പൊലീസ് ജീപ്പ് കുറുകെയിട്ട് വാഹനം തടഞ്ഞു; അതിസാഹസികമായി പ്രതികളെ പിടികൂടി പൊലീസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th April 2022 06:19 PM  |  

Last Updated: 19th April 2022 06:19 PM  |   A+A-   |  

THRISSUR

പൊലീസ് വാഹനം കുറുകെയിട്ട് പ്രതികളെ പൊലീസ് പിടികൂടുന്നു /ടെലിവിഷന്‍ ചിത്രം

 

തൃശൂര്‍: വെങ്ങിണിശേരിയില്‍ അപകടത്തില്‍പ്പെട്ടതിനെത്തുടര്‍ന്ന് ഉപേക്ഷിക്കപ്പെട്ട കാറില്‍ വടിവാള്‍ കണ്ടെടുത്തതില്‍ അഞ്ച് പേര്‍ പിടിയില്‍. വാഹനം കുറുകെയിട്ടാണ് പ്രതികളെ പൊലീസ് സാഹസികമായി പിടികൂടിയത്. കോട്ടയത്തുനിന്നുള്ള ക്രിമിനല്‍ സംഘമാണ് പിടിയിലായത്. 

അപകടസ്ഥലത്തുനിന്നു കാര്‍ യാത്രക്കാരെ രക്ഷിച്ചു കൊണ്ടുപോയ വാഹനം സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ ചൊവ്വൂര്‍ ഭാഗത്തു പൊലീസ് കണ്ടെത്തി. വാഹനം പൊലീസിനെ കണ്ട് പെരുമ്പിള്ളിശേരി റൂട്ടില്‍ പാഞ്ഞു; പൊലീസ് പിന്നാലെയും.

സ്‌റ്റേഷനില്‍ വിവരമറിയിച്ചതനുസരിച്ച് മറ്റൊരു പൊലീസ് ജീപ്പ് എതിര്‍ദിശയില്‍ പാഞ്ഞു. റോഡ് പകുതി പൊളിച്ച് വണ്‍വേ ആക്കിയിരിക്കുന്നതിനാല്‍ സംഘത്തിന് ഈ പൊലീസ് വാഹനത്തെ മറികടന്നുപോകാന്‍ കഴിഞ്ഞില്ല. എന്നാല്‍ കാര്‍ പൊലീസ് ജീപ്പില്‍ ഇടിപ്പിച്ചു രക്ഷപെടാന്‍ ശ്രമിച്ച സംഘത്തിലെ മൂന്നു പേര്‍ക്കു പരുക്കേറ്റു. ഇവരെ പിടികൂടി ആശുപത്രിയിലാക്കി. ഓടി രക്ഷപെട്ട 2 പേരെയും തിരുവുള്ളക്കാവില്‍നിന്നു പൊലീസ് പിടികൂടി.

ഇവരുടെ കാറില്‍നിന്ന് കഞ്ചാവ്, വടിവാള്‍, 5 സ്വര്‍ണവള, 30,000 രൂപ ഇവ കണ്ടെടുത്തു. കോട്ടയത്തുനിന്നുള്ള ക്വട്ടേഷന്‍ സംഘമാണെന്നാണു പ്രാഥമിക വിവരം. ഇവരെ ചോദ്യം ചെയ്തു വരുന്നു.