'ഓടു പൊളിച്ചല്ല കെവി തോമസ് പാര്‍ലമെന്റില്‍ എത്തിയത്; അടച്ചാക്ഷേപിക്കുന്നതു ശരിയല്ല'
By സമകാലിക മലയാളം ഡെസ്‌ക് | Published: 09th April 2022 10:48 AM |
Last Updated: 09th April 2022 10:48 AM | A+A A- |

കെ മുരളീധരന്‍/ഫയല്‍
കോഴിക്കോട്: പാര്‍ട്ടി വിലക്കു ലംഘിച്ച് സിപിഎം സെമിനാറില്‍ പങ്കെടുക്കുമെന്നു പ്രഖ്യാപിച്ച കെവി തോമസിനെ അടച്ചാക്ഷേപിക്കുന്നതിനോട് യോജിപ്പില്ലെന്ന് കെ മുരളീധരന്‍ എംപി. കെവി തോമസിന്റെ ചില വിഷമങ്ങള്‍ പാര്‍ട്ടി പരിഹരിച്ചില്ലെന്ന് മുരളീധരന്‍ പറഞ്ഞു.
കെവി തോമസിന് ജനങ്ങള്‍ നല്‍കിയ അംഗീകാരമാണ് തിരഞ്ഞെടുപ്പ് വിജയങ്ങള്‍. ഓട് പൊളിച്ചല്ല അദ്ദേഹം പാര്‍ലമെന്റിലെത്തിയതെന്നും മുരളീധരന്‍ പറഞ്ഞു.
ഇത്രയും കാലം ഒപ്പം നിന്ന കെവി തോമസിനെ പോലെയുള്ള ഒരു നേതാവ് പോകുന്നതില്‍ വിഷമമുണ്ട്. പാര്‍ട്ടി നിര്‍ദ്ദേശം മറികടന്ന് പങ്കെടുക്കാന്‍ പോയാലുണ്ടാകുന്ന നടപടിയെ കുറിച്ച് മാഷിന് തന്നെ അറിയാം. പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നത് കേരളത്തിലാണ്. കോണ്‍ഗ്രസ് നശിച്ച് കാണണം എന്ന് മാത്രം ആഗ്രഹിക്കുന്നവരാണ് സിപിഎം കേരള ഘടകം. അപ്പോള്‍ അവര്‍ നേതൃത്വം നല്‍കുന്ന ഒരു പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരില്‍ നടക്കുമ്പോള്‍ അതില്‍ പങ്കെടുക്കുന്നത് ശരിയല്ല. മറ്റൊരു സംസ്ഥാനത്താണ് നടക്കുന്നതെങ്കില്‍ പങ്കെടുക്കാമായിരുന്നു. ഒരുപാട് കോണ്‍ഗ്രസുകാരുടെ രക്തം വീണ മണ്ണാണ് കണ്ണൂര്‍. കോണ്‍ഗ്രസിനുള്ളില്‍ പ്രശ്‌നങ്ങളുണ്ടാക്കി കുത്തിത്തിരിപ്പിനാണ് സിപിഎം ശ്രമിക്കുന്നത്.
പാര്‍ട്ടി കോണ്‍ഗ്രസില്‍ കോണ്‍ഗ്രസ് ആശയം പറയുമെന്ന് കെ.വി തോമസ് പറഞ്ഞതിനോട് വെട്ടാന്‍ വരുന്ന പോത്തിനോട് കോണ്‍ഗ്രസ് ആശയം പറഞ്ഞിട്ട് കാര്യമില്ലെന്നായിരുന്നു കെ മുരളീധരന്റെ പ്രതികരണം.
ഈ വാര്‍ത്ത കൂടി വായിക്കൂ
കെ വി തോമസ് എന്തു പറയും?; സിപിഎം സെമിനാര്‍ ഇന്ന്
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ