വീട്ടില്‍ നിന്നു വലിയ മുഴക്കത്തോടെ അജ്ഞാതശബ്ദം; അമ്പരന്ന് നാട്ടുകാര്‍; വിദഗ്ധസംഘമെത്തി പരിശോധന

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th September 2021 03:43 PM  |  

Last Updated: 30th September 2021 03:43 PM  |   A+A-   |  

unknown_sound_house

വിദഗ്ധസംഘം വീട്ടിലെത്തി പരിശോധന നടത്തുന്നു /ടെലിവിഷന്‍ ചിത്രം

 

കോഴിക്കോട്: വീട്ടില്‍ നിന്നുയരുന്ന അജ്ഞാത ശബ്ദത്തെ തുടര്‍ന്ന് വിദഗ്ധസംഘമെത്തി പരിശോധന നടത്തി. കോഴിക്കോട് പോലൂര്‍ തെക്കെമാരാത്ത് ബിജുവിന്റെ വീട്ടില്‍ നിന്നാണ് രാത്രിയിലും പകലും അജ്ഞാത ശബ്ദമുയരുന്നത്. ഭൂമിക്കടിയിലെ മര്‍ദ വ്യത്യാസത്തിലെ വ്യതിയാനമാണ് ശബ്ദത്തിന് കാരമണമെന്നാണ് പ്രാഥമിക നിഗമനം. 

കേന്ദ്ര ഭൗമശാസ്ത്ര പഠന കേന്ദ്രത്തില്‍നിന്ന് വിരമിച്ച മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ഡോ. ജി ശങ്കറിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം വീട്ടിലും പരിസരത്തും പരിശോധന തുടങ്ങി. സമീപത്തെ വീട്ടിലെ കിണറുകള്‍, ചുമരിലെ വിള്ളലുകള്‍ തുടങ്ങിയവയെല്ലാം സംഘം പരിശോധിച്ചു. കഴിഞ്ഞ ദിവസം മന്ത്രി എകെ ശശീന്ദ്രനും വീട് സന്ദര്‍ശിച്ചിരുന്നു

സംസ്ഥാന എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്ററിലെ ഹസാര്‍ഡ് ആന്‍ഡ് റിസ്‌ക് അനലിസ്റ്റ് ജി.എസ്.പ്രദീപ്, ജിയോളജിസ്റ്റ്  എസ്.ആര്‍.അജിന്‍ എന്നിവരാണ് സംഘത്തിലെ മറ്റു അംഗങ്ങള്‍. റെസിസ്റ്റിവിറ്റി സ്റ്റഡീസ് പോലുള്ള വിശദമായ പഠനങ്ങള്‍ ആവശ്യമുണ്ടോ എന്നുള്ള കാര്യം സംഘം വിലയിരുത്തി മന്ത്രി കെ.രാജന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. 

മൂന്നാഴ്ച മുന്‍പാണ് വീട്ടില്‍നിന്ന് ശബ്ദം കേള്‍ക്കാന്‍ തുടങ്ങിയത്. കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ പകല്‍ സമയത്തും ശബ്ദം കേള്‍ക്കുന്നുണ്ട്. ഇന്നു രാവിലെയും മൂന്നു തവണ ശബ്ദമുണ്ടായി.