കോവിഡ് മരണം : നഷ്ടപരിഹാരത്തിന് അപേക്ഷ നല്‍കേണ്ടത് ജില്ലാ കലക്ടര്‍ക്ക് ; 50,000 രൂപ ധനസഹായം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th September 2021 09:15 AM  |  

Last Updated: 30th September 2021 09:15 AM  |   A+A-   |  

covid deaths

ഫയല്‍ ചിത്രം

 

തിരുവനന്തപുരം :  കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിനുള്ള നഷ്ടപരിഹാരം നിശ്ചയിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മാര്‍ഗരേഖ പുറത്തിറക്കി. കേന്ദ്രത്തിന്റെ പുതിയ മാര്‍ഗരേഖ അനുസരിച്ചാണ് സംസ്ഥാന സര്‍ക്കാരും ഗൈഡ്‌ലൈന്‍ പുറത്തിറക്കിയിട്ടുള്ളത്. 50,000 രൂപയാണ് ധനസഹായമായി ലഭിക്കുക. 

മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ രേഖകള്‍ സഹിതം ജില്ലാ കലക്ടര്‍ക്ക് അപേക്ഷ നല്‍കണം. ഈ സമിതി അപേക്ഷയില്‍ 30 ദിവസത്തിനകം തീരുമാനമെടുക്കും. ഒക്ടോബര്‍ 10 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.
 

കോവിഡ് മരണ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ജില്ലാതല സമിതി രൂപീകരിക്കും. ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള സമിതിയില്‍ എഡിഎം, ഡിഎംഒ, ഡിസ്ട്രിക് സര്‍വൈലന്‍സ് ടീം മെഡിക്കല്‍ ഓഫിസര്‍, മെഡിക്കല്‍ കോളജ് മെഡിസിന്‍ വിഭാഗം തലവന്‍, പൊതുജനാരോഗ്യ വിദഗ്ധന്‍ എന്നിവരാണ് മറ്റു അംഗങ്ങള്‍. 

കോവിഡ് പോസിറ്റിവായി 30 ദിവസത്തിനകം നടക്കുന്ന എല്ലാ മരണങ്ങളും കോവിഡ് മരണമായി കണക്കാക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം. കോവിഡ് പോസിറ്റീവായിരിക്കെ ആത്മഹത്യ ചെയ്തവരുടെ മരണവും കോവിഡ് മരണമായി കണക്കാക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.