ദിലീപിന് ഇന്ന് നിര്‍ണായകം, ജാമ്യം റദ്ദാക്കണമെന്ന് ക്രൈംബ്രാഞ്ച്; ഹര്‍ജി പരിഗണിക്കും
By സമകാലിക മലയാളം ഡെസ്‌ക് | Published: 21st April 2022 06:26 AM |
Last Updated: 21st April 2022 06:29 AM | A+A A- |

ദിലീപ് / ഫയല്‍
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി കൊച്ചിയിലെ പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. ദിലീപ് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചു എന്നു ചൂണ്ടിക്കാണിച്ച് ക്രൈംബ്രാഞ്ച് ആണ് ഹര്‍ജി നല്‍കിയിട്ടുള്ളത്.
സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും ദിലീപ് ശ്രമിച്ചതിന് തെളിവുകള്‍ ഉണ്ടെന്നും ഹര്‍ജിയില്‍ ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു. അഭിഭാഷകരുടെ നിര്‍ദേശത്തില്‍ ദിലീപ് പത്തിലേറെ സാക്ഷികളെ സ്വാധീനിച്ചെന്നും തെളിവുകള്‍ നശിപ്പിച്ചെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്.
തുടരന്വേഷണം ആരംഭിച്ചതിനു ശേഷം പുറത്തു വരുന്ന തെളിവുകള്‍, ഫോറന്‍സിക് പരിശോധനാ ഫലങ്ങള്‍ തുടങ്ങിയവ ദിലീപ് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചു എന്നതാണെന്നും കോടതിയെ അറിയിച്ചു. ദിലീപിന്റെ മൊബൈല്‍ ഫോണിലെ തെളിവുകള്‍ സൈബര്‍ വിദഗ്ധനെ ഉപയോഗിച്ചു നശിപ്പിച്ചതും അന്വേഷണ സംഘം ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
2017ല്‍ ഹൈക്കോടതി ദിലീപിന് ജാമ്യം അനുവദിക്കുമ്പോള്‍ മുന്നോട്ടു വച്ച ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചു എന്നാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന തെളിവുകളില്‍ വ്യക്തമാകുന്നത്. അങ്ങനെ ഉണ്ടായാല്‍ വിചാരണക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശിച്ചിരുന്നു എന്നതും അന്വേഷണ സംഘം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കേസിലെ സാക്ഷികളായ ജിന്‍സണ്‍, വിപിന്‍ലാല്‍ എന്നിവരെ സ്വാധീനിക്കാന്‍ ശ്രമിച്ചതിനു പീച്ചി പൊലീസും ബേക്കല്‍ പൊലീസും രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ചൂണ്ടികാട്ടി ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ അന്വേഷണ സംഘം നേരത്തെ ശ്രമിച്ചെങ്കിലും കോടതി അനുവദിച്ചിരുന്നില്ല. മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി ആവശ്യം നിരാകരിക്കുകയായിരുന്നു. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് 85 ദിവസം റിമാന്‍ഡില്‍ കഴിഞ്ഞിരുന്നു. ഹൈക്കോടതി ആണ് അന്ന് ഉപാധികളോടെ ജാമ്യം നല്‍കിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
ആറുവയസ്സുകാരിയെ ഒരുവര്‍ഷം തുടര്‍ച്ചയായി പീഡിപ്പിച്ചു; പ്രതിക്ക് ഇരുപത്തിയെട്ടര വര്‍ഷം കഠിന തടവ്
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ