'പുറത്ത് സാധാരണക്കാരന്‍ മാത്രം; ജനങ്ങളിറങ്ങിയാല്‍ കേരളത്തില്‍ ജീവിക്കാന്‍ കഴിയില്ല': ബി അശോകിന് മുന്നറിയിപ്പുമായി സിഐടിയു

ബി അശോക് ഉത്തരേന്ത്യയില്‍ ഏതെങ്കിലും ഗോശാലയില്‍ ചെയര്‍മാനായി ഇരിക്കേണ്ട ആളാണ്
വി കെ മധു, ബി അശോക്/ഫയൽ
വി കെ മധു, ബി അശോക്/ഫയൽ

തിരുവനന്തപുരം: കെഎസ്ഇബിയിലെ സിപിഎം ഓഫീസര്‍മാരുടെ സമരം തുടരുന്നതിനിടെ, ബോര്‍ഡ് ചെയര്‍മാനെതിരെ മുന്നറിയിപ്പുമായി സിഐടിയു. ചെയര്‍മാന്‍ ബി അശോക് ഇലക്ട്രിസിറ്റി ബോര്‍ഡ് സ്ഥാപനത്തിന് അകത്ത് ഒരു പക്ഷെ അദ്ദേഹം സുരക്ഷിതനായിരിക്കും. അദ്ദേഹം തെരുവിലേക്ക് ഇറങ്ങിയാല്‍, ഈ നാട്ടിലെ സാധാരണക്കില്‍ ഒരാള്‍ മാത്രമാണെന്ന് മനസ്സിലാക്കണെന്ന് സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം വി കെ മധു പറഞ്ഞു. 

ഈ നാട്ടിലെ ജനകീയ പ്രസ്ഥാനങ്ങളും നാട്ടിലെ ജനങ്ങളാകെത്തന്നെ അദ്ദേഹത്തിന്റെ നിലപാടുകള്‍ തിരുത്താന്‍ രംഗത്തിറങ്ങിയാല്‍, അശോകിന് പിന്നെ കേരളത്തില്‍ ജീവിക്കാന്‍ കഴിയില്ല. നമ്മളെല്ലാം ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവരാണ്. അതുകൊണ്ടാണ് ജനാധിപത്യപരമായ സമരമാര്‍ഗങ്ങള്‍ സ്വീകരിക്കുന്നത്. ആ സമരത്തെയും, സമരത്തില്‍ പങ്കെടുക്കുന്ന വനിതകളേയും ട്രേഡ് യൂണിയന്‍ നേതാക്കളെയും പരിഹസിച്ചാല്‍ അതിന് ചുട്ട മറുപടി പറയാന്‍ അറിയാം. 

അത് ഇനി ഏത് സെക്യൂരിറ്റി ഫോഴ്‌സിന്റെ വലയത്തിനകത്ത് അശോകനിരുന്നാലും, അതെല്ലാം ഭേദിച്ച് അതിനകത്തു കയറി മുഖത്തു നോക്കി മറുപടി പറയാന്‍ അറിയാം. അല്ലെങ്കില്‍ വീട്ടില്‍ ചെന്ന് മറുപടി പറയാനും ഈ നാട്ടിലെ തൊഴിലാളി പ്രസ്ഥാനത്തിന് നല്ല കരുത്തുണ്ടെന്ന് അശോക് മനസ്സിലാക്കണം. ബി അശോക് ഉത്തരേന്ത്യയില്‍ ഏതെങ്കിലും ഗോശാലയില്‍ ചെയര്‍മാനായി ഇരിക്കേണ്ട ആളാണ്. നല്ല കാളകള്‍ക്ക് നല്ല ഡിമാന്‍ഡ് ആണെന്നും വി കെ മധു പരിഹസിച്ചു. 

അതേസമയം സമരം കടുപ്പിക്കാനാണ് കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്റെ തീരുമാനം. പ്രതികാര നടപടികള്‍ അവസാനിപ്പിക്കാതെ സമരത്തില്‍ നിന്നും പിന്നോട്ടില്ല. ചെയര്‍മാനെതിരായ സമരത്തില്‍ വിട്ടുവീഴ്ചയില്ല. തിങ്കളാഴ്ച മന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തുന്നതിനെപ്പറ്റി ഔദ്യോഗികമായി അറിയിച്ചിട്ടില്ല. 18 ലെ ചര്‍ച്ച പരാജയപ്പെട്ടാല്‍ വൈദ്യുതി ഭവന്‍ ഉപരോധിച്ച് ഒരു ഈച്ചയെപ്പോലും അകത്തു കടത്തിവിടാത്ത തരത്തില്‍ ശക്തമായ സമരം സംഘടിപ്പിക്കുമെന്നും ഓഫീസേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു. ഇടതുസര്‍ക്കാരിന് ഒരു കയ്യബദ്ധം പറ്റിയിട്ടുണ്ടെങ്കില്‍ അത് തിരുത്താനും അധികം സമയം വേണ്ടെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com