പരീക്ഷ നടക്കുന്നതിനിടെ ചോദ്യപേപ്പർ യൂട്യൂബിൽ; സഹകരണ വകുപ്പ് ജൂനിയർ ക്ലർക്ക് പരീക്ഷ ചോദ്യങ്ങൾ ചോർന്നെന്ന് പരാതി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd April 2022 06:20 PM  |  

Last Updated: 02nd April 2022 06:20 PM  |   A+A-   |  

question paper leaked

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: സഹകരണ പരീക്ഷാ ബോർഡ് നടത്തിയ സഹകരണ ബാങ്കുകളിലേക്കുള്ള ജൂനിയർ ക്ലർക്ക് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതായി പരാതി. പരീക്ഷ നടക്കുന്ന സമയം തന്നെ ചോദ്യങ്ങൾ യൂട്യൂബിൽ അപ് ലോഡ് ചെയ്‌തെന്നാണ് ആക്ഷേപം. പരീക്ഷയെഴുതിയ ഉദ്യോഗാർത്ഥികളാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. 

മാർച്ച് 27നാണ് പരീക്ഷ നടന്നത്. 93 കേന്ദ്രങ്ങളിൽ 2:30 മുതൽ 4:30 വരെയായിരുന്നു പരീക്ഷ. പക്ഷെ  3:30ക്കുതന്നെ ചോദ്യപേപ്പർ അപ് ലോഡ് ചെയ്തതായി ഉദ്യോഗാർത്ഥികൾ കണ്ടെത്തി. പ്രധാനപ്പെട്ട എല്ലാ ചോദ്യങ്ങളും യൂട്യൂബ് ചാനലിൽ വന്നെന്നാണ് ആരോപണം. പരീക്ഷയുടെ തലേദിവസം പണം വാങ്ങി ചോദ്യപേപ്പർ പുറത്തുവിട്ടെന്നും ആരോപണമുണ്ട്. 

സംഭവത്തിൽ സഹകരണ സർവീസ് ബോർഡ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡിജിപിക്കും പരാതി നൽകി.അറുപതിനായിരത്തിലേറെ ആളുകളാണ് പരീക്ഷയെഴുതിയത്. ചോദ്യപേപ്പർ ചോർന്ന സാഹചര്യത്തിൽ പരീക്ഷ വീണ്ടും നടത്തണമെന്നാണ് ആവശ്യം. സംഭവത്തെക്കുറിച്ച് വിശദമായി പരിശോധിച്ച ശേഷം ഇതുസംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് ബോർഡ് അറിയിച്ചു.