'നല്ല ഭരണപരിചയമുള്ള ആള്‍'; ശശിയുടെ നിയമനം ഒറ്റക്കെട്ടായി എടുത്തത്: പി ജയരാജന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th April 2022 02:00 PM  |  

Last Updated: 20th April 2022 02:00 PM  |   A+A-   |  

sasi_jayarajan

പി ശശി, പി ജയരാജന്‍/ ഫയല്‍

 

കണ്ണൂര്‍: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി ശശിയെ നിയമിക്കാനുള്ള തീരുമാനം പാര്‍ട്ടി ഒറ്റക്കെട്ടായി എടുത്തതെന്ന് പി ജയരാജന്‍. താനും കൂടി പങ്കാളിയായ തീരുമാനമാണത്. പുറത്ത് പ്രചരിക്കുന്നത് മാധ്യമസൃഷ്ടിയാണ്. പാര്‍ട്ടി കമ്മിറ്റിക്കുള്ളില്‍ നടന്ന ചര്‍ച്ചകള്‍ പുറത്തു പറയാനാകില്ലെന്നും പി ജയരാജന്‍ പറഞ്ഞു. 

ശശിയെ നിയമിക്കാനുള്ള തീരുമാനം ഏകകണ്ഠമായിരുന്നു. ഭരണരംഗത്ത് മികച്ച അനുഭവ പരിചയമുള്ള ആളാണ് പി ശശി. ആ നിലയ്ക്ക് അദ്ദേഹത്തിന് ഫലപ്രദമായി ഏല്‍പ്പിച്ച ചുമതല നിര്‍വഹിക്കാനാകുമെന്നാണ് വിശ്വാസമെന്ന് പി ജയരാജന്‍ പറഞ്ഞു.

ശശി കഴിവുള്ള ആളുതന്നെയാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, നേരത്തെ പറഞ്ഞല്ലോ, നല്ല ഭരണപരിചയമുള്ള ആളാണ് എന്നായിരുന്നു പി ജയരാജന്റെ മറുപടി. ശശിയെ നിയമിച്ചത് ഏകകണ്ഠമായിട്ടാണെന്നും, പൊളിറ്റിക്കല്‍ സെക്രട്ടറിയാകാന്‍ ശശിക്ക് അയോഗ്യതയില്ലെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ അഭിപ്രായപ്പെട്ടിരുന്നു. 

പി ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയാക്കിയതിനെ പി ജയരാജന്‍ സംസ്ഥാന സമിതിയില്‍ രൂക്ഷമായി എതിര്‍ത്തതായി വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. പൊളിറ്റിക്കല്‍ സെക്രട്ടറി നിയമനത്തില്‍ കൂടുതല്‍ സൂക്ഷ്മത പുലര്‍ത്തണമായിരുന്നു. മുമ്പ് എന്ത് തെറ്റിന്റെ പേരിലാണ് ശശിക്കെതിരെ നടപടിയെടുത്തത്, ആ തെറ്റുകള്‍ വീണ്ടും ആവര്‍ത്തിക്കാന്‍ ഇടയുണ്ട്. പാര്‍ട്ടിക്ക് മുമ്പ് കളങ്കമുണ്ടാക്കിയ സംഭവങ്ങള്‍ മറക്കരുതെന്നും ജയരാജന്‍ ഓര്‍മ്മിപ്പിച്ചു.
 

ഈ വാര്‍ത്ത കൂടി വായിക്കൂ

'ശശിയുടെ നിയമനം സ്ത്രീത്വത്തോടുള്ള വെല്ലുവിളി': ജെബിമേത്തര്‍

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ