഹന വകുപ്പ് പരിശോധിച്ചു വരികയാണ്. ക്രൈംബ്രാഞ്ചും മോന്‍സന്റെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു.