ഗുണ്ടാസംഘം എത്തിയത് ഇരട്ടക്കൊലപാതകത്തിന്; കാറില്‍ നിന്ന് വടിവാള്‍ കണ്ടെത്തിയ സംഭവം: കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
By സമകാലിക മലയാളം ഡെസ്‌ക് | Published: 20th April 2022 07:50 PM |
Last Updated: 20th April 2022 08:04 PM | A+A A- |

പൊലീസ് വാഹനം കുറുകെയിട്ട് പ്രതികളെ പൊലീസ് പിടികൂടുന്നു /വീഡിയോ സ്‌ക്രീന്‍ഷോട്ട്
തൃശൂര്‍: അപകടത്തില്‍ പെട്ട കാറില്‍ ആയുധം കണ്ടെത്തിയ സംഭവത്തില്‍ സംഘമെത്തിയത് ക്വട്ടേഷനുമായി എന്ന് പോലീസ്. തൃശൂര്‍ വെങ്ങിണിശ്ശേരി സ്വദേശി ഗീവറിനെയും സുഹൃത്തിനേയും വധിക്കാന്‍ ആണ് സംഘമെത്തിയത്. കൊലക്കേസില്‍ സാക്ഷിമൊഴി നല്‍കുന്നത് സംബന്ധിച്ച തര്‍ക്കമാണ് സംഭവങ്ങളുടെ തുടക്കം.
സംഭവത്തില്‍ ഒമ്പത് പേരെ ചേര്‍പ്പ് പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം സ്വദേശികളായ ലിപിന്‍, ബിബിന്‍, അച്ചു സന്തോഷ്, നിക്കോളാസ്, അലക്‌സ്, നിഖില്‍ ദാസ്, തൃശൂര്‍ ചേര്‍പ്പ് സ്വദേശികളായ ജിനു ജോസ്, മിജോ ജോസ്, സജല്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചെവ്വൂര്‍ സ്വദേശികളും സഹോദരങ്ങളുമായ മിജോയും ജിനുവും നേരത്തെ ഒരു കൊലപാതകത്തിന് സാക്ഷികളായിരുന്നു. ഈ കേസില്‍ സാക്ഷിമൊഴി നല്‍കരുതെന്ന് ആവശ്യപ്പെട്ട് വെങ്ങിണിശ്ശേരി സ്വദേശി ഗീവറും സുഹൃത്തും ഇരുവരെയും ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് പ്രതികാരമായി ഗീവറിനെ വധിക്കാന്‍ കോട്ടയത്തെ സംഘത്തെ വിളിച്ചുവരുത്തി ഇരുവരും ക്വട്ടേഷന്‍ നല്‍കുകയായിരുന്നു. നേരത്തെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികള്‍ ആയിരുന്നു മിജുവും ജിനുവും, ജയിലില്‍ കഴിയവേ ആണ് കോട്ടയത്തെ ആറംഗ സംഘത്തിന്റെ നേതാവ് അച്ചുവിനെ പരിചയപ്പെട്ടത്. മിജുവും ജിനുവും അച്ചുവിന്റെ സംഘത്തിന് ക്വട്ടേഷന്‍ ഏല്‍പ്പിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ തൃശ്ശൂരില്‍ എത്തിയത്.
തൃശൂരില്‍ എത്തിയ അന്നുതന്നെ ഇവര്‍ സഞ്ചരിച്ച വാഹനം വെങ്ങിണിശ്ശേരിയില്‍ ലോറിയുമായി കൂട്ടിയിടിച്ചു. പ്രതികള്‍ വാഹനം ഉപേക്ഷിച്ചു പോയെങ്കിലും നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നു പൊലീസ് എത്തി കാറില്‍ നിന്നും വടിവാള്‍ കണ്ടെടുത്തു. മറ്റൊരു കാറില്‍ രക്ഷപെട്ട പ്രതികള്‍ക്കായി പൊലീസ് വ്യാപക തെരച്ചില്‍ ആരംഭിച്ചു. ചെവൂരില്‍ കാറിനെ പിന്തുടര്‍ന്ന പൊലീസ് അതി സാഹസികമായാണ് പ്രതികളെ പിടികൂടിയത്. അതിവേഗത്തില്‍ പാഞ്ഞ കാര്‍ ഇടിച്ചു നിര്‍ത്തി അഞ്ച് പേരെ ഇന്നലെ തന്നെ പൊലീസ് പിടികൂടിയിരുന്നു. കസ്റ്റഡിയിലായവരെ ചോദ്യം ചെയ്തപ്പോഴാണ് മറ്റു പ്രതികളെക്കുറിച്ച് വിവരം ലഭിക്കുന്നതും പിടികൂടുന്നതും. പ്രതികള്‍ക്ക് കഞ്ചാവ് മാഫിയ സംഘങ്ങളുമായി ബന്ധമുണ്ടെന്നും പൊലീസ് പറഞ്ഞു. പുകവലിക്കുന്നതിന് ഉപയോഗിക്കുന്ന ഹുക്ക പോലുള്ള ഉപകരണവും മറ്റും പിടികൂടിയ കാറില്‍ നിന്ന് പൊലീസ് കണ്ടെടുത്തു.