ബല്‍റാമിന്റെ മുന്നില്‍ ഞാന്‍ വെറുമൊരു പുഴു; മറുപടിയുമായി ചിത്തരഞ്ജന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd April 2022 10:03 PM  |  

Last Updated: 03rd April 2022 10:04 PM  |   A+A-   |  

vt_balram-_pp_chitharanjan

വിടി ബല്‍റാം - പിപി ചിത്തരഞ്ജന്‍

 

ആലപ്പുഴ: കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ വി ടി ബല്‍റാമിന് മറുപടിയുമായി എംഎല്‍എ പി പി ചിത്തരഞ്ജന്‍. രണ്ട് മുട്ടക്കറിക്കും അഞ്ച് പാലപ്പത്തിനും ഹോട്ടല്‍ അമിത വില ഈടാക്കിയെന്ന ചിത്തരഞ്ജന്റെ ആരോപണത്തിനാണ് ബല്‍റാം മറുപടി നല്‍കിയത്. തുടര്‍ന്ന് ബല്‍റാമിന് മറുപടി നല്‍കി എംഎല്‍എയും രംഗത്തെത്തി. 

കെപിസിസി വൈസ് പ്രസിഡന്റും മുന്‍ എംഎല്‍എയുമായ വി ടി ബലറാം ഇത്ര  അധഃപതിക്കാമോയെന്ന് ചിത്തരഞ്ജന്‍ ചോദിച്ചു. എന്റെ ഫോട്ടയടക്കം ഇട്ട് എത്ര വില കുറഞ്ഞ നിലയിലാണ് അദ്ദേഹം പ്രതികരിച്ചിട്ടുള്ളത്. ഒരു സാധാരണ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് ഇതിലും എത്രയോ നിലവാരമുണ്ടാവും. മഹാനായ എകെജിയെ അടക്കം ഏറ്റവും മ്ലേച്ഛമായ നിലയില്‍ അധിക്ഷേപിച്ചിട്ടുള്ള ബല്‍റാമിന്റെ മുന്നില്‍ ഞാന്‍ വെറുമൊരു പുഴു മാത്രമാണെന്നും ചിത്തരഞ്ജന്‍ കുറിച്ചു. 

ചിത്തരഞ്ജന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

അപഹാസ്യങ്ങള്‍ തുടരട്ടെ.. ഇതില്‍ വാടില്ല ഈ എളിയ കമ്മ്യൂണിസ്റ്റ്..
അന്യായമായ വില ചോദ്യം ചെയ്തതിന്റെ പേരില്‍ ഫെയ്‌സ്ബുക്ക് ഉള്‍പ്പെടെയുള്ള സാമൂഹ്യ മാധ്യമങ്ങളിലൂടെ തികച്ചും രാഷ്ട്രീയ താല്പര്യത്തോടെ വ്യക്തിപരമായി എന്നെ ആക്ഷേപിച്ചു കൊണ്ടുള്ള പോസ്റ്റുകളും ട്രോളുകളും തിമിര്‍ത്താടുകയാണ്. അതെല്ലാം കണ്ട് ബേജാറാവുന്നയാളല്ല ഞാന്‍ എന്ന വിവരം സൂചിപ്പിക്കട്ടെ.
 
ഞാന്‍ ചെയ്ത തെറ്റെന്താണ് ?. സാധാരണക്കാരായ മഹാഭൂരിപക്ഷം ആളുകള്‍ ജീവിക്കുന്ന ഈ പ്രദേശത്ത് 5 രൂപയില്‍ താഴെ വിലയുള്ള കോഴിമുട്ട കൊണ്ടുള്ള കറിക്ക് 50 രൂപ ഉണ്ടാക്കിയപ്പോള്‍, ഒരു പാലപ്പത്തിന് 15 രൂപ ഈടാക്കിയപ്പോള്‍ ബില്ലിന്‍ പ്രകാരമുള്ള കാശ് കൊടുത്തതിനു ശേഷം ഇത് അമിതമായ നിരക്കാണെന്ന് പറഞ്ഞതാണോ എന്റെ തെറ്റ്.? ബന്ധപ്പെട്ട കടയുടെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇതെല്ലാം ബോധ്യപ്പെടുന്നതാണ്. എന്ത് ചെയ്താലും ട്രോളുകളിലൂടെ ആരെയും അധിക്ഷേപിക്കുന്ന കുറെ പേരുണ്ട് എന്ന് നമുക്കറിയാം. 

എന്നാല്‍ കെപിസിസി വൈസ് പ്രസിഡണ്ടും മുന്‍ എംഎല്‍എയുമായ വി ടി ബലറാം ഇത്ര  അധഃപതിക്കാമോ ? ഉത്തരവാദിത്തപ്പെട്ട ഒരു പൊതുപ്രവര്‍ത്തകനായ എന്റെ ഫോട്ടയടക്കം ഇട്ട് എത്ര വില കുറഞ്ഞ നിലയിലാണ് അദ്ദേഹം പ്രതികരിച്ചിട്ടുള്ളത്. ഒരു സാധാരണ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് ഇതിലും എത്രയോ നിലവാരമുണ്ടാവും. മഹാനായ എകെജിയെ അടക്കം ഏറ്റവും മ്ലേച്ഛമായ നിലയില്‍ അധിക്ഷേപിച്ചിട്ടുള്ള ബല്‍റാമിന്റെ മുന്നില്‍ ഞാന്‍ വെറുമൊരു പുഴു മാത്രം. 

സാധാരണ ഒരു മത്സ്യത്തൊഴിലാളിയുടെ മകനായ എനിക്ക് ഈ അന്യായ വില കണ്ടപ്പോഴുണ്ടായ ധാര്‍മ്മിക രോഷമാണ് ഞാന്‍ പരാതിയിലൂടെ പ്രകടിപ്പിച്ചത്. അതൊരു പൊതുപ്രവര്‍ത്തകന്റെ ചുമതലയാണെന്നാണ് എന്റെ വിശ്വാസം. പക്ഷേ എന്നെ ആക്ഷേപിക്കുന്നവര്‍ അമിതവില ഈടാക്കിയ സ്ഥാപനത്തിന്റെ പക്ഷത്തുനിന്ന് സാധാരണക്കാരായ ജനങ്ങള്‍ക്ക് എതിരെയാണ് സംസാരിക്കുന്നത് എന്ന് അവര്‍ ഓര്‍ക്കുന്നത് നന്നായിരിക്കും. എന്നെ നിങ്ങള്‍ക്ക് ആക്ഷേപിക്കാം, അപഹസിക്കാം, അത് തുടരട്ടെ. ഇതിലൊന്നും വാടി പോകുന്നവനല്ല ഈ എളിയ കമ്യൂണിസ്റ്റുകാരനെന്ന്  ഓര്‍മ്മിപ്പിക്കട്ടെ..

ബല്‍റാമിന്റെ കുറിപ്പ്

ഉത്തരവാദപ്പെട്ട ഒരു പത്രത്തില്‍ ഇന്ന് രാവിലെ ഒരു എംഎല്‍എയുടെ പേരും ഫോട്ടോയും സഹിതം പ്രസിദ്ധീകരിക്കപ്പെട്ട വാര്‍ത്തയാണിത്. എംഎല്‍എ ഒരു ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചിട്ട് പണം നല്‍കാതെ പോയി എന്ന് ഹോട്ടലുടമ പേരുസഹിതം ആരോപണം ഉന്നയിക്കുന്നതാണ് വാര്‍ത്ത. എംഎല്‍എയോട് രാഷ്ട്രീയ വിരോധമുള്ള ഏതെങ്കിലും എതിര്‍ രാഷ്ട്രീയപാര്‍ട്ടി പത്രത്തിലല്ല, നിഷ്പക്ഷമെന്നതിലപ്പുറം പൊതുവേ ഇടതുപക്ഷ അനുകൂലമെന്ന് വിലയിരുത്തപ്പെടുന്ന ഒരു പത്രത്തിലാണ് വാര്‍ത്ത വന്നിട്ടുള്ളത്. രാവിലെത്തൊട്ട് ഈ വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് സാമൂഹിക മാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്. 

ആരോപണ വിധേയനായ എംഎല്‍എ യുടെ ഫേസ്ബുക്ക് പേജ് ഞാന്‍ അല്‍പം മുന്‍പ് പരിശോധിച്ചു. ഈ പത്രവാര്‍ത്ത നിഷേധിച്ച് അദ്ദേഹം ഒരു വരി പോലും എഴുതിയിട്ടില്ല. വ്യാജ വാര്‍ത്തയാണെങ്കില്‍ അതിനെതിരെ ഒരു പ്രതിഷേധവും അദ്ദേഹം രേഖപ്പെടുത്തിയതായി കാണുന്നില്ല. 
എന്നിരുന്നാലും ആ വാര്‍ത്തയെ അധികരിച്ച് ഞാനൊരു ഒറ്റവരി പ്രതികരണം നടത്തിയത് അദ്ദേഹം പെട്ടെന്ന് തന്നെ ശ്രദ്ധിക്കുകയും അതിന്റെ പേരില്‍ എന്നെ ഭര്‍ത്സിച്ച് പോസ്റ്റിടുകയും ചെയ്തിട്ടുണ്ട്. എന്തൊരു ശുഷ്‌ക്കാന്തി! മാത്രമല്ല, എന്നെ തെറിവിളിക്കാന്‍ സ്വന്തം അണികള്‍ക്ക് ചില വൈകാരിക ലീഡുകളും പോസ്റ്റിലൂടെ എംഎല്‍എ ഇട്ടുകൊടുക്കുന്നുണ്ട്.

പൊന്നു എംഎല്‍എ, നിങ്ങളുടെ പേരും ഫോട്ടോയും വച്ചുള്ള വാര്‍ത്ത ആദ്യം വന്നത് എന്റെ ഫേസ്ബുക്ക് പേജിലല്ല, ആ പത്രത്തിന്റെ പേജിലാണ്. ധൈര്യമുണ്ടെങ്കില്‍ ആ പത്രത്തിനെതിരെ കേസ് കൊടുത്ത് വാര്‍ത്ത പിന്‍വലിപ്പിക്കൂ. അതല്ലെങ്കില്‍ ഏഷ്യാനെറ്റിനും വിനു വി ജോണിനുമെതിരെ എന്നപോലെ ആ പത്രമാഫീസിലേക്ക് പാര്‍ട്ടി സഖാക്കളെക്കൊണ്ട് പ്രതിഷേധ പരിപാടി സംഘടിപ്പിക്കൂ. എന്നിട്ടാകാം മറ്റുള്ളവരുടെ മേല്‍ കുതിരകയറല്‍. ഏതായാലും നിങ്ങള്‍ ഭക്ഷണം കഴിച്ച് കാശ് കൊടുക്കാതെ മുങ്ങിയതിനും ഞാന്‍ തെറി കേള്‍ക്കണം എന്ന് പറഞ്ഞാല്‍ അത് കുറച്ച് കഷ്ടമാണ്.