കേന്ദ്രം പറയുന്നത് തെറ്റ്; പ്രചാരണത്തിന് പിന്നിലെ ലക്ഷ്യം സംശയകരമെന്ന് മന്ത്രി വീണാ ജോര്‍ജ്

ഏറ്റവും സുതാര്യമായ രീതിയിലാണ് കേരള സര്‍ക്കാര്‍ കോവിഡ് വിഷയം കൈകാര്യം ചെയ്യുന്നത്
മന്ത്രി വീണാ ജോർജ് മാധ്യമങ്ങളോട് സംസാരിക്കുന്നു/ ടിവി ദൃശ്യം
മന്ത്രി വീണാ ജോർജ് മാധ്യമങ്ങളോട് സംസാരിക്കുന്നു/ ടിവി ദൃശ്യം

തിരുവനന്തപുരം: കോവിഡ് കണക്കുകള്‍ കേരളം നല്‍കുന്നില്ലെന്ന കേന്ദ്രസര്‍ക്കാര്‍ വിമര്‍ശനം വസ്തുതാവിരുദ്ധമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നാഷണല്‍ സര്‍വൈലന്‍സ് യൂണിറ്റിന് കൃത്യമായ കണക്കുകള്‍ നല്‍കുന്നുണ്ട്. എല്ലാ ദിവസവും മെയില്‍ അയക്കുന്നുണ്ട്. ഏറ്റവും സുതാര്യമായ രീതിയിലാണ് കേരള സര്‍ക്കാര്‍ വിഷയം കൈകാര്യം ചെയ്യുന്നത്. സുപ്രീംകോടതിയും ഇക്കാര്യത്തില്‍ കേരളസര്‍ക്കാരിനെ അഭിനന്ദിച്ചിട്ടുണ്ടെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

കോവിഡ് കണക്കുകള്‍ കേരളം നല്‍കുന്നില്ല എന്നത് തെറ്റായ പ്രചാരണമാണ്. കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുള്ള ഫോര്‍മാറ്റ് അനുസരിച്ചാണ് കേരളം കണക്കുകള്‍ അയക്കുന്നത്. മൂന്ന് ഏജന്‍സികള്‍ക്കാണ് കേരളം വിവരം അയക്കുന്നതെന്നും, മെയിലുകളുടെ കോപ്പികള്‍ സഹിതം മന്ത്രി പറഞ്ഞു. കേന്ദ്ര ജോയിന്റ് സെക്രട്ടറി സംസ്ഥാന പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ഒരു കത്ത് അയക്കുകയും, ഇത് കേരളത്തിന് കിട്ടുന്നതിന് മുമ്പ് തന്നെ മാധ്യമങ്ങള്‍ക്ക് ലഭിക്കുകയും ചെയ്തുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. 

18 നാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കത്ത് കിട്ടുന്നത്. അന്നുതന്നെ മാധ്യമങ്ങളില്‍ ഈ വാര്‍ത്ത വന്നു. മാധ്യമവാര്‍ത്തയിലൂടെയാണ് സര്‍ക്കാര്‍ ഈ വിവരം അറിയുന്നത്. ഇത് അംഗീകരിക്കാവുന്ന കാര്യമല്ല. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി പ്രിന്‍സിപ്പല്‍ സെക്രട്ടറി കേന്ദ്രത്തിന് കത്തയക്കുന്നുണ്ട്.  ആരോഗ്യവകുപ്പ് ദിവസവും കണക്കുകള്‍ അയച്ചുകൊണ്ടിരിക്കെ, കേരളം കണക്കുകള്‍ നോക്കുന്നില്ല, അവലോകനം ചെയ്യുന്നില്ല എന്നിങ്ങനെ തെറ്റായ വാര്‍ത്തകള്‍ കേന്ദ്രസര്‍ക്കാര്‍ ദേശീയ തലത്തില്‍ പ്രചരിപ്പിക്കുന്നത് എന്തിന് വേണ്ടിയാണെന്ന് ആരോഗ്യമന്ത്രി ചോദിച്ചു. 

അതിന് പിന്നിലെ ലക്ഷ്യമെന്താണ്? ആ ലക്ഷ്യം സംശയത്തോടെ മാത്രമേ കാണാനാകൂ. അതിന് പിന്നില്‍ നല്ല ഉദ്ദേശ്യമുണ്ടെന്ന് കരുതാനാകില്ല. എല്ലാ കണക്കുകളും കൃത്യമായി കൊടുക്കുമ്പോഴും ഇങ്ങനെ ചെയ്യുന്നില്ല എന്ന് പൊതു മധ്യത്തില്‍ പ്രചരിപ്പിക്കുന്നത് മറ്റെന്തില്‍ നിന്നൊക്കെയോ ശ്രദ്ധ തിരിക്കാന്‍ വേണ്ടിയുള്ള തന്ത്രമായി മാത്രമേ കാണാനാകൂ. ഇത് നിര്‍ഭാഗ്യകരമാണ്. കേരളത്തിന്റെ ഭാഗത്തു നിന്നും പിഴവുണ്ടെങ്കില്‍ കേരളസര്‍ക്കാരും ആരോഗ്യവകുപ്പും അത് തിരുത്താന്‍ തയ്യാറാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. 


ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com