മാലയില്ല, കാതിലുണ്ടായിരുന്നത് മുക്കുപണ്ടം, പദ്ധതി പൊളിഞ്ഞതോടെ ആരോഗ്യ പ്രവര്‍ത്തകയെ തട്ടിക്കൊണ്ടുപോകാന്‍ നീക്കം; ഒടുവിൽ പിടിയിൽ 

റോക്കി റോയി, നിശാന്ത് എന്നിവരാണ് പിടിയിലായത്
റോക്കി റോയി, നിശാന്ത്
റോക്കി റോയി, നിശാന്ത്

കൊല്ലം: ജോലികഴിഞ്ഞു മടങ്ങിയ ആരോഗ്യ പ്രവര്‍ത്തകയെ അടിച്ചുവീഴ്ത്തി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ പിടിയിൽ. കടയ്ക്കാവൂര്‍ സ്വദേശി റോക്കി റോയി, കഠിനംകുളം സ്വദേശി നിശാന്ത് എന്നിവരാണ് പിടിയിലായത്. ഇരുവരും സ്ഥിരമായി മാലപൊട്ടിക്കല്‍ കേസുകളില്‍ പ്രതികളാണ് പൊലീസ് പറഞ്ഞു. തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഇവർക്കെതിരെ കേസുകൾ നിലവിലുണ്ട്.  

ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നേഴ്സ് സുബിനയ്ക്കു (33) നേരെയായിരുന്നു ആക്രമണം. രാത്രി ജോലികഴിഞ്ഞിറങ്ങിയ സുബിന രണ്ടുപേര്‍ ബൈക്കില്‍ പിന്തുടരുന്നതു ശ്രദ്ധിച്ചിരുന്നു. യാത്രയ്ക്കിടെ ഭര്‍ത്താവ് നവാസിനെ ഇക്കാര്യം ഫോണിൽ വിളിച്ച് അറിയിക്കുകയും ചെയ്തു. വേഗത്തില്‍ വണ്ടിയോടിച്ചുപോകാന്‍ ശ്രമിക്കുന്നതിനിടെയാണ് അക്രമികള്‍ തലയ്ക്കടിച്ചുവീഴ്ത്തുന്നത്.  നവാസ് ഭാര്യയെ തിരക്കിയെത്തിയപ്പോഴേക്കും ആക്രമണത്തിന്റെ ഞെട്ടലില്‍ സംസാരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു സുബിന. തലയ്ക്കും കഴുത്തിലും മുറിവുണ്ടായിരുന്നു. 

തലയ്ക്ക് അടികൊണ്ട് നിയന്ത്രണംവിട്ട് സുബിനയുടെ സ്കൂട്ടർ വൈദ്യുതി പോസ്റ്റിലിടിച്ചു. കഴുത്തിൽ കുത്തിപ്പിടിച്ചു മാലയും കമ്മലും ആവശ്യപ്പെട്ടു. മാല  ഇല്ലായിരുന്നു, കാതിലുണ്ടായിരുന്നതു മുക്കുപണ്ടമാണ്. ഇത് കേട്ടതോടെ അക്രമികളില്‍ ഒരാള്‍ ബൈക്കില്‍ കയറിയിരുന്നു. സുബിനയെ ഇടയ്ക്കിരുത്തി ബൈക്ക് ഓടിച്ചുപോകാനായിരുന്നു തുടർന്നുള്ള നീക്കം. ഇത് മനസ്സിലാക്കിയ യുവതി അക്രമികളെ തള്ളിവീഴ്ത്തി സമീപത്തെ വീടിന്റെ ഗേറ്റിലടിച്ചു ബഹളംകൂട്ടി. വീട്ടുകാര്‍ പുറത്തിറങ്ങിയതും പൊലീസിന്റെ പട്രോളിങ് സംഘം ആ വഴി വരുന്നതും കണ്ടതോടെ അക്രമികള്‍ സ്ഥലംവിടുകയായിരുന്നു.

പ്രദേശത്തുനിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളെ ചുറ്റിപ്പറ്റിയായിരുന്നു അക്രമികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com