മറ്റ് സത്രീകളുമായി അടുപ്പം; മോന്‍സനെ കുടുക്കിയതിന് പിന്നില്‍ 'പ്രണയപ്പക'; പുതിയ വെളിപ്പെടുത്തല്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th September 2021 06:55 PM  |  

Last Updated: 30th September 2021 07:08 PM  |   A+A-   |  

Monson

മോൻസൻ

 

കൊച്ചി: മോന്‍സന്‍ മാവുങ്കലിനെ സംബന്ധിച്ച സത്യങ്ങള്‍ പുറത്തുവരാന്‍ കാരണം, വിദേശത്ത് നഴ്‌സുമാരുടെ റിക്രൂട്ടിങ് നടത്തിവന്ന മലയാളി വനിതയുമായുണ്ടായിരുന്ന അടുപ്പം തകര്‍ന്നതിനു പിന്നാലെയെന്നു സൂചന.മൂന്ന് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് മോന്‍സന്‍ വിവാഹിതനാണെന്നും മറ്റ് സ്ത്രീകളുമായി അടുപ്പമുണ്ടെന്നും യുവതി മനസിലാക്കിയത്. ഇതോടെ ഇവര്‍ മോന്‍സനെ  തകര്‍ക്കാനായി രംഗത്തെത്തുകയായിരുന്നെന്നാണ് വിവരം.

ലോക കേരള സഭാ പ്രവര്‍ത്തനങ്ങളില്‍ മലയാളി വനിതയ്‌ക്കൊപ്പം സജീവമായിരുന്നവരാണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയത്. വിദേശ വനിത ഇപ്പോള്‍ നടത്തുന്നത് സ്വയം വെള്ളപൂശാനുള്ള ശ്രമമാണെന്നും ഇവര്‍ പറയുന്നു.  ലോക കേരള സഭയില്‍ നേരത്തെ ഇവര്‍ക്കൊപ്പം മോന്‍സന്റെ സാന്നിധ്യമുണ്ടായിരുന്നതായും അന്ന് തന്നെ ഇക്കാര്യങ്ങള്‍ ചര്‍ച്ചയായിരുന്നെന്നും ഇവര്‍ പറയുന്നു. 

പരാതിക്കാരില്‍ ചിലര്‍ മോന്‍സന് പണം നല്‍കുന്നതിന് താന്‍ സാക്ഷിയാണെന്നാണ് മലയാളി വനിതയുടെ അവകാശവാദം. ഇത്രയും നാള്‍ ഇക്കാര്യം മൂടിവച്ച ശേഷം അകന്നപ്പോള്‍ കേസു കൊടുത്തവരെ ഫോണ്‍ വിളിച്ചു കൂട്ടുപിടിച്ചും മറ്റുമാണ് സ്വയം രക്ഷപെടാന്‍ ഇവര്‍ ശ്രമിക്കുന്നത്. തിരുവനന്തപുരത്ത് കഴിഞ്ഞ വര്‍ഷം ലോക കേരള സഭ നടക്കുമ്പോഴും ഇവര്‍ മോന്‍സനുമായി അടുപ്പത്തിലായിരുന്നു എന്നു വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.

ഡിജിപിയുള്‍പ്പടെ മുതിര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥരെ മോന്‍സനു പരിചയപ്പെടുത്തി നല്‍കിയത് ഈ വനിതയാണെന്നു സമ്മതിച്ചിട്ടുണ്ട്. ലോക കേരള സഭയുടെയും മറ്റും പേരിലുണ്ടാക്കിയ പൊലീസ് ബന്ധങ്ങള്‍ മോന്‍സനു തട്ടിപ്പു നടത്തുന്നതിന് അവസരം ഒരുക്കുകയായിരുന്നു എന്നാണ് ആക്ഷേപം.മോന്‍സനുമായി അടുപ്പമുള്ള സമയത്ത് കൊച്ചിയില്‍ മുതിര്‍ന്ന ഒരു ഉദ്യോഗസ്ഥനും ഒരു ഇന്‍സ്‌പെക്ടറും തമ്മിലുണ്ടായ പ്രശ്‌നത്തില്‍ ഇടനിലനിന്നത് ഒരു വനിതയാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. 

മോന്‍സനൊപ്പം താമസിക്കുന്നതിനിടെ മറ്റൊരു സ്ത്രീ കലഹവുമായി എത്തിയതോടെ കുണ്ടന്നൂരുള്ള ഹോട്ടലിലേയ്ക്കു താമസം മാറ്റുകയും പിന്നീട് മോന്‍സനുമായി അകന്നു വിദേശത്തേയ്ക്കു മടങ്ങുകയുമായിരുന്നെന്നു പറയുന്നു. വിദേശത്തെത്തിയ ശേഷം മോന്‍സനുമായി ബന്ധമുണ്ടെന്നു തിരിച്ചറിഞ്ഞ യുവതിയെ സമൂഹമാധ്യമങ്ങളിലൂടെ ഇവര്‍ അധിക്ഷേപിച്ചതായും ആരോപണമുണ്ട്.

മോന്‍സന് പാലാരിവട്ടം സ്വദേശിനിയുമായും ആലപ്പുഴ സ്വദേശിനിയുമായും ഉള്ള അടുപ്പം കണ്ടെത്തിയതോടെ ഇരുവരും അകന്നു. ഇതോടെ നാടുവിട്ട വനിത പിന്നീടു കേരളത്തിലേയ്ക്കു വന്നിട്ടില്ലെന്നും പറയുന്നു.