ദുര്‍മന്ത്രവാദം നടത്തിയെന്ന പേരില്‍ ദമ്പതികള്‍ക്ക് നേരെ ആസിഡ് ആക്രമണം; പ്രതിക്ക് 17 വര്‍ഷം തടവ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th September 2021 07:49 AM  |  

Last Updated: 30th September 2021 08:10 AM  |   A+A-   |  

kunjappan_acid_attack_kottayam1

ദമ്പതികള്‍ക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ സംഭവത്തിലെ പ്രതി കുഞ്ഞപ്പന്‍

 

കോട്ടയം:  അയൽവാസികളായ ദമ്പതികളെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതിക്ക് 17 വർഷം കഠിന തടവും 75,000 രൂപ പിഴയും വിധിച്ചു. വടയാർ കാളാശേരിൽ രവീന്ദ്രൻ (53), ഭാര്യ രാധാമണി (47) എന്നിവരുടെ ദേഹത്താണ് മുൻവൈരാഗ്യത്തെത്തുടർന്ന് ചാഴാച്ചേരിൽ കുഞ്ഞപ്പൻ (63)ആസിഡ് ഒഴിച്ചത്.

കോട്ടയം അഡീഷനൽ സെഷൻ കോടതി–രണ്ട് (സ്പെഷൽ) ജഡ്ജി ജോൺസൺ ജോൺ ആണ് ശിക്ഷ വിധിച്ചത്. കുഞ്ഞപ്പന്റെ ഭാര്യ പിണങ്ങിപ്പോയത് അയൽവാസിയായ രവീന്ദ്രന്റെ ദുർമന്ത്രവാദം കാരണമാണെന്ന് ആരോപിച്ചാണ് ആസിഡ് ആക്രമണം നടത്തിയത്. വധശ്രമത്തിനാണ് 10 വർഷം കഠിനതടവും 50,000 രൂപ പിഴയും  വിധിച്ചത്. ഈ പിഴ അടച്ചില്ലെങ്കിൽ 6 മാസം അധികതടവ് അനുഭവിക്കണം. 

ആക്രമണം നടത്തുക ലക്ഷ്യമിട്ട് രാത്രി വീട്ടിൽ അതിക്രമിച്ചു കയറിയതിനാണ് 7 വർഷം കഠിനതടവും 25,000 രൂപ പിഴയും വിധിച്ചത്. ഈ പിഴ തുക അടച്ചില്ലെങ്കിൽ 3 മാസം അധിക തടവ് അനുഭവിക്കണം. പിഴത്തുക പരുക്കേറ്റ രവീന്ദ്രനും രാധാമണിക്കും നഷ്ടപരിഹാരമായി നൽകണം.  2012 മാർച്ച് 9നാണ് സംഭവം നടന്നത്. 

നിർമാണം പൂർത്തിയാകാത്ത വീടായിരുന്നു ഇത്. പാളികൾ ഇല്ലാത്ത ജനലിനു സമീപം ഉറങ്ങുകയായിരുന്ന ഇരുവരുടെയും ദേഹത്തേക്ക് കുഞ്ഞപ്പൻ  ആസിഡ് ഒഴിക്കുകയായിരുന്നു. പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. മുഖത്തും നെ‍ഞ്ചിലും വയറ്റിലുമാണ് ആസിഡ് വീണത്. ഇരുവർക്കും ശരീരത്തിൽ 40 ശതമാനത്തിലധികം പൊള്ളലേറ്റു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇരുവരും മാസങ്ങളോളം ചികിത്സയിലായിരുന്നു. സംഭവത്തിനുശേഷം വർഷങ്ങളോളം കുഞ്ഞപ്പൻ ഒളിവിലായിരുന്നു.