പറമ്പാണെന്ന് കരുതി കാർ പാർക്ക് ചെയ്തു, മുന്നോട്ടെടുത്തതും കുളത്തിലേക്ക് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th September 2021 08:31 AM  |  

Last Updated: 29th September 2021 08:31 AM  |   A+A-   |  

car_fell_on_pond

പ്രതീകാത്മക ചിത്രം/ ഫയൽ

 

കൊച്ചി: പറമ്പാണെന്നുകരുതി മുന്നോട്ടെടുത്തതും യാത്രക്കാരടക്കം കാർ കുളത്തിലേക്ക് വീണു. തൃപ്പൂണിത്തുറയിലുളേള  പോളക്കുളത്തിലേക്കാണ് രണ്ട് യാത്രികരടക്കം കാർ വീണത്. കടവന്ത്ര സ്വദേശി വേണുഗോപാൽ (56), തിരുവാങ്കുളം സ്വദേശി ബിനോയ് (54) എന്നിവരാണ് കുളത്തിൽ വീണത്. കാറിന്റെ ഡിക്കി ഭാഗം തുറക്കാൻ കഴിഞ്ഞതിനാൽ ഇരുവരും രക്ഷപെട്ടു. 

ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് സംഭ‌വം. കാർ നേരെ പാർക്ക്‌ ചെയ്യുന്നതിനിടെയാണ് കുളത്തിലേക്ക് വീണത്. കുളമാണെന്നറിയാതെ കാർ മുന്നോട്ടെടുത്തപ്പോഴായിരുന്നു അപകടം. വേണുഗോപാൽ ആയിരുന്നു ഈ സമയം കാർ ഓടിച്ചിരുന്നത്.  കുളത്തിൽ പുല്ല് വളർന്നു നിന്നിരുന്നതിനാൽ കാറിലിരുന്ന് നോക്കിയപ്പോൾ പറമ്പ് പോലെയാണ് തോന്നിയതെന്ന് വേണു​ഗോപാൽ പറഞ്ഞു. ഡിക്കി തുറക്കാൻ കഴിഞ്ഞതും ശബ്ദംകേട്ട് സമീപവാസികളടക്കം ഓടിക്കൂടിയതുകൊണ്ടും രക്ഷയായെന്ന് അദ്ദേഹം പറഞ്ഞു. 

നഗരസഭയുടേതാണ് വെള്ളം നിറഞ്ഞുകിടക്കുന്ന ഈ കുളം. കുളത്തിനരികിൽ സംരക്ഷണ ഭിത്തിയോ മറ്റ് സുരക്ഷാ ക്രമീകരണങ്ങളോ ഇല്ല. ഇതാണ് അപകടത്തിനിടയാക്കിയത്.