ആ ഭാഗ്യവാൻ ചോറ്റാനിക്കരയിൽ തന്നെ; ആറ് കോടി അടിച്ചത് തുണിക്കട ഉടമയ്ക്ക്
By സമകാലിക മലയാളം ഡെസ്‌ക് | Published: 01st April 2022 09:01 AM |
Last Updated: 01st April 2022 09:01 AM | A+A A- |

പ്രതീകാത്മക ചിത്രം
കൊച്ചി; സമ്മർ ബംപർ ലോട്ടറി ഒന്നാം സമ്മാനം അടിച്ച ആ ഭാഗ്യവാനെ തേടിയുള്ള ഓട്ടം നിർത്താം, ആള് ചോറ്റാനിക്കരയിൽ തന്നെയുണ്ട്. ചോറ്റാനിക്കര എരുവേലിയിലെ പൊന്നൂസ് ടെക്സ്റ്റൈൽസ് ഉടമ കെ.പി. റെജിയാണ് ഒന്നാം സമ്മാനമായ 6 കോടി അടിച്ചത്. നറുക്കെടുപ്പ് കഴിഞ്ഞു 10 ദിവസത്തിനു ശേഷമാണ് ഭാഗ്യവാനെ കണ്ടെത്തുന്നത്. ചോറ്റാനിക്കരയിൽ നിന്നു വിറ്റ ടിക്കറ്റിനാണ് ബംപർ അടിച്ചതെന്ന് നേരത്തെ അറിഞ്ഞിരുന്നെങ്കിലും ആർക്കാണ് അടിച്ചതെന്ന് അറിഞ്ഞിരുന്നില്ല.
ഒന്നാം സമ്മാനം താനെടുത്ത ലോട്ടറിക്കാണെന്ന് നറുക്കെടുപ്പ് നടന്ന് അടുത്ത ദിവസം തന്നെ റെജി അറിഞ്ഞിരുന്നു. കടയിലെത്തി പത്രം നോക്കിയാണ് ഫലം അറിഞ്ഞത്. ടിക്കറ്റ് യൂണിയൻ ബാങ്ക് മുളന്തുരുത്തി ശാഖയിൽ ഏൽപിച്ചു. അടുത്ത ദിവസം തന്നെ ബാങ്ക് ഉദ്യോഗസ്ഥനൊപ്പം തിരുവനന്തപുരത്തെത്തി ലോട്ടറി ഡയറക്ടറുടെ ഓഫിസിൽ ടിക്കറ്റ് ഏൽപിച്ചു. വീട്ടുകാരോട് മാത്രമാണ് ലോട്ടറി അടിച്ചതിനെക്കുറിച്ച് റെജി പറഞ്ഞത്. സ്വകാര്യത കണക്കിലെടുത്താണ് ആരോടും വിവരം പറയാതിരുന്നത് എന്നാണ് അദ്ദേഹം പറയുന്നത്.
പ്രവാസിയായിരുന്ന റെജി ജോലി ഉപേക്ഷിച്ച ശേഷം 18 വർഷമായി എരുവേലിയിൽ കട നടത്തുന്നു. ലഭിക്കുന്ന പണം ഉപയോഗിച്ചു ബാധ്യതകൾ തീർക്കുകയാണു പ്രഥമ ലക്ഷ്യമെന്നു റെജി പറഞ്ഞു. വൈദ്യുതി ബിൽ അടയ്ക്കാൻ ചോറ്റാനിക്കരയിൽ പോയപ്പോൾ കെഎസ്ഇബി ഓഫിസിനു മുന്നിൽ നിന്ന സ്ത്രീയിൽ നിന്നാണു ലോട്ടറി വാങ്ങിയത്. സുനിയാണു ഭാര്യ. വിദ്യാർഥികളായ റാണിമോൾ, ബേസിൽ എന്നിവർ മക്കളാണ്.