മത്സ്യബന്ധന വല തീയിട്ട് നശിപ്പിച്ചു; പത്ത് ലക്ഷത്തിന്റെ നഷ്ടം
By സമകാലിക മലയാളം ഡെസ്‌ക് | Published: 14th April 2022 08:13 PM |
Last Updated: 14th April 2022 08:13 PM | A+A A- |

പ്രതീകാത്മക ചിത്രം
ആലപ്പുഴ: മത്സ്യബന്ധന വല തീവച്ചു നശിപ്പിക്കാന്‍ ശ്രമം. ആലപ്പുഴയിലാണ് സംഭവം. വലിയഴീക്കല്‍ തൃക്കുന്നപ്പുഴ തീരദേശ റോഡിന്റെ അരികില്‍ സൂക്ഷിച്ചിരുന്ന ശ്രീബുദ്ധന്‍ വള്ളത്തിന്റെ വലയാണ് കത്തി നശിച്ചത്. 10 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നത്.
തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നരയോടെ തൃക്കുന്നപ്പുഴ പതിയാങ്കര 71ാം നമ്പര്‍ ധീവരസഭ കരയോഗത്തിന്റെ എതിര്‍വശത്തായിരുന്നു സംഭവം.
വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോയി ബൈക്കില്‍ മടങ്ങിയ നല്ലാണിക്കല്‍ സ്വദേശികളായ യുവാക്കളാണ് വലയ്ക്ക് തീപിടിക്കുന്നത് ആദ്യം കണ്ടത്. ഉടന്‍ തന്നെ തൊട്ടടുത്തുള്ള വീട്ടുകാരെ വിവരം അറിയിച്ചു. നാട്ടുകാര്‍ ചേര്‍ന്ന് തീയണക്കാനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.
കായംകുളത്തു നിന്ന് അഗ്‌നി രക്ഷാസേന എത്തിയാണ് തീയണച്ചത്. വലയില്‍ പെട്രോള്‍ ഒഴിച്ച് കത്തിക്കാന്‍ ശ്രമിച്ചതായാണ് സംശയം.
പതിയാങ്കര തറയില്‍ ശശിധരന്‍, കരിമ്പില്‍ താമരാക്ഷന്‍ എന്നിവരുടെ നേതൃത്വത്തില്‍ 10 പേരടങ്ങുന്ന മത്സ്യതൊഴിലാളികള്‍ ചേര്‍ന്നു രൂപീകരിച്ചതാണ് വള്ളം.
തൃക്കുന്നപ്പുഴ സി ഐ എംഎം മഞ്ജുദാസിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. മത്സ്യബന്ധന ഉപകരണങ്ങള്‍ മോഷണം പോകുന്ന സംഭവങ്ങള്‍ പലപ്പോഴും ഉണ്ടായിട്ടുണ്ടെങ്കിലും ഇത്തരത്തില്‍ തീവെച്ച് നശിപ്പിക്കുന്ന സംഭവം ആദ്യമാണെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.
ഈ വാർത്ത വായിക്കാം
വാഗമണ്‍ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ