60 കഴിഞ്ഞ പട്ടിക വര്‍ഗക്കാര്‍ക്ക് മുഖ്യമന്ത്രിയുടെ ഓണ സമ്മാനം; ആയിരം രൂപവീതം നല്‍കും

60,602 പേര്‍ക്കാണ് ഓണ സമ്മാനം നല്‍കുക
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on

തിരുവനന്തപുരം: 60 വയസ്സു കഴിഞ്ഞ പട്ടിക വര്‍ഗക്കാര്‍ക്ക് മുഖ്യമന്ത്രിയുടെ ഓണ സമ്മാനമായി 1,000രൂപ വീതം നല്‍കും.  60,602 പേര്‍ക്കാണ് ഓണ സമ്മാനം നല്‍കുക.  ഇതിനുള്ള ചെലവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 

ലൈഫ് പദ്ധതി പ്രകാരം വന്യജീവി സങ്കേതങ്ങളുടെ ഉള്ളിലും സങ്കേതങ്ങളോട് ചേര്‍ന്നുവരുന്ന പ്രദേശത്തും അതീവ ദുര്‍ഘട പ്രദേശത്തും വീട് വയ്ക്കുന്ന പട്ടികവര്‍ഗക്കാര്‍ക്ക് ധനസഹായം 6 ലക്ഷം രൂപയായി ഏകീകരിച്ച് ഉത്തരവിറക്കാനും മന്ത്രിസഭ തീരുമാനിച്ചു. 

മറ്റു തീരുമാനങ്ങള്‍

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ ജീവനക്കാര്‍ക്ക് 11ാം ശമ്പളപരിഷ്‌ക്കരണ ആനുകൂല്യങ്ങള്‍ അനുവദിക്കാന്‍ തീരുമാനിച്ചു. 

മുദ്രവില, രജിസ്‌ട്രേഷന്‍ ഫീസ് ഒഴിവാക്കും

കെഎസ്ആര്‍ടിസിയുടെ അടിയന്തര പ്രവര്‍ത്തന ചെലവുകള്‍ക്ക് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നെടുക്കുന്ന  50 കോടി രൂപയുടെ തുടര്‍വായ്പ കരാര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന്  മുദ്രവില, രജിസ്‌ട്രേഷന്‍ ഫീസ് എന്നീ ഇനങ്ങളില്‍  ആവശ്യമായ 350 ലക്ഷം രൂപ ഒഴിവാക്കാന്‍ തീരുമാനിച്ചു. 

ആശ്രിത നിയമനം

വനം-വന്യ ജീവി വകുപ്പില്‍ വടക്കാഞ്ചേരി റെയ്ഞ്ചിലെ പൂങ്ങോട്ട് ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയില്‍ കാട്ടുതീ അണയ്ക്കുന്നതിനിടയില്‍ മരണപ്പെട്ട വാച്ചര്‍മാരുടെ മക്കള്‍ക്ക് സര്‍ക്കാര്‍ സര്‍വ്വീസില്‍ നിയമനം നല്‍കാന്‍ തീരുമാനിച്ചു. എ കെ വേലായുധന്റെ മകന്‍ കെ വി സുധീഷിന് വാച്ചര്‍ തസതികയിലും വി എ ശങ്കരന്റെ മകന്‍ വി എസ് ശരത്തിന് ഓഫീസ് അറ്റന്റന്റ് തസ്തികയിലും വ്യവസ്ഥകള്‍ക്ക് വിധേയമായി സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ച് സ്ഥിരം നിയമനം നല്‍കും. 

ചിന്നാര്‍ വൈഡ്‌ലൈഫ് ഡിവിഷന് കീഴില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ ജോലി നോക്കവെ കാട്ടാനയുടെ അതിക്രമത്തില്‍ മരണപ്പെട്ട നാഗരാജിന്റെ ഭാര്യ ചിത്രാ ദേവിക്ക് വനം വകുപ്പിന് കീഴില്‍ വാച്ചര്‍ തസ്തികയില്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ച് സ്ഥിരം നിയമനം നല്‍കും. 

ഭരണാനുമതി

കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയുടെ നിലവിലുള്ള ഹോസ്റ്റല്‍ ബ്ലോക്കിന്റെ വിപുലീകരണത്തിന് 27 കോടി രൂപ അടങ്കല്‍ തുക കിഫ്ബി വഴി കണ്ടെത്തി എക്‌സിക്യൂട്ടീവ് ഇന്റര്‍നാഷണല്‍ ഹോസ്റ്റല്‍ ബ്ലോക്ക് നിര്‍മ്മിക്കുന്നതിന് ഭരണാനുമതി നല്‍കാന്‍ തീരുമാനിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com