ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചു; ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ക്രൈംബ്രാഞ്ച്; കോടതിയെ സമീപിക്കുന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th April 2022 11:38 AM  |  

Last Updated: 12th April 2022 11:38 AM  |   A+A-   |  

dileep

കേസിലെ പ്രതി ദിലീപ്/ഫയല്‍

 

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ കോടതിയെ സമീപിക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്. ദിലീപ് ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി അന്വേഷണസംഘം കോടതിയില്‍ ഹര്‍ജി നല്‍കും. സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും ദിലീപ് ശ്രമിച്ചെന്നും അന്വേഷണസംഘം ആരോപിക്കുന്നു. 

കേസുമായി ബന്ധപ്പെട്ട് പുതിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. കേസില്‍ ദിലീപിന് ജാമ്യം അനുവദിക്കുന്ന വേളയില്‍, ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചാല്‍ പ്രതിക്കെതിരെ അന്വേഷണസംഘത്തിന് വിചാരണക്കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. 

കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി ബൈജു പൗലോസ് വിചാരണ കോടതിയില്‍ ഹാജരായി. നേരിട്ട് ഹാജരാകണമെന്ന് ബൈജു പൗലോസിന് കോടതി നിര്‍ദേശം നല്‍കിയിരുന്നു. കോടതി ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന പ്രതിഭാഗത്തിന്റെ ഹര്‍ജിയിലാണ് ഡിവൈഎസ്പിയോട് നേരിട്ട് ഹാജരാകാന്‍ നിര്‍ദേശിച്ചത്. 

ദിലീപിന്റെ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചപ്പോള്‍ കോടതിയിലെ ചില വിവരങ്ങള്‍ ഫോണില്‍ നിന്ന് ലഭിച്ചെന്ന് ബൈജു പൗലോസ് പറഞ്ഞു. ഇത് കോടതി ജീവനക്കാര്‍ വഴിയാണോ ചോര്‍ന്നത് എന്നറിയാന്‍ ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന് ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടു. ഈ അവശ്യം ഉന്നയിച്ചുള്ള അന്വേഷണ ഉദ്യോഗസ്ഥന്റെ ഒപ്പ് സഹിതമുള്ള കത്ത് മാധ്യമങ്ങളില്‍ വന്ന സാഹചര്യത്തിലാണ് നേരിട്ട് ഹാജരാവാന്‍ കോടതി ആവശ്യപ്പെട്ടത്.

അതേസമയം നടന്‍ ദിലീപ് ഉള്‍പ്പെട്ട വധശ്രമ ഗൂഢാലോചനാ കേസില്‍ ഇന്നലെ സൈബര്‍ ഹാക്കര്‍ സായ് ശങ്കറിന്റെ രഹസ്യമൊഴിയെടുത്തു. ഇതിനുപിന്നാലെ സായി ശങ്കറിന്റെ പക്കല്‍ നിന്ന് വാങ്ങിവെച്ച ഡിജിറ്റല്‍ ഗാഡ്ജറ്റുകള്‍ അടക്കമുളളവ ഉടന്‍ ഹാജരാക്കണമെന്ന് ദിലീപിന്റെ അഭിഭാഷകര്‍ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കി. രാമന്‍പിളള അസോസിയേറ്റ്‌സിനാണ് നോട്ടീസ് നല്‍കിയത്. 

ഈ വാര്‍ത്ത കൂടി വായിക്കാം

'മരിക്കാമെന്നു മക്കളോടു പറഞ്ഞു; ഭയന്ന കുട്ടികളെ മുറിയിലാക്കി, ജീവനൊടുക്കി'

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ