സമയം നല്‍കിയിട്ടും ചോദ്യം ചെയ്തില്ല; കാവ്യയെ കേസില്‍ കുരുക്കാന്‍ നീക്കം; പള്‍സര്‍ സുനിയുടെ കത്ത് വ്യാജം; ക്രൈംബ്രാഞ്ചിന് ഇനി സമയം നല്‍കരുതെന്ന് ദിലീപ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 18th April 2022 10:58 PM |
Last Updated: 18th April 2022 11:02 PM | A+A A- |

ഫോട്ടോ: ഫെയ്‌സ്ബുക്ക്
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഇനി ക്രൈംബ്രാഞ്ചിന് സമയം നീട്ടിനല്‍കരുതെന്ന് ദിലീപ്. കാവ്യ മാധവന്‍ സമയം നല്‍കിയിട്ടും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാതിരുന്നത് അന്വേഷണം നീട്ടാന്‍ വേണ്ടിയാണ്. സുരാജിന്റെ ഫോണ്‍ സംഭാഷണം ദുര്‍വ്യാഖ്യാനം ചെയ്തത് കാവ്യയെ കേസില്‍ കുരുക്കാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. പള്‍സര്‍ സുനിയുടെ കത്തും ഫോണ്‍സംഭാഷണവും വ്യാജമാണെന്നും ദിലീപ് പറയുന്നു.
നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിനുള്ള സമയപരിധി കഴിഞ്ഞ പതിനാലിന് അവസാനിച്ചിരുന്നു. ഇത് മൂന്ന് മാസം നീട്ടിനല്‍കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജി നാളെ ഹൈക്കോടതി പരിഗണിക്കും. ഇതിനിടയിലാണ് ക്രൈംബ്രാഞ്ചിന് സമയം നീട്ടിനല്‍കരുതെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍ എതിര്‍സത്യവാങ്മൂലം നല്‍കിയത്.
തുടരന്വേഷണത്തിന്റെ ഭാഗമായി കള്ളത്തെളിവുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കഴിഞ്ഞ മൂന്നരമാസമായി വിചാരണ നടപടികള്‍ തടസപ്പെട്ടിരിക്കുകയാണ്. കാവ്യമാധവന്‍ ചോദ്യം ചെയ്യലിന് സമയം അനുവദിച്ചിരുന്നു. എന്നാല്‍ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാന്‍ തയ്യാറായില്ല. മനപൂര്‍വം തുടരന്വേഷണം നീട്ടിക്കൊണ്ടുപോകുന്നതിന്റെ ഭാഗമായാണ് കാവ്യമാധവനെ ചോദ്യം ചെയ്യാതിരുന്നത്. നാളെ ദീലീപിന്റെ സഹോദരനെയും സഹോദരി ഭര്‍ത്താവിനെയും ചോദ്യം ചെയ്യാനിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഈ കേസില്‍ സമയം നീട്ടിനല്‍കേണ്ടതില്ലെന്നാണ് ദിലീപ് എതിര്‍സത്യവാങ്മൂലത്തില്‍ പറയുന്നത്.
ദിലീപിന് നാളെ നിര്‍ണായകം
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിന്റെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി ചൊവ്വാഴ്ച വിധി പറയും. 1.45ന് ജസ്റ്റിസ് സിയാദ് റഹ്മാനാണ് വിധി പറയുക. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നേരത്തെ കേസില്‍ വാദം പൂര്‍ത്തിയാക്കിയിരുന്നു. കേസ് റദ്ദാക്കണമെന്നും അല്ലെങ്കില്‍ സിബിഐയ്ക്ക് വിടണമെന്നുമാണ് ദിലീപിന്റെ ആവശ്യം.
അതേസമയം, കേസിലെ ഏഴാം പ്രതിയും സൈബര്‍ വിദഗ്ധനുമായ സായ് ശങ്കര്‍ തിങ്കളാഴ്ച ഉച്ചയോടെ ചോദ്യംചെയ്യലിന് അന്വേഷണ സംഘത്തിനു മുന്‍പാകെ ഹാജരായി. പ്രതികളുടെ മൊബൈല്‍ ഫോണ്‍ സന്ദേശങ്ങള്‍ ദിലീപിന്റെയും അഭിഭാഷകരുടെയും നിര്‍ദേശപ്രകാരം ഡലീറ്റ് ചെയ്തതായി ഇയാള്‍ സമ്മതിച്ചിരുന്നു. അന്വേഷണ സംഘത്തിനു നല്‍കിയ മൊഴി കോടതിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് അടക്കമുള്ളവര്‍ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് പൊലീസ് ദിലീപിനെതിരേ പുതിയ കേസും രജിസ്റ്റര്‍ ചെയ്തത്.
ഈ വാര്‍ത്ത വായിക്കാം
കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം വിതരണം ചെയ്തു; അനിശ്ചിതകാല സമരം അവസാനിപ്പിച്ച് ടിഡിഎഫ്
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ