ഐഎൻടിയുസിയെ തള്ളിപ്പറഞ്ഞിട്ടില്ലെന്ന് വിഡി സതീശൻ; പിന്നിൽ കുത്തിത്തിരിപ്പ് സംഘങ്ങൾ

ഐഎൻടിയുസി കോണ്‍ഗ്രസ് പോഷകസംഘടനയല്ല എന്ന നിലപാട് തിരുത്തേണ്ടതില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.
വി ഡി സതീശന്‍ / ഫയല്‍
വി ഡി സതീശന്‍ / ഫയല്‍

കോട്ടയം: ഐഎൻടിയുസി കോണ്‍ഗ്രസ് പോഷകസംഘടനയല്ല എന്ന നിലപാട് തിരുത്തേണ്ടതില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒരു അവിഭാജ്യസംഘടനയാണ് ഐഎൻടിയുസി. അവിഭാജ്യസംഘടനയും പോഷകസംഘടനയും രണ്ടാണെന്നും സതീശൻ പറഞ്ഞു.

ഐഎൻടിയുസിയെ തളളിപ്പറഞ്ഞിട്ടില്ല. കുത്തിത്തിരിപ്പ് സംഘങ്ങളാണ് പ്രചാരണങ്ങള്‍ക്ക് പിന്നില്‍. ചങ്ങനാശേരിയിലെ പ്രകടനത്തില്‍ പാര്‍‌ട്ടി തീരുമാനമെടുക്കുമെന്നും  സതീശന്‍ പറഞ്ഞു. ഇക്കാര്യവുമായി ബന്ധപ്പെട്ട് ഐഎൻടിയുസി പ്രസിഡന്റ് ആർ.ചന്ദ്രശേഖരനുമായി സംസാരിച്ചിരുന്നതായും സതീശൻ പറഞ്ഞു. 

ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ പോഷകസംഘടനയല്ലെന്ന സതീശന്റെ പരാമർശത്തിനെതിരെ ചങ്ങനാശേരിയിൽ ഐഎന്‍ടിയുസി പ്രവര്‍ത്തകർ പരസ്യ പ്രതിഷേധവുമായി രം​ഗത്തെത്തിയിരുന്നു.  നൂറുകണക്കിനു പ്രവര്‍ത്തകരാണ് പ്രതിഷേധത്തില്‍ അണിനിരന്നത്. 

കേന്ദ്ര ട്രെയ്ഡ് യൂണിയനുകള്‍ നടത്തിയ ദേശീയ പണിമുടക്കിനോടുള്ള പ്രതികരണമെന്ന നിലയിലാണ് വിഡി സതീശന്‍ ഐഎന്‍ടിയുസിയുമായി
ബന്ധപ്പെട്ട പരാമര്‍ശം നടത്തിയത്. പണിമുടക്കിന്റെ ഭാഗമായി അക്രമം നടത്തിയവരില്‍ കോണ്‍ഗ്രസുകാരുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നും ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ലെന്നുമായിരുന്നു സതീശന്‍ പറഞ്ഞത്. വിയോജിപ്പ് ഐന്‍ടിയുസി നേതൃത്വത്തെ അറിയിക്കുമെന്നും സതീശന്‍ വ്യക്തമാക്കിയിരുന്നു.

സംസ്ഥാന വര്‍ക്കിങ് കമ്മിറ്റി അംഗം പിപി തോമസിന്റെ നേതൃത്വത്തിലാണ് നൂറു കണക്കിനു പ്രവര്‍ത്തകര്‍ സതീശന് എതിരായ പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തത്. സതീശന് എതിരെ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു. ഇക്കാലമത്രയും ഐഎന്‍ടിയുസി കോണ്‍ഗ്രസിനൊപ്പമാണെന്ന് തോമസ് പറഞ്ഞു. സതീശന്‍ തള്ളിപ്പറഞ്ഞത് അംഗീകരിക്കാനാവില്ല. പ്രതിപക്ഷ നേതാവ് പ്രസ്താവന പിന്‍വലിക്കണമെന്ന് തോമസ് ആവശ്യപ്പെട്ടു.

വിഡി സതീശന്‍ പറഞ്ഞത്

ദേശീയ തലത്തില്‍ ട്രെയ്ഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത പണിമുടക്കിന്റെ ഭാഗമായി കോണ്‍ഗ്രസുകാര്‍ അക്രമ സംഭവങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കില്‍ നടപടിയെടുക്കും. പണിമുടക്ക് കേരളത്തില്‍ ബന്ദിനും ഹര്‍ത്താലിനും സമാനമായി മാറി. 

പ്രതിഷേധത്തിന്റെ പേരില്‍ അക്രമം നടത്തുന്നതിനോട് യോജിക്കാനാവില്ല. കോണ്‍ഗ്രസുകാര്‍ അക്രമം നടത്തിയിട്ടുണ്ടെങ്കില്‍ നടപടിയെടുക്കും. ജനങ്ങളുടെ കരണത്തടിക്കാനും മുഖത്തു തുപ്പാനും ആര്‍ക്കും സ്വാതന്ത്ര്യമില്ല. ഇതാണോ നവകേരളമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.

മാധ്യമ സ്ഥാപനങ്ങള്‍ക്കു മുന്നിലെ സമരത്തോടു യോജിപ്പില്ല. ഇത് അസഹിഷ്ണുതയാണ്. ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ല. കോണ്‍ഗ്രസിന്റെ നിലപാട് അവരെ അറിയിക്കും.

ഈ വാര്‍ത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com