വ്യാപാരിയെ ആക്രമിച്ച് പണം തട്ടി; കോൺ​ഗ്രസ് കൗൺസിലർ അടക്കം മൂന്ന് പേർ പിടിയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th April 2022 11:35 AM  |  

Last Updated: 08th April 2022 11:35 AM  |   A+A-   |  

tibin1

ഫോട്ടോ: ഫെയ്സ്ബുക്ക്

 

കൊച്ചി: വ്യാപാരിയെ ആക്രമിച്ച് പണം തട്ടിയ കേസിൽ കൊച്ചി കോർപറേഷൻ കൗൺസിലർ അടക്കം മൂന്ന് പേർ അറസ്റ്റിൽ. കോൺ​ഗ്രസ് കൗൺസിലർ ടിബിൻ ദേവസിയടക്കമുള്ളവരാണ് പിടിയിലായത്. കോർപറേഷൻ 30ാം ഡിവിഷൻ കൗൺസിലറായ ടിബിൻ യൂത്ത് കോൺ​ഗ്രസ് ജില്ലാ സെക്രട്ടറി കൂടിയാണ്. 

വ്യാപാരവുമായി ബന്ധപ്പെട്ട തർക്കത്തിന്റെ തുടർച്ച എന്നാണ് പ്രതികൾ പൊലീസിന് നൽകിയ മൊഴി നൽകിയത്. രണ്ട് ലക്ഷം രൂപ പ്രതികൾ അക്കൗണ്ടിൽ വാങ്ങിയെന്ന് കണ്ടെത്തി. 

കഴിഞ്ഞ ​ദിവസം ഇടപ്പള്ളിക്കടുത്തുള്ള ജവാൻ ക്രോസ് റോഡിലുള്ള കടയിൽ വച്ച് വ്യാപാരിയെ ഭീഷണിപ്പെടുത്തി. കാസർക്കോട് സ്വദേശിയായ മണിയെന്ന ആളെയാണ് ഇവർ ഉച്ച മുതൽ വൈകീട്ട് വരെ കടയിൽ തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തിയത്. 

പണം നൽകാതെ വന്നതോടെ വ്യാപാരിയുടെ ഭാര്യാ പിതാവിനെ അദ്ദേഹം ജോലി ചെയ്യുന്ന ആശുപത്രിയിലെത്തിയും സംഘം ഭീഷണിപ്പെടുത്തി. ഇവിടെ വച്ചാണ് പ്രതികൾ നിർബന്ധിച്ച് രണ്ട് ലക്ഷം രൂപ അക്കൗണ്ടിലേക്ക് വാങ്ങിയതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. 

2017ൽ ഖത്തറിൽ വച്ച് പരാതിക്കാരനായ വ്യാപാരി 40 ലക്ഷം രൂപ തങ്ങൾക്ക് നൽകാനുണ്ടെന്ന് പ്രതികൾ മൊഴി നൽകിയിരുന്നു. എന്നാൽ പരാതിക്കാരൻ ഇതി നിഷേധിച്ചു. അത്തരത്തിൽ ഒരു സാമ്പത്തിക ഇടപാടും ഇവരുമായി ഇല്ല എന്നാണ് വ്യാപാരി പറയുന്നത്. 

കേസിൽ ഒന്നാം പ്രതി ഫിയാസ് എന്ന വ്യക്തിയാണ്. ആക്രമണങ്ങൾക്ക് ഇയാളാണ് നേതൃ‌ത്വം നൽകിയതെന്ന് പൊലീസ് പറയുന്നു. ഇയാളെ സഹായിക്കാനാണ് ടിബിനടക്കമുള്ളവർ എത്തിയത്. എളമക്കര പൊലീസാണ് ഇവരെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കും. 

ഈ വാർത്ത വായിക്കാം

തദ്ദേശ സ്ഥാപനങ്ങളിലെ സേവനങ്ങള്‍ക്ക് അപേക്ഷ ഇനി മൊബൈല്‍ ഫോണിലൂടെയും നല്‍കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ