കളറും ഫ്ലെവറും ചേർത്ത് വ്യാജ സ്റ്റിക്കർ ഒട്ടിച്ച് വിൽപ്പന; 10 കുപ്പി വ്യാജമദ്യവുമായി യുവാവ് പിടിയിൽ
By സമകാലിക മലയാളം ഡെസ്‌ക് | Published: 02nd April 2022 08:34 PM |
Last Updated: 02nd April 2022 08:34 PM | A+A A- |

സായൂജ്
തൃശൂർ: വ്യാജമദ്യ വിൽപ്പന നടത്തിയതിന് തൃശൂരിൽ യുവാവ് എക്സൈസ് പിടിയിൽ. മണലൂർ ദേശത്ത് തണ്ടാശേരി വീട്ടിൽ സുനിൽകുമാർ മകൻ സായൂജ് (33) ആണ് പിടിയിലായത്.
സ്പിരിറ്റിൽ കളറും ഫ്ലെവറും ചേർത്ത് വ്യാജ സ്റ്റിക്കർ ഒട്ടിച്ചാണ് സായൂജിന് വിൽപ്പനയ്ക്കായി മദ്യം കിട്ടിയിരുന്നത്. മദ്യം എത്തിച്ച് കൊടുക്കുന്ന വരെക്കുറിച്ചുള്ള സൂചന ലഭിച്ചിട്ടുണ്ടെന്നും മറ്റു പ്രതികളെക്കുറിച്ച് അന്വേഷിച്ച് വരുകയാണെന്നും എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞ പണിമുടക്ക് ദിനങ്ങളിലും ഒന്നാം തിയതി ഡ്രൈ ഡേ ദിനത്തിലും സായൂജ് വൻതോതിൽ മദ്യം വിൽപ്പന നടത്തിയിരുന്നു. ഹണീബി ബ്രാൻഡിലുള്ള വ്യാജനാണ് പിടികൂടിയത്. നീഗ്രോ എന്ന പേരിലുള്ള ബസ് സർവ്വീസ് നടത്തിയിരുന്ന സായൂജ് കഴിഞ്ഞ കോവിഡ് കാലത്ത് ബസ് സർവ്വീസ് നിർത്തിയതോടെയാണ് മദ്യവിൽപ്പന തുടങ്ങിയത്.
അന്തിക്കാട് എക്സൈസ് ഇൻസ്പെക്ടർ പി എം പ്രവീണിന്റെ നേതൃത്വത്തിലുള്ള എക്സൈസ് ആണ് യുവാവിനെ അറസ്റ്റ് ചെയ്തത്. തൃശ്ശൂർ അസി.എക്സൈസ് കമ്മീഷണർ ഡി ശ്രീകുമാറിന് ലഭിച്ച രഹസൃ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർ കെ എം സജീവ്, സിവിൽ എക്സൈസ് ഓഫീസർമാരായ കലാദാസ് സി ഡി, രജിത് കെ, സന്തോഷ് ഇ സി, മണിദാസ് സി കെ, വിജയൻ കെ കെ എന്നിവർ ഉണ്ടായിരുന്നു.