'വീട്ടില്‍ വൈദ്യുതി എത്തിയിരുന്നില്ല, രാത്രിയാത്രകളില്‍ കെഎസ്ആര്‍ടിസിയിലെ അരണ്ട വെളിച്ചത്തില്‍ പുസ്തകങ്ങള്‍ വായിച്ചു'

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th April 2022 02:04 PM  |  

Last Updated: 12th April 2022 02:04 PM  |   A+A-   |  

vijayaraghavan

എ വിജയരാഘവന്‍ /ഫയല്‍ ചിത്രം

 

സിപിഎം പൊളിറ്റ്ബ്യൂറോയിലേക്കു തെരഞ്ഞെടുക്കപ്പെട്ട എ വിജയരാഘവന്റെ കഴിഞ്ഞ കാലം ഓര്‍ത്തെടുക്കുകയാണ്, മുന്‍ സ്പീക്കറും പാര്‍ട്ടി നേതാവുമായ പി ശ്രീരാമകൃഷ്ണന്‍ ഈ കുറിപ്പില്‍. പ്രതികൂല സാഹചര്യങ്ങളോടു പൊരുതി മുന്നേറിയ, കറകളഞ്ഞ നേതാവിന്റെ ചിത്രമാണ് ശ്രീരാമകൃഷ്ണന്‍ വാക്കുകളിലുടെ വരച്ചുവയ്ക്കുന്നത്.

കുറിപ്പ്: 


നാല് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കൃത്യമായി പറഞ്ഞാല്‍ 1980  ജൂണ്‍ മാസത്തില്‍ പെരിന്തല്‍മണ്ണയിലെ അങ്ങാടിപ്പുറത്ത് ചേര്‍ന്ന എസ് എഫ് ഐയുടെ പഠനക്യാമ്പില്‍ പഠിതാവായി എത്തിയതായിരുന്നു ഞാന്‍. പഠന ക്യാമ്പ്  പിരിഞ്ഞതിനു ശേഷം പ്രകടനമായി വന്ന വിദ്യാര്‍ഥികള്‍ അങ്ങാടിപ്പുറത്തെ ബസ് സ്‌റ്റോപ്പില്‍  ഒരു യോഗം ചേര്‍ന്നു അന്ന് യോഗം ഉദ്ഘാടനം ചെയ്യാനെത്തിയത് മെലിഞ്ഞ ഉയരമുള്ള ഒരു യുവാവായിരുന്നു. മുണ്ട് മടക്കി കുത്തി നടന്നു വരുന്ന അദ്ദേഹത്തില്‍ നേതാവ് എന്നതില്‍ കവിഞ്ഞ് ഞങ്ങള്‍ കണ്ടത് ഒരു സുഹൃത്തിന്റെയോ സഹോദരന്റെയോ ഭാവങ്ങളായിരുന്നു. അദ്ദേഹം തീപാറുന്ന കാര്‍ക്കശ്യത്തോടെയും അഗ്‌നി വിളയുന്ന കണ്ണുകളോടെയും തീവ്രമായ ഒരു പ്രസംഗം നടത്തി,  അതായിരുന്നു സഖാവ് എ വിജയരാഘവന്‍.
എസ്എഫ്‌ഐയുടെ മലപ്പുറം ജില്ലാ സെക്രട്ടറിയായിരുന്നു  അദ്ദേഹം, അന്ന്  തുടങ്ങിയ സൗഹൃദം 4 പതിറ്റാണ്ടുകള്‍ക്കിപ്പുറവും തണലായും തലോടലായും കൂടെയുണ്ട്.  അദ്ദേഹം ഇപ്പോള്‍ സിപിഎമ്മിന്റെ പോളിറ്റ് ബ്യൂറോയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ഒരു പക്ഷേ, സഖാവ് ഇ എം എസിന് ശേഷം മലപ്പുറത്തിന്റെ മണ്ണില്‍  നിന്നും സി പി ഐ എമ്മിന്റെ പരമോന്നത സഭയായ  പിബിയിലേക്ക് എത്തുന്ന മറ്റൊരു അംഗം.
എസ്എഫ്‌ഐയുടെ സംസ്ഥാന സെക്രട്ടറിയായും അഖിലേന്ത്യാ പ്രസിഡന്റായും തിളങ്ങി നിന്ന കാലത്താണ്  അദ്ദേഹം പാലക്കാട് നിന്ന്  പാര്‍ലമെന്റിലേക്ക് മത്സരിക്കാനെത്തുന്നത്. അന്ന് പാലക്കാട് ജില്ലാ പ്രസിഡന്റായിരുന്ന ഞാന്‍ വിദ്യാര്‍ഥികളെ സംസ്ഥാന തലത്തില്‍ കോഡിനേറ്റ് ചെയ്യാനും  പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിക്കാനും സഖാവ് പി ആര്‍ മുരളീധരന്റെ വലംകൈ ആയിട്ട് പ്രവര്‍ത്തിക്കുകയായിരുന്നു. വിജയരാഘവന്‍ എന്ന വ്യക്തിയുടെ ജീവിതത്തെ കുറിച്ച് കൂടുതല്‍ അറിയാനും അത് ജനങ്ങളിലേക്ക് എത്തിക്കാനും സാധിച്ചത്  ഈ കാലത്താണ് അതില്‍ ഞാന്‍ ഏറെ അഭിമാനിക്കുന്നു. പഠനം മുടങ്ങി പോയ വിജയരാഘവന്‍ സഖാവിന്  മലപ്പുറം സെന്റ് ജോണ്‍സിലെ കന്യാസ്ത്രീകള്‍  സഹായവുമായി എത്തുകയായിരുന്നു. പിന്നീട് അധ്യാപകരുടെയും  മറ്റും സഹായത്തോടെയാണ് പഠനം മുന്നോട്ടു പോയത്. നിലമ്പൂരിലെ കൂപ്പില്‍ കുട്ടിക്കാലത്ത് തന്നെ ജോലി ചെയ്യേണ്ടി വന്നിരുന്നു അദ്ദേഹത്തിന്. കഠിന യാതനകള്‍ക്കിടയിലും പഠന മികവുകള്‍ കാണിച്ച ആ വിദ്യാര്‍ഥിക്ക് കന്യാസ്ത്രീകളുടെ കാരുണ്യം കൊണ്ട് പഠനം പൂര്‍ത്തീകരിക്കാന്‍ സാധിച്ചതും പിന്നീട്  മലപ്പുറത്തെ പാര്‍ട്ടി അദ്ദേഹത്തെ പഠിപ്പിക്കാന്‍ സ്വയം ചുമതലയേറ്റതും മലപ്പുറത്ത് നിന്നും കോഴിക്കോട്ടു നിന്നുമുള്ള രാത്രിയാത്രയില്‍ കെഎസ്ആര്‍ടിസിയിലെ അരണ്ടവെളിച്ചത്തില്‍ അദ്ദേഹം പുസ്തകം വായിച്ചിരുന്നതും എന്റെ ഓര്‍മ്മകളില്‍ നിറയുകയാണ്.
ബിരുദത്തില്‍ റാങ്ക് വാങ്ങി മിടുക്കനായ ആ വിദ്യാര്‍ഥി നേതാവ് എല്‍ എല്‍  ബിക്ക് ചേര്‍ന്നപ്പോള്‍ പഠന സാഹചര്യം ഒരുക്കുന്നതില്‍ ഏറെ ബുദ്ധിമുട്ട് നേരിട്ടിരുന്നു.  അദ്ദേഹത്തിന്റെ വീട്ടില്‍ അന്ന് വൈദ്യുതി എത്തിയിരുന്നില്ല. കെഎസ്ആര്‍ടിസി യാത്രകളില്‍ അരണ്ടവെളിച്ചത്തില്‍ പുസ്തകം  വായിച്ചിരുന്നും അദ്ദേഹം പഠനം മുന്നോട്ടു നീക്കി. എന്നും അദ്ദേഹത്തിന്  താങ്ങും തണലുമായത് മലപ്പുറത്തെ പാര്‍ട്ടിയായിരുന്നു.  എല്ലാ തരത്തിലും പാര്‍ട്ടിയെ കീഴ്‌പ്പെട്ടായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് സ്വാധീനിക്കാന്‍ കഴിയാത്ത വിധത്തില്‍ പാര്‍ട്ടിയായിരുന്നു സഖാവ് വിജയരാഘവന്‍ , ഓരോ പാര്‍ട്ടിക്കാര്‍ക്കും ഒരു മാതൃകയാണ് അദ്ദേഹം. വ്യക്തി  താല്‍പര്യങ്ങള്‍ക്ക് അപ്പുറം ഒരു പാര്‍ട്ടിക്കാരനായി എങ്ങനെ ജീവിച്ചു പോകാം എന്നതിന് ഉത്തമ ഉദാഹരണമാണ് സഖാവ്. അദ്ദേഹത്തിന്റെ വളര്‍ച്ച സ്വാഭാവികം, പ്രസ്ഥാനം ആഗ്രഹിക്കുന്ന അദ്ദേഹം അര്‍ഹിക്കുന്ന പദവിയാണ് അദ്ദേഹത്തെ തേടിയെത്തിയത് അതില്‍ അഭിമാനിക്കുന്നു

ഈ വാര്‍ത്ത കൂടി വായിക്കൂ

ശിവശങ്കറിന് കൂടുതല്‍ ചുമതലകള്‍; കെ ആര്‍ ജ്യോതിലാല്‍ വീണ്ടും പൊതുഭരണവകുപ്പില്‍;  ഐഎഎസ് തലപ്പത്ത് അഴിച്ചുപണി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ