അര്‍ദ്ധരാത്രിയില്‍ ഓട്ടോ മറിഞ്ഞു, വഴിയരികില്‍ ഉപേക്ഷിച്ച് ഡ്രൈവര്‍ കടന്നു; ചികിത്സ കിട്ടാതെ എട്ടുമണിക്കൂര്‍, യാത്രക്കാരന്‍ മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th September 2021 11:28 AM  |  

Last Updated: 30th September 2021 11:28 AM  |   A+A-   |  

Autorickshaw accident in kottayam

പ്രതീകാത്മക ചിത്രം

 

കോട്ടയം: അപകടത്തില്‍പ്പെട്ട് ചികിത്സ കിട്ടാതെ എട്ടുമണിക്കൂറോളം നേരം വഴിയില്‍ കിടന്നയാള്‍ മരിച്ചു. രാത്രി 12 മണിക്ക് ഓട്ടോ മറിഞ്ഞാണ് അപകടം ഉണ്ടായത്. രാവിലെ ഫയര്‍ഫോഴ്‌സ് എത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

ഏറ്റുമാനൂര്‍ സെന്‍ട്രല്‍ ജംഗ്ഷനിലാണ് സംഭവം. അപകടം കണ്ട നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി അതേ ഓട്ടോയില്‍ തന്നെ പരിക്കേറ്റയാളെ കിടത്തി. എന്നാല്‍ ആശുപത്രിയില്‍ എത്തിക്കുന്നതിന് പകരം പരിക്കേറ്റയാളെ വഴിയുലപേക്ഷിച്ച് ഓട്ടോറിക്ഷ ഡ്രൈവര്‍ കടന്നുകളയുകയായിരുന്നു. രാവിലെ എട്ടരയോടെ ഫയര്‍ഫോഴ്‌സ് എത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഓട്ടോറിക്ഷ ഡ്രൈവറെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറയുന്നു.

ഏറ്റുമാനൂര്‍ പൊലീസ് സ്റ്റേഷന് നൂറ് മീറ്ററിനുള്ളിലാണ് സംഭവം നടന്നത്. ഓട്ടോ മറിഞ്ഞത് കണ്ട് നാട്ടുകാര്‍ ഓടിക്കൂടുകയും യാത്രക്കാരനെ രക്ഷപ്പെടുത്തുന്നതും വീഡിയോയില്‍ വ്യക്തമാണ്. തുടര്‍ന്ന് അതേ ഓട്ടോയില്‍ തന്നെ കിടത്തി നാട്ടുകാര്‍ മടങ്ങി. എന്നാല്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിന് പകരം വഴിയരികില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. ഈസമയത്ത് പരിക്കേറ്റയാള്‍ വേദന കൊണ്ട് പുളയുന്നത് കാണാം. തുടര്‍ന്ന് രാവിലെ നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. എന്നാല്‍ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.