മോന്‍സനെതിരെ നാലാമത്തെ കേസ്; ചാനല്‍ ചെയര്‍മാനെന്ന പരാതിയിലും അന്വേഷണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th September 2021 02:56 PM  |  

Last Updated: 30th September 2021 02:56 PM  |   A+A-   |  

monson mavunkal

മോന്‍സന്‍ മാവുങ്കല്‍ / ചിത്രം : ഫെയ്‌സ്ബുക്ക്‌

 

കൊച്ചി: മോന്‍സന്‍ മാവുങ്കലിനെതിരെ നാല് കേസുകള്‍ റജിസ്റ്റര്‍ ചെയ്തുവെന്ന് ക്രൈംബ്രാഞ്ച്  എഡിജിപി എസ്.ശ്രീജിത്ത് പറഞ്ഞു.സംസ്‌കാര ചാനലിന്റെ പേരില്‍ നടത്തിയ തട്ടിപ്പിനാണ് നാലാമത്തെ കേസ് എടുത്തത്. ചാനല്‍ ചെയര്‍മാന്‍ എന്ന വ്യാജ അവകാശവാദം ഉന്നയിച്ച് തട്ടിപ്പിന് ശ്രമിച്ചുവെന്ന് കാണിച്ച് ചാനലിന്റെ ഉടമസ്ഥരാണ് പരാതി നല്‍കിയതെന്ന് ശ്രീജിത്ത് പറഞ്ഞു.

സാമ്പത്തിക തട്ടിപ്പുകള്‍ക്കും മ്യൂസിയത്തിലേക്ക് ശില്‍പ്പങ്ങള്‍ നര്‍മമ്മിച്ച് നല്‍കിയ ശില്‍പ്പിക്ക് പണം നല്‍കാതെ കബളിപ്പിച്ചതിനുമാണ് നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്തത്. തിരുവനന്തപുരത്തെ ശില്‍പ്പി നിര്‍മ്മിച്ച ശില്‍പ്പങ്ങള്‍ തിരിച്ചറിഞ്ഞു. അവ കണ്ടുകെട്ടും.  വ്യാജ ഡോക്ടറെന്ന പരാതിയിലും അന്വേഷണം നടത്തും. അതേസമയം, മോന്‍സനെ കൊച്ചി കലൂരിലെ വീട്ടിലെത്തിച്ച് ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പ് പൂര്‍ത്തിയാക്കി. 

പുരാവസ്തുവെന്ന് പറഞ്ഞതെല്ലാം കള്ളമാണെന്ന് മോന്‍സന്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു. പാസ്‌പോര്‍ട്ടില്ലാതെയാണ് പ്രവാസി സംഘടനാ രക്ഷാധികാരിയായതെന്നും ഇന്ത്യയ്ക്ക് പുറത്ത് ഇതുവരെ പോയിട്ടില്ലെന്നും 100 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു എന്ന് വെറുതെ പറഞ്ഞതാണെന്നും മോന്‍സന്‍ മൊഴി നല്‍കി.