'അഴിമതിക്കു തയാറല്ലെങ്കിൽ സർക്കാർ ജോലിക്കു നിൽക്കരുത്, കൈക്കൂലി വാങ്ങിയില്ലെങ്കിൽ സ്വസ്ഥത പോകും'; സിന്ധുവിന്റെ ഡയറിക്കുറിപ്പ്

'ജോലി കൃത്യമായി ചെയ്യാനായി ദൈവത്തെ വിളിച്ചു കരഞ്ഞു, ജോലി പോകുമോയെന്നു ഭയമുണ്ട്'
ആത്മഹത്യ ചെയ്ത സിന്ധു
ആത്മഹത്യ ചെയ്ത സിന്ധു

വയനാട്; ഓഫിസിൽ നേരിട്ട ക്രൂരത തുറന്നുകാട്ടി ആത്മഹത്യ ചെയ്ത മാനന്തവാടി കെല്ലൂർ സബ് റീജനൽ ട്രാൻസ്പോർട്ട് ഓഫിസിലെ സീനിയർ ക്ലാർക്ക് പിഎ സിന്ധുവിന്റെ ഡയറിക്കുറിപ്പ്. അഴിമതിക്ക് തയാറല്ലെങ്കിൽ സർക്കാർ ജോലിക്ക് നിൽക്കരുതെന്നും കൈക്കൂലി വാങ്ങിയില്ലെങ്കിൽ സ്വസ്ഥത ഉണ്ടാകില്ലെന്നുമാണ് സിന്ധു കുറിച്ചത്. വീട്ടിൽ സിന്ധുവിന്റെ മുറിയിൽനിന്നാണു ഡയറിയും 8 പേജുള്ള കുറിപ്പുകളും പൊലീസ് കണ്ടെടുത്തത്. 

മേലധികാരികളിൽനിന്നു നേരിടേണ്ടിവന്ന മാനസിക പീഡനത്തെക്കുറിച്ചും സഹപ്രവർത്തകരിൽ നിന്നുണ്ടായ വിവേചനത്തെക്കുറിച്ചുമെല്ലാം സിന്ധു കുറിച്ചിട്ടുണ്ട്.  'മോട്ടർ വാഹനവകുപ്പിൽ ജോലിക്കു പ്രത്യേക പരിശീലനം ആവശ്യമാണ്. അഴിമതിക്കു തയാറല്ലെങ്കിൽ സർക്കാർ ജോലിക്കു നിൽക്കരുത്. മറ്റുള്ളവരുടെ കാപട്യം എനിക്കു മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. കൈക്കൂലി വാങ്ങിയില്ലെങ്കിൽ നിങ്ങൾക്കു സ്വസ്ഥത ഉണ്ടാകില്ല. ജോലി കൃത്യമായി ചെയ്യാനായി ദൈവത്തെ വിളിച്ചു കരഞ്ഞു, ജോലി പോകുമോയെന്നു ഭയമുണ്ട്’- സിന്ധു കുറിക്കുന്നു. 

ആത്മഹത്യയെക്കുറിച്ചും സിന്ധു എഴുതിയിട്ടുണ്ട്. പാറയുടെ മുകളിൽനിന്നു തള്ളിത്താഴെയിട്ടാൽ പെട്ടുപോകും. എന്നെ ആരെയെങ്കിലും തള്ളിയിട്ടാൽ ഞാൻ ഒറ്റപ്പെട്ടുപോകും. ഭക്ഷണം കിട്ടാതെ മരിക്കും. അതിനാൽ എനിക്കു പേടിയാണ്. ഞാൻ ഈ ലോകത്തോടു വിടപറയുന്നു’- സിന്ധുവിന്റെ ഡയറിയിലെ അവസാനവാചകം ഇങ്ങനെ. ‘ഞാൻ മാത്രമാണ് എന്റെ മരണത്തിന് ഉത്തരവാദി. എന്റെ വീട്ടുകാർ നിരപരാധികളാണ്’ എന്നും ഡയറിക്കുറിപ്പിലുണ്ട്. 

സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസിൽ അനുഭവിക്കുന്ന പ്രശ്നങ്ങൾ ആർടിഒയെ ധരിപ്പിച്ചിരുന്നെങ്കിലും അദ്ദേഹം ഉചിതമായ നടപടി സ്വീകരിച്ചില്ലെന്ന് ആരോപണമുണ്ട്. പരാതി എഴുതിനൽകാൻ ആർടിഒ ആവശ്യപ്പെട്ടതായി സിന്ധുവിന്‍റെ കുറിപ്പിലുണ്ട്. ഇത് തന്‍റെ ജോലിയെ ബാധിക്കുമെന്നതിനാലാണ് സിന്ധു പരാതി എഴുതിനൽകാൻ തയ്യാറാകാഞ്ഞത്. സിന്ധു ആർടിഒയെ കണ്ട് തിരിച്ചെത്തിയശേഷം ഓഫീസിലെ ചില സഹപ്രവർത്തകർ മോശമായി പെരുമാറിയെന്നും കുറിപ്പിലുണ്ട്. ‘ജോലിയിലുണ്ടെങ്കിലല്ലേ പരാതിയുമായി പോകൂ’ എന്ന് ചിലർ പറഞ്ഞതായാണ് സിന്ധു എഴുതിയിട്ടുള്ളത്. ഓഫീസിന്‍റെ മേലധികാരിയായ ജോയൻറ് ആർടിഒയുടെയും സഹപ്രവർത്തകരായ രണ്ടു വനിതാജീവനക്കാരുടെയും പേരും ഡയറിക്കുറിപ്പിലുണ്ട്. കൈക്കൂലി വാങ്ങുന്നവരും വാങ്ങാത്തവരും എന്ന രീതിയിൽ രണ്ടുവിഭാഗങ്ങൾ സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസിൽ പ്രവർത്തിച്ചിരുന്നതായാണ് സിന്ധുവിന്‍റെ ഡയറിക്കുറിപ്പുകൾ വ്യക്തമാക്കുന്നത്. സിന്ധുവിന്റെ ലാപ്ടോപ്പും ഫോണും കൂടി പരിശോധിച്ച്  മരണത്തിലേക്കു നയിച്ച കാരണങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ

മേലുദ്യോഗസ്ഥരിൽ ചിലർ ഓഫിസിൽ സിന്ധുവിനെ പരസ്യമായി അവഹേളിക്കുന്നതു കണ്ടവരുണ്ടെന്ന് എടവക പഞ്ചായത്ത് പ്രസിഡന്റ് എച്ച്ബി പ്രദീപ് പറയുന്നു. ഓഫിസിലെത്തിയവർ കേൾക്കെ മേലുദ്യോഗസ്ഥർ ഉറക്കെ തെറി വിളിച്ചതായും ആരോപണമുണ്ട്. ജോയിന്റ് ആർടി ഓഫിസിൽനിന്നു സിന്ധു കര‍ഞ്ഞുകൊണ്ട് ഇറങ്ങിവരുന്നതു കണ്ടതായി സിന്ധുവിന്റെ അയൽവാസിയും കർഷകനുമായ ജോൺസൺ കുന്നുമ്പുറത്ത് പറഞ്ഞു. ഉദ്യോ​ഗസ്ഥർക്കെതിരെ ആരോപണവുമായി വീട്ടുകാരും രം​ഗത്തെത്തിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com