"ഇവിടിരുന്നു കള്ളുകുടിച്ചാല്‍ പൊലീസ് വരുമോ?"; ചോദ്യം പൊലീസിനോട്; യുവാക്കള്‍ക്ക് പറ്റിയ അമളി; വീഡിയോ
By സമകാലിക മലയാളം ഡെസ്‌ക് | Published: 01st April 2022 03:04 PM |
Last Updated: 01st April 2022 03:04 PM | A+A A- |

പൊലീസ് പങ്കുവച്ച വീഡിയോ ദൃശ്യം
കോട്ടയം: പൊതുസ്ഥലങ്ങളില്‍ ലഹരി ഉപയോഗം കൂടിയതോടെ ഇത്തരക്കാരെ പിടികൂടുന്നതിനായി പൊലീസ് മഫ്തി വേഷത്തില്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇതൊന്നും വകവെക്കാതെയാണ് പലരുടെയും ലഹരി ഉപയോഗം. അതിനിടെയാണ് പൊതുസ്ഥലത്തുവച്ച് മദ്യപിക്കാനെത്തിയ രണ്ട് യുവാക്കള്‍ പിടിയിലായത്.
വ്യാഴാഴ്ച പാലാ മീനച്ചിലാര്‍ കടവിലെത്തിയപ്പോഴാണ് യുവാക്കള്‍ അവിടെ കണ്ട ആളുകളോട് ''ഇവിടിരുന്നു കള്ളുകുടിച്ചാല്‍ പൊലീസ് വരുമോയെന്ന്'' ചോദിച്ചത്. എന്നാല്‍ ചോദിച്ചത് പൊലീസുകാരോടാണെന്നത് മനസിലായത് പിന്നീടാണ്. യുവാക്കള്‍ക്ക് പറ്റിയ അമളി പാലാ പൊലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ ടോംസണ്‍ പീറ്റര്‍ സമൂഹമാധ്യമത്തില്‍ പങ്കുവയ്ക്കുകയും ചെയ്തു
മദ്യത്തിന്റെയും ലഹരിമരുന്നിന്റെയും റെയ്ഡിനായി സ്‌ക്വാഡുകാരുടെ കൂടെ പാലാ മീനച്ചിലാര്‍ കടവില്‍ മഫ്തി വേഷത്തില്‍ നിന്ന പാലാ പൊലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ ടോംസണ്‍ പീറ്റര്‍ കുരിയാലിമല എന്ന കെ.പി.ടോംസണിനോടായിരുന്നു യുവാക്കളുടെ ചോദ്യം. പൊതുസ്ഥലത്ത് മദ്യപിച്ചതിനുള്ള വകുപ്പു ചുമത്തി യുവാക്കള്‍ക്കെതിരെ പിന്നാലെ കേസെടുത്തു. പിന്നീട് യുവാക്കളെ വിട്ടയച്ചതായും പൊലീസ് പറഞ്ഞു.
'മീനച്ചിലാര്‍ തീരത്തിരുന്നു മദ്യപിച്ച ചിലരെ റെയ്ഡിന്റെ ഭാഗമായി പിടികൂടിയിരുന്നു. ഇവരെ റോഡിലേക്ക് എത്തിക്കുന്നത് വീക്ഷിച്ചുനിന്ന തന്നോടാണ് ആളറിയാതെ രണ്ടു പേര്‍ ഇവിടിരുന്നു കള്ളുകുടിച്ചാല്‍ പൊലീസ് വരുമോയെന്ന് ചോദിച്ചത്. മറുപടി കേള്‍ക്കാന്‍ നില്‍ക്കാതെ തീരത്തെ പടികളിറങ്ങിപ്പോയ ഇവര്‍ പടികളിലൊന്നില്‍ ഇരുന്ന് ബീയര്‍ കുപ്പി തുറക്കാന്‍ തുനിഞ്ഞതോടെയാണ് സ്‌ക്വാഡിലെ മറ്റ് അംഗങ്ങള്‍ യുവാക്കളെ പിടികൂടിയത്. ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെയുണ്ടായ രസകരമായ സംഭവമായതിനാലാണ് സമൂഹമാധ്യമത്തില്‍ പങ്കുവച്ചതെന്ന് അദ്ദേഹം പറഞ്ഞു
ഒരു വാര്‍ത്ത കൂടി
അവിശ്വസനീയം!; തന്നേക്കാള്‍ വലിപ്പമുള്ള മുയലിനെ ഒന്നോടെ വിഴുങ്ങി കടല്‍കാക്ക- വീഡിയോ