വഖഫ് നിയമനം: പിഎസ്‌സിക്കു വിടാനാകില്ല; മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ മുസ്ലിം സംഘടനകള്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th April 2022 09:59 PM  |  

Last Updated: 20th April 2022 09:59 PM  |   A+A-   |  

waqf-board-meeting

മുസ്ലിം സംഘടന നേതാക്കള്‍ പിണറായി വിജയനുമായി ചര്‍ച്ചയില്‍


തിരുവനന്തപുരം: വഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍ പിഎസ്‌സിക്കു വിടുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുസ്‌ലിം സംഘടനകള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തി. പഴയ സംവിധാനം പുനഃസ്ഥാപിക്കണമെന്നും നിയമനം പിഎസ്‌സിക്കു വിടാനായി നിയമസഭയില്‍ കൊണ്ടുവന്ന നിയമം റദ്ദു ചെയ്യണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു. നിയമനം പിഎസ്‌സിക്കു വിടുന്നതിനെ എപി വിഭാഗം സ്വാഗതം ചെയ്തു. സുതാര്യമായ നിയമനം വേണമെന്ന് അവര്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ച പ്രതീക്ഷ നല്‍കുന്നതാണെന്ന് സംഘടനാ നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. വഖഫ് ബോര്‍ഡില്‍ കുറ്റമറ്റ രീതിയില്‍ നിയമനം നടത്താന്‍ മത സംഘടനാ പ്രതിനിധികളെയും വഖഫ് ബോര്‍ഡ് പ്രതിനിധികളെയും കൂട്ടിച്ചേര്‍ത്തു കൊണ്ട് സമിതി രൂപീകരിക്കണമെന്ന് മുഖ്യമന്ത്രിയോട് സമസ്ത നേതൃത്വം ആവശ്യപ്പെട്ടു. അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. സര്‍ക്കാരിന് ഈ വിഷയത്തില്‍ തുറന്ന മനസ്സാണ് ഉള്ളതെന്നും പിടിവാശിയില്ലെന്നും മുഖ്യമന്ത്രി അറിയിച്ചതായി സമസ്ത നേതാക്കള്‍ വ്യക്തമാക്കി.

യോഗത്തില്‍ സംസാരിച്ച 11 പ്രതിനിധികളില്‍ ആരും നിയമനം പിഎസ്‌സിക്കു വിടണം എന്നു പറഞ്ഞില്ലെന്നു സമസ്താ നേതാക്കള്‍ പറഞ്ഞു. സുതാര്യമായ നിയമനം നടത്തണമെന്നാണ് ആവശ്യപ്പെട്ടത്. നിയമനത്തിനു റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ആവശ്യമുണ്ടെന്നു തോന്നുന്നില്ലെന്നും സമിതിയാണ് ഉചിതമെന്നും സമസ്താ നേതാക്കള്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ പള്ളികളിലെ ഉച്ചഭാഷിണി നിരോധനം; ആദ്യം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ നടപ്പാക്കട്ടെ;  ശിവസേന 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ