'പ്രണയത്തട്ടിപ്പില്‍ കുടുങ്ങരുത്; കെവി തോമസിന് ചെറിയാന്‍ ഫിലിപ്പിന്റെ ഉപദേശം
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th April 2022 10:25 AM |
Last Updated: 06th April 2022 10:25 AM | A+A A- |

കെവി തോമസ്/ഫെയ്‌സ്ബുക്ക്
തിരുവനന്തപുരം: സിപിഎമ്മിന്റെ പ്രണയത്തട്ടിപ്പില്‍ കെവി തോമസ് കുടുങ്ങരുതെന്ന് ചെറിയാന്‍ ഫിലിപ്പ്. പ്രണയം അഭിനയിച്ച് അടുത്തു കൂടി രക്തം ഊറ്റിക്കുടിച്ച ശേഷം വലിച്ചെറിയുന്ന രക്തരക്ഷസാണ് സിപിഎം എന്നും ചെറിയാന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ കെവി തോമസ് പങ്കെടുക്കുമോയെന്ന ആകാംക്ഷയ്ക്കിടെയാണ് ചെറിയാന്‍ ഉപദേശവുമായി രംഗത്തുവന്നത്.
യൗവ്വനം മുതല്‍ ഇഎംഎസ് ഉള്‍പ്പെടെയുള്ളവര്‍ തന്നെ സി പി എം വേദികളിലേക്ക് ആനയിച്ചിരുന്നുവെന്ന് ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു. അന്നത്തെ സ്‌റ്റേഹം വ്യാജമാണെന്ന് സഹയാത്രികനായ ശേഷമാണ് ബോദ്ധ്യപ്പെട്ടത്. ആ മരണക്കെണിയില്‍ ഇരുപതു വര്‍ഷത്തെ രാഷ്ട്രീയ ജീവിതം ഹോമിക്കേണ്ടി വന്നു. അറവുശാലയിലേക്ക് കൊണ്ടുപോകുന്ന ആടുമാടുകളെ ഉടമസ്ഥര്‍ ഒരിക്കലും പട്ടിണിക്കിടാറില്ല. കോണ്‍ഗ്രസിന്റെ ജനാധിപത്യ സംസ്‌ക്കാരത്തില്‍ ജനിച്ചു വളര്‍ന്ന കെ.വി തോമസിന് സി പി എമ്മിന്റെ വിധ്വംസക രാഷ്ട്രീയവുമായി ഒരിക്കലും പൊരുത്തപ്പെടാനാവില്ലെന്നും പോസ്റ്റില്‍ പറയുന്നു.
നാളെ തീരുമാനമെന്ന് കെവി തോമസ്
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സെമിനാറില്‍ പങ്കെടുക്കുമോ എന്നതില്‍ നാളെ തീരുമാനമെന്ന് കോണ്‍ഗ്രസ് നേതാവ് കെ വി തോമസ്. നാളെ രാവിലെ 11 ന് മാധ്യമങ്ങളെ കാണുമെന്നും കെ വി തോമസ് അറിയിച്ചു. പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാറിലേക്ക് കോണ്‍ഗ്രസ് നേതാക്കളായ കെ വി തോമസ്, ശശി തരൂര്‍ എന്നിവരെയാണ് ക്ഷണിച്ചിരുന്നത്.
എന്നാല്‍ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പങ്കെടുക്കുന്നതിനെതിരെ കെപിസിസി രംഗത്തു വന്നു. ഇതേത്തുടര്‍ന്ന് സിപിഎം സെമിനാറില്‍ സംബന്ധിക്കുന്നതില്‍ നിന്നും ഹൈക്കമാന്‍ഡ് വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. ഹൈക്കമാന്‍ഡ് തീരുമാനത്തിന് പിന്നാലെ സെമിനാറില്‍ പങ്കെടുക്കുന്നതില്‍ നിന്നും ശശി തരൂര്‍ പിന്മാറി.
അതേസമയം കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന കെ വി തോമസ് സെമിനാറില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ സസ്‌പെന്‍സ് തുടരുകയാണ്. സെമിനാറില്‍ പങ്കെടുക്കുന്നവരുടെ പട്ടികയില്‍ കോണ്‍ഗ്രസ് നേതാവ് കെ വി തോമസിന്റെ പേരും ഉള്‍പ്പെടുത്തിയതോടെയാണ് അഭ്യൂഹം ശക്തമായത്.
കെ വി തോമസിനെ പാര്‍ട്ടിയിലേക്കല്ല ക്ഷണിച്ചത്, പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറിലേക്കാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ പറഞ്ഞു. സെമിനാറില്‍ കോണ്‍ഗ്രസിന്റെ അഭിപ്രായം പറയാനാണ് ക്ഷണിച്ചത്. പങ്കെടുക്കില്ലെന്ന് തോമസ് അറിയിച്ചിട്ടില്ല. അതാണ് പരിപാടിയില്‍ പേര് ഉള്‍പ്പെടുത്തിയതെന്നും ജയരാജന്‍ പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ