ആശ്രമത്തില്‍നിന്ന് കിട്ടിയതെന്നുപറഞ്ഞാണ് ഏല്‍പ്പിച്ചത്; തട്ടിക്കൊണ്ടുപോയ 5മാസം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th September 2021 09:08 PM  |  

Last Updated: 30th September 2021 09:08 PM  |   A+A-   |  

5-month-old baby abducted

പ്രതീകാത്മക ചിത്രം

 

ചെന്നൈ: പൊള്ളാച്ചി ആനമലയില്‍ നിന്നും തട്ടിക്കൊണ്ടുപോയ അഞ്ച് മാസം പ്രായമുളള പെണ്‍കുഞ്ഞിനെ കണ്ടുകിട്ടി. ആനമല സ്റ്റേഷന്‍ പരിധിയിലെ വീട്ടിലാണ് പ്രത്യേക അന്വേഷണ സംഘം കുഞ്ഞിനെ കണ്ടെത്തിയത്. ആശ്രമത്തില്‍ നിന്ന് കിട്ടിയതെന്നുപറഞ്ഞാണ് യുവാക്കള്‍ കുഞ്ഞിനെ ഏല്‍പ്പിച്ചതെന്ന് വീട്ടുകാര്‍ പറഞ്ഞു. തട്ടിയെടുത്തവര്‍ കുഞ്ഞിനെ വിറ്റതാണോയെന്ന് പൊലീസ് അന്വേഷിക്കുന്നു.

പൊള്ളാച്ചി ആനമലയില്‍ കുഞ്ഞിനെ യുവാവിനെ തട്ടിക്കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.ഗോത്ര ദമ്പതികളുടെ അഞ്ച് മാസം പ്രായമായ പെണ്‍കുഞ്ഞിനെയെയാണ് തട്ടിക്കൊണ്ടുപോയത്. ആനമലയില്‍ അമ്മയ്ക്ക് ചില്ലിചിക്കന്‍ വാങ്ങിക്കാന്‍ പണം കൊടുത്ത് അഞ്ചുമാസമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്. 

നഗരങ്ങള്‍ തോറും നടന്ന് പഴയ സാധനങ്ങള്‍ ശേഖരിച്ച് വില്‍ക്കുന്ന നാടോടികളാണ് കുഞ്ഞിന്റെ അച്ഛനും അമ്മയും. കുറച്ചുദിവസമായി ആനമലയിലെ പ്രവര്‍ത്തിക്കാത്ത പഴയ ബസ് സ്റ്റാന്‍ഡിലാണ് രണ്ടുപേരും താമസം. സംഭവദിവസം വൈകുന്നേരം കുഞ്ഞിനെയും കൂട്ടി സംഗീത തട്ടുകടയില്‍ പോയിരുന്നു. ഈ സമയം സ്ഥലത്ത് നിന്നിരുന്ന യുവാവ് സംഗീതയോട് ചില്ലിചിക്കന്‍ വേണോയെന്ന് ചോദിച്ച് പണം നല്‍കി കുഞ്ഞിനെ താലോലിക്കാനെന്ന മട്ടില്‍ വാങ്ങി.

അമ്മ ചില്ലിചിക്കന്‍ വാങ്ങാന്‍ ചെന്ന സമയം യുവാവ് കുഞ്ഞുമായി കടന്നുകളയുകയായിരുന്നു. തിരിച്ചുവന്ന അമ്മ കുട്ടിയെ കാണാതെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന്, ആനമല പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.