ഇപി ജയരാജൻ പുതിയ എൽഡിഎഫ് കൺവീനർ?, എകെ ബാലനും പരി​ഗണനയിൽ; സിപിഎം നേതൃയോഗങ്ങള്‍ തിങ്കളാഴ്ച

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th April 2022 08:09 AM  |  

Last Updated: 16th April 2022 08:12 AM  |   A+A-   |  

jayarajan_ep

ഇ പി ജയരാജന്‍, എകെ ബാലന്‍ എന്നിവര്‍

 

തിരുവനന്തപുരം: സിപിഎം സംസ്ഥാന നേതൃയോഗങ്ങള്‍ അടുത്തയാഴ്ച ചേരും. തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി സംസ്ഥാന സെക്രട്ടേറിയറ്റ്, സംസ്ഥാന സമിതി യോഗങ്ങള്‍ ചേരാനാണ് തീരുമാനിച്ചിട്ടുള്ളത്. കെ-റെയില്‍ തുടര്‍നടപടികള്‍, തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് തുടങ്ങിയവ ചര്‍ച്ചയാകും. 

ഇടതുമുന്നണി കണ്‍വീനര്‍, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനങ്ങളിലേക്ക് പുതിയ നേതാക്കള്‍ എത്തിയേക്കും. എ വിജയരാഘവന്‍ പൊളിറ്റ് ബ്യൂറോയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തില്‍ ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനം ഒഴിയും. വിജയരാഘവന്‍ ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കേണ്ടതിനാലാണ് സ്ഥാനം ഒഴിയുക. 

പകരം ഇ പി ജയരാജന്‍, എ കെ ബാലന്‍ എന്നിവരുടെ പേരുകളാണ് ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനത്തേക്ക് ഉയര്‍ന്നു കേള്‍ക്കുന്നത്. മുതിര്‍ന്ന സിപിഎം കേന്ദ്രക്കമ്മിറ്റി അംഗങ്ങളാണ് ഇരുവരും. ദലിത് പ്രാതിനിധ്യമെന്ന നിലയില്‍ ബാലന്റെ പേര് സിപിഎം പിബിയിലേക്കും ഉയര്‍ന്നു കേട്ടിരുന്നു. എന്നാല്‍ ബംഗാളില്‍ നിന്നുള്ള ഡോ. രാമചന്ദ്ര ഡോം ആണ് പിബിയിലെത്തിയത്. 

നിലവില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായ പുത്തലത്ത് ദിനേശനെ സിപിഎം പ്രസിദ്ധീകരണങ്ങളുടെ ചുമതലയിലേക്ക് മാറ്റിയേക്കും. ദേശാഭിമാനി പത്രാധിപരായേക്കും. നിലവില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണനാണ് ദേശാഭിമാനി പത്രിധിപരുടെ ചുമതലയും നിര്‍വഹിക്കുന്നത്. 

പുത്തലത്ത് ദിനേശന് പകരം കഴിഞ്ഞ സംസ്ഥാന സമ്മേളനത്തില്‍ സിപിഎം സംസ്ഥാന സമിതിയിലെത്തിയ പി ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായേക്കും. പിണറായി വിജയന്റെ വിശ്വസ്തനാണ് എന്നതും ശശിയുടെ സാധ്യത വര്‍ധിപ്പിക്കുന്നു. മുമ്പ് ഇ കെ നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി ശശി പ്രവര്‍ത്തിച്ചിട്ടുണ്ട്.  ഇഎംഎസ് അക്കാദമി, എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ, മറ്റ് വര്‍ഗ ബഹുജന സംഘടനകളുടെ പുതിയ ചുമതലക്കാരെയും ഉടന്‍ നിശ്ചയിക്കും.

ഈ വാർത്ത വായിക്കാം

നിർത്തിയിട്ട കാറിന്റെ ഡോർ പെട്ടെന്ന് തുറന്നു; ബൈക്ക് മറിഞ്ഞ് ആറു വയസ്സുകാരി മരിച്ചു

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ