മുഖ്യമന്ത്രിയുടെ അമേരിക്കയിലെ ചികിത്സാചെലവ് 29.82 ലക്ഷം രൂപ; തുക അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പൊതുഭരണവകുപ്പ് റദ്ദാക്കി
By സമകാലിക മലയാളം ഡെസ്‌ക് | Published: 17th April 2022 04:51 PM |
Last Updated: 17th April 2022 04:51 PM | A+A A- |

ഫയല്‍ ചിത്രം
തിരുവനന്തപുരം: അമേരിക്കയിലെ മയോ ക്ലിനിക്കില്‍ ചികിത്സ നടത്തിയതിന് മുഖ്യമന്ത്രി പിണറായി വിജയന് 29.82 ലക്ഷം രൂപ അനുവദിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി. പൊതുഭരണ വകുപ്പാണ് ഉത്തരവ് റദ്ദാക്കിയത്. പിശകുണ്ടെന്ന് കണ്ടാണ് ഉത്തരവ് റദ്ദു ചെയ്തതെന്നാണ് വിവരം.
ഏപ്രില്‍ 13 നാണ് മുഖ്യമന്ത്രിക്ക് പണം അനുവദിച്ചുകൊണ്ട് ഉത്തരവിറക്കിയത്. ചികിത്സയ്ക്കു ചെലവായ 29.82 ലക്ഷം രൂപ അനുവദിച്ചു തരാന്‍ മാര്‍ച്ച് 30ന് മുഖ്യമന്ത്രി പൊതുഭരണ വകുപ്പിന് അപേക്ഷ നല്‍കിയിരുന്നു. ഇതനുസരിച്ചാണ് തുക അനുവദിക്കുന്നതെന്ന് ഏപ്രില്‍ 13ലെ ഉത്തരവില്‍ പറയുന്നു.
മുഖ്യമന്ത്രി നേരിട്ട് അപേക്ഷ സമര്‍പ്പിച്ചുവെന്നും, ക്രമപ്രകാരമല്ലാതെ തുക മാറി നല്‍കിയതായി കാണുന്നപക്ഷം അപേക്ഷകന്‍ പ്രസ്തുത തുക തിരിച്ച് അടയ്ക്കാന്‍ ബാധ്യസ്ഥനാണെന്നും ഉത്തരവില്‍ പറയുന്നു. മുഖ്യമന്ത്രിയോട് സ്വന്തം വകുപ്പ് ഇത്തരത്തില്‍ നിര്‍ദ്ദേശിക്കുന്നതും ഉചിതമല്ലെന്ന് കണ്ടാണ് 13ന് ഇറങ്ങിയ ഉത്തരവ് റദ്ദാക്കിയത്.
ജനുവരി 11 മുതല്‍ 26 വരെയാണ് മുഖ്യമന്ത്രി അമേരിക്കയിലെ മയോ ക്ലിനിക്കില്‍ ചികിത്സയ്ക്കായി പോയത്. 29,82,039 രൂപയാണ് മുഖ്യമന്ത്രിയുടെ അമേരിക്കന്‍ യാത്രയ്ക്കായി ചെലവായത്. പിഴവ് തിരുത്തി പുതിയ ഉത്തരവിറക്കുന്നതിന് മുഖ്യമന്ത്രിക്ക് പകരം, പ്രൈവറ്റ് സെക്രട്ടറി പുതിയ അപേക്ഷ സമര്‍പ്പിക്കും.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ