11,161 വീഡിയോകളും 11,238 ശബ്ദസന്ദേശങ്ങളും; നശിപ്പിച്ചതില്‍ ഇറാന്‍കാരനുമായുള്ള വാട്‌സ്ആപ്പ് ചാറ്റുകളും; ദൃശ്യങ്ങള്‍ ദിലീപിന്റെ പക്കലെത്തിയതിന് തെളിവുണ്ടെന്ന് ക്രൈംബ്രാഞ്ച് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th April 2022 10:25 AM  |  

Last Updated: 08th April 2022 10:25 AM  |   A+A-   |  

dileep

ഫയല്‍ ചിത്രം

 

കൊച്ചി: നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ദിലീപിന്റെ പക്കല്‍ ഉണ്ടെന്നുള്ളതിന് തെളിവ് ലഭിച്ചതായി ക്രൈംബ്രാഞ്ച്. ദൃശ്യങ്ങള്‍ ദിലീപിന് ലഭിച്ചെന്ന സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ ശരിവെക്കുന്ന തെളിവുകള്‍ ദിലീപിന്റെ സഹോദരീഭര്‍ത്താവ് സുരാജിന്റെ ഫോണില്‍ നിന്ന് ലഭിച്ചു. കൂട്ടുപ്രതികളുടെ പങ്കാളിത്തവും ഇതില്‍ നിന്ന് വ്യക്തമായിട്ടുണ്ടെന്ന് അന്വേഷണസംഘം ഹൈക്കോടതിയെ അറിയിച്ചു. 

നിര്‍ണായക ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ ദിലീപിന്റെ ഭാര്യ കാവ്യ മാധവനെ ചോദ്യം ചെയ്യണമെന്നും, അതോടൊപ്പം ഫൊറന്‍സിക് പരിശോധനാഫലം മുഴുവന്‍ ലഭിച്ചശേഷം ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരിഭര്‍ത്താവ് സുരാജ് എന്നിവരെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. കാവ്യ മാധവന്‍ ഇപ്പോള്‍ ചെന്നൈയിലാണ്. അടുത്ത ആഴ്ച നാട്ടിലെത്തുമെന്നാണ് അന്വേഷണസംഘത്തിന് വിവരം ലഭിച്ചത്. 

ദിലീപും കൂട്ടുപ്രതികളും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മൊബൈല്‍ ഫോണുകളില്‍ നിന്നും ലഭിച്ചത് ആയിരക്കണക്കിന് രേഖകളാണ്. ഫോണിലെ സംഭാഷണങ്ങള്‍ മാത്രം 200 മണിക്കൂറിലേറെ വരും. മൊബൈല്‍ ഫോണുകളില്‍ 11161 വീഡിയോകളും 11238 ശബ്ദസന്ദേശങ്ങളും കണ്ടെത്തി. രണ്ടു ലക്ഷത്തിലധികം ചിത്രങ്ങള്‍, 1597 രേഖകള്‍ എന്നിവയും ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. പരിശോധിച്ച ആറു മൊബൈല്‍ ഫോണുകളില്‍ മൂന്നെണ്ണം ദിലീപിന്റേതാണ്. 

ദിലീപിന്റെ രണ്ട് ഫോണുകളില്‍ നിന്നുമാത്രം 10879 ശബ്ദസന്ദേശങ്ങളും 65384 ചിത്രങ്ങളും 6682 വീഡിയോകളും 779 രേഖകളും ലഭിച്ചു. അഭിഭാഷകരുടെ സഹായത്തോടെ ദിലീപ് അടക്കമുള്ള പ്രതികള്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും, ചില തെളിവുകള്‍ വീണ്ടെടുക്കാന്‍ കഴിഞ്ഞതായി ക്രൈംബ്രാഞ്ച് സൂചിപ്പിച്ചു. ദിലീപിന്റെ വീടിന് സമീപം ഒന്നാം പ്രതി പള്‍സര്‍ സുനി എത്തിയതിനും തെളിവുണ്ട്. ദിലീപിന്റെ ഫോണില്‍ നിന്ന് പ്രിസൈഡിങ് ഓഫീസര്‍ ഒപ്പിട്ട, കോടതിരേഖകളുടെ ഫോട്ടോയും ലഭിച്ചിട്ടുണ്ട്. 

വധഗൂഢാലോചനക്കേസുമായി ബന്ധപ്പെട്ട് ബാലചന്ദ്രകുമാറിന്റെ കൈവശമുള്ള ഓഡിയോ ടേപ്പിലെ ശബ്ദശകലവും ക്രൈംബ്രാഞ്ചിന്റെ പക്കലുണ്ട്. പള്‍സര്‍ സുനിയെ ദിലീപിന്റെ വീട്ടില്‍ നിന്നും കൊണ്ടുപോയ ചുവപ്പ് സ്വിഫ്റ്റ് കാര്‍ പിടിച്ചെടുത്തിട്ടുണ്ട്. തെളിവുകള്‍ നശിപ്പിക്കാനായി ദിലീപിന്റെ ഫോണുകള്‍ മുംബൈയിലെ ലാബിലേക്ക് കൊണ്ടുപോയ അഭിഭാഷകരെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അന്വേഷണസംഘം കോടതിയെ അറിയിച്ചു. 

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ദിലീപ് നശിപ്പിച്ച ഫോണ്‍ വിവരങ്ങളില്‍ ഇറാന്‍ സ്വദേശിയുമായുള്ള വാട്‌സ്ആപ്പ് സംഭാഷണങ്ങളും ഉള്ളതായി അന്വേഷണസംഘം വ്യക്തമാക്കി. ദിലീപിന്റെ ഫോണില്‍ നിന്ന് നീക്കിയ 12 വാട്‌സ്ആപ്പ് ചാറ്റുകളില്‍ ഒന്ന് ഇറാന്‍ സ്വദേശി ഗോള്‍സണിന്റെ ആണെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. ഇയാള്‍ ദിലീപിന്റെ നിരവധി സിനിമകള്‍ ഇറാനില്‍ മൊഴിമാറ്റം നടത്തി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇയാളുമായുള്ള ദിലീപിന്റെ ഇടപാടും ക്രൈംബ്രാഞ്ച് അന്വേഷിച്ചു വരികയാണ്. 

ഈ വാര്‍ത്ത കൂടി വായിക്കാം

തദ്ദേശ സ്ഥാപനങ്ങളിലെ സേവനങ്ങള്‍ക്ക് അപേക്ഷ ഇനി മൊബൈല്‍ ഫോണിലൂടെയും നല്‍കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ