'പിന്‍സീറ്റിലിരുന്ന കാര്‍ യാത്രക്കാരന്‍ ഹെല്‍മറ്റ് ധരിച്ചില്ല', 500 രൂപ പിഴയിട്ട് പൊലീസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th September 2021 09:10 AM  |  

Last Updated: 29th September 2021 09:10 AM  |   A+A-   |  

police checking in kerala

ഫയല്‍ ചിത്രം


തിരുവനന്തപുരം: പിൻസീറ്റിൽ ഇരുന്ന വ്യക്തി ഹെൽമറ്റ് ധരിച്ചില്ലെന്ന് കാണിച്ച് കാർ ഉടമയ്ക്ക് പൊലീസ് നോട്ടീസ്. കാറോടിക്കുമ്പോൾ ഹെൽമെറ്റ് വയ്ക്കണോ എന്ന് ചോദിച്ച് അന്തം വിട്ട് നിൽക്കുകയാണ് വെമ്പായം സ്വദേശി രജനി കാന്ത്. പിൻസീറ്റിൽ ഇരുന്ന ആൾ ഹെൽമറ്റ് ധരിക്കാതിരുന്നതിന് 500 രൂപയാണ് രജനികാന്തിന് പൊലീസ് ഫൈൻ അടിച്ചത്.

ഹെൽമെറ്റില്ലാത്തയാളെ പിൻസീറ്റിലിരുത്തി വാഹനമോടിച്ചതായി കൺട്രോൾ റൂമിൽ വാട്‌സാപ്പ് സന്ദേശം ലഭിച്ചെന്നും അതിനാൽ 500 രൂപ പിഴയൊടുക്കണമെന്നും അറിയിച്ചുകൊണ്ടാണ് രജികാന്തിന് പൊലീസ് നോട്ടീസ് ലഭിച്ചത്.  കെഎൽ21 എൽ 0147 എന്ന നമ്പരുള്ള കാറിന്റെ ഉടമയ്ക്കാണ് നോട്ടീസ് ലഭിച്ചത്.

ഈ മാസം എട്ടിന് ശ്രീകാര്യം ചെക്കാലമുക്ക് റോഡിൽ വെച്ചുള്ള നിയമലംഘനമെന്ന് ചൂണ്ടിക്കാണിച്ചാണ് നോട്ടീസ്. ഹെൽമെറ്റ് ധരിച്ചില്ല എന്ന കാരണത്തിനൊപ്പം കാറിന്റെ നമ്പറാണ് ചേർത്തിരിക്കുന്നത്. നോട്ടീസിൽ പറയുന്ന സമയം ഇയാൾ ഇതുവഴി കടന്നുപോയിട്ടുണ്ട്.  കൺട്രോൾ റൂമിൽ രജനീകാന്ത് പരാതി അറിയിച്ചപ്പോൾ 'ഡിജിറ്റൽ നമ്പർ മാറിപ്പോയതാണ്' എന്നായിരുന്നു മറുപടി. ഒടുവിൽ പിഴ ഒടുക്കേണ്ടെന്നും നോട്ടീസ് കീറി കളഞ്ഞേക്കാനും പോലീസ് തന്നെ പറയുന്നു.